ഇരിങ്ങാലക്കുട : പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ മാപ്രാണം സെന്റര്‍ വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ പൈപ്പിടല്‍ ആരംഭിച്ചു.
കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഴയ പൈപ്പുകൾ പൊട്ടിയതോടെയാണ് ഈ മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.
പ്രവർത്തികൾ വേഗത്തിലാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ പൈപ്പുകൾ സ്ഥലത്തെത്തിച്ച് റോഡരികില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചെങ്കിലും 50 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പഴയ പൈപ്പ് ലൈന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതു കണ്ടെത്തി അതിലേക്ക് പുതിയ ലൈന്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഒന്നര മാസത്തിലേറെയായി പ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെതിരെ ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി ബി ജെ പി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിലെത്തി പ്രതിഷേധിച്ചിരുന്നു. മറ്റു കൗൺസിലർമാരും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.എസ്.ടി.പി. പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും ഏറെ പ്രതിഷേധത്തിനിടയാക്കി.
അടുത്ത തിങ്കളാഴ്ചയോടെ പണികള്‍ പൂർത്തീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. എസ്. ടി. പി. ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Reply