ക്യാമറയും വൈദ്യുതിക്കാലുകളും കാടുകയറി : റോഡരികില്‍ മാലിന്യം തള്ളുന്നത് വർധിച്ചതായി പരാതി

ഇരിങ്ങാലക്കുട : റോഡരികില്‍ മാലിന്യം തള്ളുന്നവരെ കുടുക്കാന്‍ വച്ച ക്യാമറയും വൈദ്യുതിക്കാലുകളും കാടുകയറിയതോടെ മാലിന്യം തള്ളുന്നത് വര്‍ധിച്ചതായി പ്രദേശവാസികള്‍.

എടതിരിഞ്ഞി ചെട്ടിയാല്‍ – കാട്ടൂര്‍ തേക്കുമൂല റോഡില്‍ കോതറ കെ എല്‍ ഡി സി കനാല്‍ പാലത്തിനു സമീപമാണ് റോഡിന്‍റെ വശങ്ങളിലും വൈദ്യുതിക്കാലിലും അവിടെയുള്ള ക്യാമറയിലുമെല്ലാം കാടുകയറിയിരിക്കുന്നത്.

ഈ പ്രദേശത്ത് റോഡിന്‍റെ പടിഞ്ഞാറുഭാഗത്ത് അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഈ ക്യാമറയുടെ സമീപത്താണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയും മാലിന്യങ്ങള്‍ കൊണ്ടിടുകയും ചെയ്യുന്നത്.

കക്കൂസ് മാലിന്യവും കോഴി അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും തള്ളുന്നതു സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

വൈദ്യുതി തകരാര്‍ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ നടത്തുന്ന ലൈനിലെ ടച്ച് നീക്കല്‍ ജോലികള്‍ ലക്ഷ്യം കാണുന്നില്ലെന്നുള്ള പരാതിയും ഇതോടെ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *