ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് :ഒരു കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പിൽ മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മനോജിന് 2018 ആഗസ്റ്റ് മുതൽ 2019 ജനുവരി വരെ പല തവണകളായി 31,000 രൂപ നഷ്ടപ്പെട്ടതായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു.

കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീ, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും, ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ഉയർന്ന ലാഭവിഹിതം നൽകാമെന്നും, ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും, അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

നാളിതുവരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തട്ടിപ്പിനെ കുറിച്ച് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം എന്നായിരുന്നു പോലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.

പല രീതികളിലാണ് തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി തട്ടിപ്പ് നടന്നിരിക്കുന്നത്.

ഉടമസ്ഥര്‍ മരിച്ചുപോയ വിവിധ അക്കൗണ്ടുകളിലെ പണം ട്രസ്റ്റിലേക്ക് കൊണ്ടുവരുമെന്നും പിന്നീടത് എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കുമെന്നും വാഗ്ദാനം ചെയ്ത് അതിന്റെ ചെലവിലേക്കായി ആദ്യം ഒരു നിക്ഷേപസമാഹരണം നടത്തുന്നു. അതിനു പിന്നാലെ ഇറിഡിയം വഴി ഒരു ബിസിനസ് ആരംഭിക്കുന്ന വിവരവും വലിയ തുകകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ മൂലധനമായി തിരികെ നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതായത് 5000രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുകോടി രൂപ വരെ നല്‍കാം എന്നാണ് വാഗ്ദാനം. നിക്ഷേപകർക്ക് പ്രതിഫലം എന്ന് ലഭിക്കുമെന്ന് കാണിക്കുന്ന റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്.

ഇന്ത്യയില്‍ ഇറിഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വിൽപ്പനയ്ക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നും പറഞ്ഞുള്ള തട്ടിപ്പാണ് മറ്റൊന്ന്. ഇറിഡിയം വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്.

വിൽപ്പന നടത്തി ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപത്തുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കരമെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഒട്ടിച്ച് നല്‍കുന്നതാണ് നിക്ഷേപകന് നല്‍കുന്ന രേഖ.

തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേർന്ന് ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയ തുകകൾ സമാഹരിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *