ഇരിങ്ങാലക്കുട : 2024- 25 വർഷത്തെ വാർഷിക പദ്ധതി റോഡ് മെയിൻ്റനൻസിന് ഫണ്ട് ഇനത്തിൽ വിതരണം ചെയ്ത തുകയ്ക്ക് അനുസൃതമായി പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനും അനുമതി നൽകി പുറപ്പെടുവിച്ച തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലിൽ സമർപ്പിച്ച വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അജണ്ട കൗൺസിൽ അംഗീകാരം നേടി.
ഒരു കോടി ഏഴ് ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി പണം 41 വാർഡുകളിലേക്കായി 2,61,220 രൂപ എന്ന നിലയിൽ തുല്യമായി നൽകുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പറഞ്ഞു.
ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാർ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപം കൗൺസിലിൽ രൂക്ഷമായി. ഇതിനെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും പാർലമെൻ്ററി പാർട്ടി ലീഡർമാരെയും ഉൾപ്പെടുത്തി കരാറുകാരുടെ യോഗം ഉടൻ വിളിക്കുമെന്നും കരാറുകാർക്ക് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കാൻ കഴിയും വിധം ഒരു സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭ പരിധിയിലെ മുഴുവൻ റോഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നും പല റോഡുകളിലൂടെയും നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
പൊറത്തൂച്ചിറ റോഡ് കല്ലട വേലയ്ക്ക് മുമ്പായി നവീകരിക്കണമെന്നും റോഡിൽ കുടിവെള്ള പൈപ്പ് നിരന്തരമായി പൊട്ടുന്നതായി പരാതി ഉയരുന്നുണ്ടെന്നും കൗൺസിലർ സതി സുബ്രഹ്മണ്യൻ പറഞ്ഞു.
പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥയും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
മാർച്ച് 31ന് മുമ്പായി റോഡുകൾ നവീകരിക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കാം എന്ന് ഉറപ്പുനൽകിയ ചെയർപേഴ്സൺ അടിയന്തിരമായി നവീകരണം ആവശ്യമുള്ള റോഡുകൾ കണ്ടെത്താൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
നിരന്തരമായി സാമൂഹ്യവിരുദ്ധർ പല തോടുകളിലും തള്ളുന്ന മാലിന്യങ്ങൾ പൊറത്തൂച്ചിറയിലേക്ക് ഒഴുകിയെത്തി ചിറയെ മലിനപ്പെടുത്തുന്നത് തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ ചോദിച്ചു.
പൊറത്തൂച്ചിറയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി, ചിറയിൽ എത്തിച്ചേരുന്ന മാലിന്യങ്ങളുടെ സ്രോതസ്സ് എന്ന് സംശയിക്കുന്ന പത്തോളം സ്ഥാപനങ്ങൾ കണ്ടെത്തിയതായും അതിനെ തുടർന്ന് 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് 10000 രൂപ പിഴ ഈടാക്കുകയും ചെയ്തതായും ചെയർപേഴ്സൺ അറിയിച്ചു.
നിലവിൽ പൊലീസിൻ്റെ നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
Leave a Reply