സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് ലഭിച്ചു.

കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിനുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളെജ് അർഹമായത്.

തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിലുഉള സേവനങ്ങൾ തവനിഷ് നൽകി വരുന്നുണ്ട്.

എട്ട് വർഷമായി തുടർച്ചയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ‘സവിഷ്ക്കാര’ എന്ന പേരിൽ നടത്തിവരുന്ന കലാമേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്.

സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദർശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അത്‌ലറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, കാട്ടൂർ പഞ്ചായത്തിലെ ‘ഉണർവ്’ പ്രൊജക്റ്റ്‌, ഭിന്നശേഷി വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു.

ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സി.ഐ.എഫ്.ഡി.എ. എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോളെജിന് ഈ അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി.

ക്രൈസ്റ്റ് കോളെജ് കലാലയരത്ന അവാർഡ് അമല അന്ന അനിലിന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ എയ്ഡഡ്‌ കോളെജുകളിൽ നിന്നും സാമൂഹിക പ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാര്‍ഥിപ്രതിഭയ്ക്ക് നൽകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജിലെ അമല അന്ന അനിലിന്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2.30ന് ക്രൈസ്റ്റ് കോളെജ് ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ പുരസ്കാര സമർപ്പണം നടത്തും.

ക്രൈസ്റ്റ് കോളെജിൽ ആർട്സ് കേരള കലാസംഗമം 17ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളെജ് ഓഡിറ്റോറിയത്തിൽ ജനുവരി 17ന് അരങ്ങേറും.

ആർട്സ് കേരളയിൽ ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട് മത്സരങ്ങളോടൊപ്പം ഈ വർഷം മുതൽ തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും.

രാവിലെ 9.30ന് ഗ്രൂപ്പ് ഡാൻസ് മത്സരം ആരംഭിക്കും.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ആർട്സ് കേരള മത്സരം ഓരോ വർഷവും കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കലാലയങ്ങളെയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്.

ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും.

രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.

കൂടാതെ കോളെജിലെ മുൻ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

നാടൻപാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.

രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ്.

ഈ വർഷം മുതൽ ആർട്സ് കേരള ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകും.

യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻ്റർ- സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970കളിൽ സംസ്ഥാനതലത്തിൽ കോളെജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളെജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള.

മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളായിരുന്ന പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു.

പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാമേളയാണ് ആർട്സ് കേരള എന്ന പേരിൽ ക്രൈസ്റ്റ് കോളെജിൽ പുനഃസംഘടിപ്പിക്കുന്നത്.

സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ ആവേശകരമായ തുടക്കം.

ജനുവരി 18 വരെയാണ് മത്സരം നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് ഹബ്ബായി വളരുന്ന ഇരിങ്ങാലക്കുടയുടെ കായിക ഭൂപടത്തിൽ ഇത്തരം ടൂർണമെന്റുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടി.ഡി.ബി.എസ്.എ. പ്രസിഡന്റ് ബാബു മേച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കെ.ബി.എസ്.എ. സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു.

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ, എം.എൻ. ഷാജി, പി.ഒ. ജോയ്, ജോയ് കെ. ആന്റണി എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും കാസ ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ കൂടി

ഇരിങ്ങാലക്കുട : ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ഇവ.

ഹൈപ്പോസ‌ില ജനുസിൽ കണ്ടുപിടിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ഇനമാണ് “ഹൈപ്പോപ്‌പില പൊളേസിയെ” എന്ന പുതിയ നിശാശലഭം.

ഈ ജനുസ്സിലെ നിശാശലഭങ്ങളെ ബാഹ്യഘടനകൾ കൊണ്ട് തരംതിരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.

ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവയ്ക്ക് ‘ഹൈപ്പോസ്‌പില പൊളേസിയെ’ എന്ന പേര് നൽകിയത്.

ഇതോടെ ഇന്ത്യയിൽ ഹൈപോസ്‌പില ജനുസ്സിൽ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.

സ്കോപ്പസ് ഇൻഡെക്സ്‌ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എൻ്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൺറ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥികളായ പി.കെ. ആദർശ്, ജോസലിൻ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

യു.ജി.സി. ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് വർണ്ണാഭമായ തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭിന്നശേഷി സംഗമമായ സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് പ്രൗഢമായ തുടക്കം.

സവിഷ്ക്കാരയിൽ ഈ വർഷം മുതൽ ദേശീയ തലത്തിലാണ് ഭിന്നശേഷി വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുക്കുന്നത്.

3 ദിവസങ്ങളിലായി ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന കലാമേളയ്ക്ക് മന്ത്രി ഡോ. ആർ. ബിന്ദു തിരിതെളിച്ചു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ല അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ക്രൈസ്റ്റ് കോളെജ് പൂർവ്വ വിദ്യാർഥിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ പി.ആർ. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. വർഗ്ഗീസ്, ഡോ. സേവ്യർ ജോസഫ്, നിപ്മർ ജോയിൻ്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു, അധ്യാപകരായ വി.പി. ഷിൻ്റോ, എസ്.ആർ. ജിൻസി, ജെബിൻ കെ. ഡേവിസ്, ഫ്രാൻകോ ഡേവിസ്, സി.എ. നിവേദ്യ, യു.എസ്. ഫാത്തിമ, ഷാജു വർഗ്ഗീസ്, തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ മുവീഷ് മുരളി എന്നിവർ പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും തവനീഷ് വൊളൻ്റിയർ പ്രാർത്ഥന നന്ദിയും പറഞ്ഞു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ച്ചക്കായി നവംബർ 25 (ചൊവ്വാഴ്‌ച) ഉച്ചതിരിഞ്ഞ് 1.30-ന് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അഖില കേരള കോളെജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ. വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളെജ് സ്റ്റാഫിനുവേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിലായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ നടക്കും.

ടൂർണമെൻ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കും.

ടൂർണമെൻ്റിൻ്റെ പോസ്റ്റർ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പുറത്തിറക്കി.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.