ഇരിങ്ങാലക്കുട : കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ റീ ടാറിംഗ് വൈകുന്നതിൽ ആശങ്കയുമായി പ്രദേശവാസികൾ രംഗത്തെത്തി.
നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും റീടാറിംഗ് ആരംഭിക്കാത്തത് ജനപ്രതിനിധികൾ അടക്കമുള്ള ചില തല്പരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് മൂലമാണെന്ന് കാറളം ഇല്ലിക്കൽ സൗത്ത് ബണ്ട് റോഡ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.
കരുവന്നൂർ വലിയപാലം മുതൽ കാറളം ആലുക്കകടവ് വരെയുള്ള 3.2 കിലോമീറ്റർ ദൂരം വരുന്ന ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ബണ്ട് റോഡിനാണ് റീ ടാറിംഗിനായി ഒരു കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്.
2010ൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആയിരിക്കെയാണ് 2.8 കോടി രൂപ അനുവദിച്ച് ബണ്ട് റോഡിൻ്റെ ഇരുവശങ്ങളും ബലപ്പെടുത്തി വീതി കൂട്ടി ടാറിംഗ് ചെയ്തത്.
അന്നും ചില തല്പരകക്ഷികൾ മൂർക്കനാട് പ്രദേശത്ത് പണികൾ തടയാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പൊറുതി മുട്ടിയ പ്രദേശവാസികൾ പുതിയ റോഡിനായി കാത്തിരിക്കുന്ന ഈ സമയത്ത് തടസപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായി തന്നെ നേരിടുമെന്ന് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികളായ പി വി വിദ്യാനന്ദൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ഷാജി അരിമ്പുള്ളി, ടി എസ് സന്തോഷ് എന്നിവർ പറഞ്ഞു.
Leave a Reply