ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ കൂടുതൽ പേർ ക്യാമ്പുകളിലേക്കെത്തി.
താലൂക്കിൽ വിവിധ ഇടങ്ങളിൽ ആരംഭിച്ച പതിനൊന്നോളം ക്യാമ്പുകളിലായി 131 വീടുകളിൽ നിന്നുള്ള 345 പേരാണ് ഇതിനകം എത്തിയിട്ടുള്ളത്.
ഇതിൽ 139 പുരുഷന്മാരും 159 സ്ത്രീകളും 47 കുട്ടികളുമുണ്ട്. ക്യാമ്പുകളിലേക്ക് എത്താതെ ബന്ധുവീടുകളിലേക്കും മാറിയവരും നിരവധിയാണ്.
കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും ജലനിരപ്പ് ഉയർന്നതാണ് വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നതിന്റെ പ്രധാന കാരണം.
കാട്ടൂർ, കാറളം, മുരിയാട്, പൊറത്തിശ്ശേരി, പടിയൂർ, പൂമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.
കാറളം നന്തി – കരാഞ്ചിറ റോഡിലും, മൂർക്കനാട് – കാറളം റോഡിലും, തൊമ്മാന – ചെങ്ങാറ്റുമുറി റോഡിലും വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു.
മഴ കനത്തതോടെ ശക്തമായ കാറ്റിലും മഴയിലും തുടരുന്ന വെള്ളക്കെട്ടിലും കൃഷിനാശവും ഏറുകയാണ്.
പലരും ഓണവിപണി ലക്ഷ്യമാക്കി ബാങ്കിൽ നിന്നും മറ്റും വായ്പയെടുത്ത് ആരംഭിച്ച കൃഷികളാണ് പ്രകൃതിയുടെ ഈ ദുരിത പെയ്ത്തിൽ ഇല്ലാതായത്.
പൊറത്തിശ്ശേരി, കാറളം, മുരിയാട് തുടങ്ങി പല പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.
കൃഷി നശിച്ചവർക്ക് സർക്കാരിന്റെ സാമ്പത്തിക സഹായത്തിനുള്ള നടപടി സ്വീകരിക്കണം എന്നാണ് കർഷകരുടെ ആവശ്യം.
Leave a Reply