കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 5ന്

ഇരിങ്ങാലക്കുട : തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചമായി കഴിഞ്ഞ 112 വർഷക്കാലമായി നിലകൊള്ളുന്ന കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം, പ്രീപ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയ വർണ്ണക്കൂടാരം, യു.പി. വിദ്യാർഥികൾക്കായി ഒരുക്കിയ ക്രിയേറ്റീവ് കോർണർ എന്നിവയുടെ ഉദ്ഘാടനം ജൂലായ് 5ന് വൈകീട്ട് 3 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.

76 ലക്ഷം രൂപ ചെലവഴിച്ച് എട്ട് ക്ലാസ് റൂമുകളും സ്റ്റേജും ഉൾപ്പെടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

പ്രീപ്രൈമറി വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾക്കായി എസ്.എസ്.കെ. അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് സ്റ്റാർസ് പ്രീപ്രൈമറി വർണ്ണക്കൂടാരം സജ്ജമാക്കിയത്.

യു.പി. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം നൈപുണി വികസനം കൂടെ ലക്ഷ്യമാക്കിയാണ് ക്രിയേറ്റീവ് കോർണർ ഒരുക്കിയിട്ടുള്ളത്.

എസ്.എസ്.കെ. അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വെള്ളാങ്ങല്ലൂർ ബി.ആർ.സി.യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

പുതിയ കെട്ടിടത്തിലേക്കാവശ്യമായ ഫർണീച്ചറുകളും എസ്.എസ്.കെ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്.

ജില്ലയിലെ തന്നെ സർക്കാർ യു.പി. സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് കൂടുതൽ പഠന സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകും.

സ്കൂളിലും വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി നടക്കുന്ന ചടങ്ങിൽ വി.ആർ. സുനിൽ കുമാർ എംഎൽഎ അധ്യക്ഷനാകും.

ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും.

സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *