ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് നെയ് വേലി ഇന്ദിരാനഗർ സ്വദേശി ചന്ദ്രശേഖറി(28)നെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിൽ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട്, വാട്ട്സാപ്പ് അക്കൗണ്ടുകൾ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്ത് ബന്ധം പുലർത്തിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയത്.

കുവൈറ്റിൽ ഷെഫായി ജോലി ചെയ്യുന്ന തൃശൂർ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടിൽ സന്ദീപിൽ നിന്ന് 3,15,000 രൂപ 2023 നവംബർ ആദ്യ വാരം മുതൽ 2024 ജനുവരി 31 വരെയുള്ള കാലയളവുകളിൽ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയാണ് തട്ടിപ്പു നടത്തിയത്.

തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തു കൊടുക്കുമ്പോൾ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നൽകുകയാണ് പതിവ്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, എസ്.ഐ.മാരായ സൂരജ്, ടി.എൻ. അശോകൻ, സുകുമാർ, എസ്.പി.ഒ.മാരായ മനോജ്, അജിത്ത് കുമാർ, സി.പി.ഒ.മാരായ സച്ചിൻ, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ ചന്ദ്രശേഖറിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *