ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി സ്വർണക്കപ്പ് തൃശ്ശൂരിലേക്ക് എത്തിച്ചതിൽ ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.
കലാ കേരളത്തിന്റെ സ്വർണ്ണകിരീടം ചൂടിയ ഇരിങ്ങാലക്കുടയിലെ കൗമാര പ്രതിഭകളെ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സ്കൂൾ കലാമേളയിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാമത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായവരെയുമാണ് ആദരിക്കുക.
ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി മന്ത്രിയുടെ നിയോജക മണ്ഡലം തല പുരസ്കാരം കലാപ്രതിഭകൾക്ക് സമ്മാനിക്കും.
ജനുവരി 24ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും ആദരസമ്മേളനം നടക്കുക.
തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണവും അരങ്ങേറും.
അർഹരായവർ പാസ്പോർട്ട് സൈസ് ഫോട്ടോ, മുഴുവൻ പേര്, സ്കൂളിന്റെ പേര്, സമ്മാനം ലഭിച്ച മത്സര ഇനം എന്നിവ ijkministeroffice@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേക്ക് ജനുവരി 15ന് മുൻപായി അയക്കേണ്ടതാണ്.
Leave a Reply