ഇരിങ്ങാലക്കുട : പകല്‍പോലെ പ്രകാശിക്കുന്ന വൈദ്യുതി വിളക്കുകള്‍ എത്ര ഉണ്ടായാലും വിളക്കെഴുന്നള്ളിപ്പിന്റെ ശോഭ കൂട്ടുന്നത് കൈപ്പന്തങ്ങളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
മേടമാസത്തിലെ രാത്രികളില്‍ ജ്വലിക്കുന്ന പന്തത്തിന്റെ ചൂടുസഹിച്ച്, മേടച്ചൂടിനെ താങ്ങി നിര്‍ത്തുന്നവരാണ് കൈവിളക്ക് ഏന്തുന്നവര്‍.
ഒരുപാട് ഓര്‍മ്മകളുടെ ശോഭയുമായി തൻ്റെ 71-ാം വയസ്സിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നിറസാന്നിധ്യമാവുകയാണ് വടക്കാഞ്ചേരി ആറ്റൂര്‍ സ്വദേശി കാഞ്ഞിരക്കുഴി വീട്ടില്‍ തങ്കപ്പന്‍.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി കൈപ്പന്തത്തിന്റെ ജോലി നിര്‍വ്വഹിക്കുന്നത് തങ്കപ്പനാണ്.
2020ല്‍ തൃശൂര്‍ പൂരത്തിന് മഠത്തില്‍ വരവിനിടയില്‍ ആല്‍മരം വീണ് തങ്കപ്പന് പരിക്കേറ്റിരുന്നു. ആറു മാസം ചികിത്സയുടെ ഭാഗമായി കിടപ്പിലായെങ്കിലും ഈശ്വരാനുഗ്രഹത്താലാണ് തനിക്കിപ്പോഴും ദേവീദേവന്മാരുടെ എഴുന്നള്ളത്തിന് ദീപം പകരാന്‍ കഴിയുന്നതെന്നാണ് തങ്കപ്പന്‍ പറയുന്നത്. അന്ന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കു പറ്റിയിരുന്നു. കാല്‍മുട്ടിലെ ചിരട്ട മാറ്റിവയ്ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് കാലില്‍ ഇട്ടിരുന്ന സ്റ്റീല്‍ ദണ്ഡ് മാറ്റാതെയാണ് ഇപ്പോഴും ജോലിയില്‍ മുഴുകുന്നത്.
മുള്ളൂര്‍ക്കര സ്വദേശി വേലായുധനില്‍ നിന്നാണ് തങ്കപ്പൻ കൈപ്പന്തമുണ്ടാക്കാന്‍ പഠിച്ചത്. ഇന്ന് നിരവധി ക്ഷേത്രങ്ങളില്‍ കൈവിളക്കിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം.
തൃപ്പുണിത്തറ, എറണാകുളം വില്വമംഗലം, ആക്കപ്പിള്ളിക്കാവ്, നടക്കാവ്, പള്ളിപ്പറമ്പ്കാവ്, വടക്കുംനാഥന്‍, ഒളരി, മുക്കാട്ടുക്കര, കുട്ടനെല്ലൂര്‍, പൂത്തോള്‍ എന്നീ ക്ഷേത്രങ്ങളില്‍ രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ആവശ്യമായ കൈവിളക്കിന്റെ ചുമതല തങ്കപ്പനാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറു തിരികളുടെ രണ്ടെണ്ണവും, നാലു തിരിയുടെ നാലെണ്ണവും ഒരു മുപ്പന്തവുമാണ് ഉള്ളത്.
മൂന്നുപീടിക സ്വദേശി മോങ്കാടിപുരക്കല്‍ വീട്ടില്‍ രവീന്ദ്രനും (52) സഹായിയായുണ്ട്.
20 വര്‍ഷത്തെ പരിചയമുണ്ടെങ്കിലും നാലു വര്‍ഷമേ ആയിട്ടുള്ളൂ രവീന്ദ്രൻ കൂടല്‍മാണിക്യത്തില്‍ വന്നു തുടങ്ങിയിട്ട്.
നാഴികളില്‍ മുല്ലമൊട്ട് ആകൃതിയിലാണ് തുണി ചുറ്റിയെടുക്കുക. ഇത് നല്ല പരിശീലനം നേടിയവര്‍ക്ക് മാത്രമേ കഴിയൂ. കൈപ്പന്തങ്ങള്‍ കത്തുമ്പോള്‍ നല്ല ഭംഗിയില്‍ കത്തണമെന്നാണ് തങ്കപ്പന്‍ പറയുന്നത്.
ഒറ്റപ്പന്തം, മുപ്പന്തം, കൈവരിപ്പന്തം (കൈവിളക്ക്) എന്നിവയെല്ലാം പലതരം തീവെട്ടികളാണ്. കൈത്തറി മുണ്ട് നാടയാക്കി പന്തത്തണ്ടില്‍ ചുറ്റിയായിരുന്നു ഇത് തയാറാക്കുന്നത്. എന്നാല്‍ ഇന്ന് കോട്ടണ്‍ തുണിയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
വെള്ള നിറമുള്ള തുണി കഴുകി വൃത്തിയാക്കി ഉണക്കിയാണ് ഉപയോഗിക്കുക. തുണി കഴുകി ഉണക്കിയില്ലെങ്കില്‍ കത്തുമ്പോള്‍ കറുത്ത പുക വരുമെന്ന് പന്തം നിര്‍മ്മാണത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള തങ്കപ്പന്‍ പറയുന്നു.
തെങ്ങിന്റെ പട്ട ചെറുതാക്കി ഉണക്കിയെടുത്ത് അതിനോടൊപ്പമാണ് പന്തത്തണ്ടിലെ തിരിയില്‍ തുണി ചുറ്റുക. ഉപയോഗം കഴിഞ്ഞ് തുണി ഊരി മാറ്റാനുള്ള എളുപ്പത്തിനാണിത്. ഇരുവശത്തേക്കും തുണി ചുറ്റും.
ആറു തിരികളുള്ള കൈവിളക്കിന് ഏകദേശം മൂന്ന് കിലോയോളം തുണി വേണ്ടിവരും.
Leave a Reply