കെ എ തോമസ് മാസ്റ്റർ പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും യുക്തിവാദിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന് ലഭിച്ചു.

പി എൻ ഗോപീകൃഷ്ണ‌ൻ, ഡോ സി എസ് വെങ്കിടേശ്വരൻ, പ്രൊഫ കുസുമം ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

കലാമൂല്യം, പ്രമേയ വൈവിധ്യം, സാങ്കേതിക മികവ് തുടങ്ങിയ കാര്യങ്ങളിൽ മലയാള സിനിമ ദേശീയതലത്തിലും ആഗോളതലത്തിലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഒരു തൊഴിൽഭംഗം എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം നീതിയുക്തവും ലിംഗനീതി പുലർത്തുന്നതുമാണോ? മലയാള സിനിമ മേഖലയിൽ ആ ചോദ്യം ആദ്യമായി ഇത്രയും ശക്തമായി ഉയർത്തിയത് വിമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സ്ത്രീ സംഘടനയാണെന്ന് പുരസ്കാരനിർണയ സമിതി പറഞ്ഞു.

സിനിമാരംഗത്തെ ലിംഗസമത്വത്തിനും നീതിക്കുമായുള്ള ഡബ്ല്യു സി സിയുടെ പോരാട്ടമാണ് കേരള സർക്കാരിനെ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്ന‌ങ്ങളെക്കുറിച്ച് പഠിക്കുവാനായി ഹേമ കമ്മിറ്റിയെ നിയമിക്കുവാൻ പ്രേരിപ്പിച്ചത്.

സിനിമ വ്യവസായത്തിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വത്തെയും അനീതികളെയും ചോദ്യം ചെയ്യുവാനായി സധൈര്യം മുന്നോട്ടുവന്ന ഡബ്ല്യു സി സി എന്ന സംഘടന ഉയർത്തിയ ചോദ്യങ്ങൾ ഇന്ത്യൻ സിനിമാ വ്യവസായത്തിനുതന്നെ മാതൃകയായി മാറി എന്ന് പുരസ്ക‌ാര നിർണ്ണയ സമിതി വിലയിരുത്തി.

20,000 രൂപയും പ്രശസ്‌തിപത്രവും സ്‌മൃതിഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കെ എ തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വി എം സുധീരൻ, വി എസ് അച്യുതാനന്ദൻ, കെ അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ തോമസ് ഐസക്, സണ്ണി എം കപിക്കാട്, ആനി രാജ, കെ വേണു എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

തോമസ് മാസ്റ്ററുടെ 14-ാം ചരമവാർഷിക ദിനമായ മാർച്ച് 2ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മ‌രണ ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പുരസ്‌കാരം സമർപ്പിക്കും.

വിമൺ ഇൻ സിനിമ കളക്റ്റീവ് സംഘടനയ്ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.

വി ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

‘ഇന്ത്യൻ ഭരണഘടനയും സനാതനധർമ്മവും’ എന്ന വിഷയത്തിൽ ഡോ ടി എസ് ശ്യാംകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *