ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ ഈഴവനായതിനാൽ ആ പ്രവർത്തികൾ ചെയ്യിക്കാതെ ഓഫീസ് തസ്തിയിലേക്ക് മാറ്റിയതിൽ എ. ഐ. വൈ. എഫ്. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ദേവസ്വം തെരഞ്ഞെടുത്ത ജീവനക്കാരനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാർ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ മറ്റൊരു തസ്തികയിലേക്ക് മാറ്റിയതെന്നും, ഈ വർത്തമാന കാലഘട്ടത്തിലും തൊഴിലിടങ്ങൾ പോലും ജാതീയ അധിക്ഷേപങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത് കേരളത്തിലെ പൊതു സമൂഹത്തിന് അപമാനമാണെന്നും അവർ കുറ്റപ്പെടുത്തി.
ജാതിയുടെ പേരിൽ മനുഷ്യർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണമെന്നും, ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ജോലിക്ക് നിയമിച്ച ജീവനക്കാരന് ആ ജോലിയിൽ തന്നെ തുടരുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും മണ്ഡലം പ്രസിഡന്റ് എം. പി. വിഷ്ണുശങ്കർ, സെക്രട്ടറി ടി.വി. വിബിൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Leave a Reply