ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് രൂപീകൃതമായ ഭരണഘടന സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പരീക്ഷയും കൂടിക്കാഴ്ചയും നടത്തി അർഹതയുണ്ടെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിൽ കഴകം തസ്തികയിൽ നിയമിച്ച ഉദ്യോഗാർത്ഥി ക്ഷേത്രത്തിനകത്ത് കഴകമായി ജോലി ചെയ്യുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർത്തതിനാൽ നിയമിതനായ വ്യക്തിയെ ദേവസ്വം ഓഫീസ് ജോലിക്ക് ചുമതലപ്പെടുത്തിയ ദേവസ്വം ഭരണസമിതി തീരുമാനം പുന:പരിശോധിക്കണമെന്നും കഴകമായി നിയമിതനായി കഴകമായി തന്നെ ജോലി ചെയ്യുവാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.
ദേവസ്വത്തിൽ കഴകത്തിൻ്റെ തസ്തികയിൽ ഒഴിവുകളുണ്ടെന്നും അത് നികത്തപ്പെടണമെന്നും ദേവസ്വം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. മാത്രമല്ല, കഴകം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടുമില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
80 വർഷങ്ങൾക്ക് മുമ്പ് കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ മുന്നിലൂടെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിൻ്റെ ചരിത്രം പഠിക്കണമെന്നും ഇനിയും ജാതിവിവേചനം ഉയർത്തിയാൽ അതിനെ പ്രതിരോധിക്കുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു.
Leave a Reply