ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു ചുററുപാടുള്ള മറ്റു വില്ലേജുകളെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയെയും അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലായി ഒരു ആറിന് 1980000 രൂപ എന്ന നിലയിലാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇതുമൂലം വില്ലേജിലെ മുഴുവൻ ജനങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം, ചികിത്സ എന്നു തുടങ്ങി അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ഭൂമിയുടെ അമിതമായ ഫെയർ വാല്യൂ മൂലം വിൽക്കുവാനോ കൈമാറ്റം നടത്താനോ സാധിക്കാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്.
ആവശ്യം പരിഹരിക്കുന്നതിന് വേണ്ടി പല തലങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ അദാലത്ത് എന്ന പേരിൽ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളുടെ പകർപ്പും ഓരോരുത്തരും നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.
തങ്ങളുടേതല്ലാത്ത കാരണത്താൽ ഉദ്യോഗസ്ഥരുടെ പിഴവുമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ വീണ്ടും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്നതിന് പകരം നാലായിരത്തോളം വരുന്ന ഭൂവുടമകളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കണ്ണിൽ പൊടിയിടുന്ന അദാലത്തിനു പകരം പ്രത്യേക ഉത്തരവ് ഇറക്കി പരിഹരിക്കണമെന്നും, ഇത്തരത്തിൽ ഫെയർവെല്യൂ നിശ്ചയിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫെയർ വാല്യൂ വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റൊ കുരിയൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ആൻ്റോ പെരുമ്പിള്ളി, കെ കെ ഷൗക്കത്തലി, കെ പി സെബാസ്റ്റ്യൻ, എ ഐ സിദ്ധാർത്ഥൻ, ടി എസ് പവിത്രൻ, കെ ഡി ഹേമന്ദ്കുമാർ, എം ജെ റാഫി, ജോമോൻ വലിയവീട്ടിൽ, എ എസ് ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply