ഇരിങ്ങാലക്കുട : ജയചന്ദ്രൻ തന്റെ പാട്ടുകൾ വാക്കുകളുടെ അർത്ഥം മനസ്സിലേക്ക് ആവാഹിച്ച് ആ ഭാവത്തിൽ ലയിച്ച് ഹൃദയം കൊണ്ടാണ് പാടിയിരുന്നതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.
അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനം അർപ്പിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.
ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു.
എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
പി കെ ഭരതൻ മാസ്റ്റർ, എം പി ജാക്സൺ, കെ ശ്രീകുമാർ, ഡോ സി കെ രവി, രേണു രാമനാഥ്, സജു ചന്ദ്രൻ, ഫാ ജോയ് പീണിക്കപറമ്പിൽ, പ്രേം ലാൽ, ആനന്ദ് മധുസൂദനൻ, നൗഷാദ്, ഇന്നസെന്റ് സോണറ്റ്, അഡ്വ കെ ജി അജയകുമാർ, ഫാ ജോളി ആൻഡ്രൂസ്, കൃപേഷ് ചെമ്മണ്ട എന്നിവർ പ്രസംഗിച്ചു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നന്ദിയും പറഞ്ഞു.
Leave a Reply