വെള്ളാനി- പുളിയംപാടംകാർഷിക വികസന പദ്ധതിക്ക്മൂന്നു കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : തരിശുരഹിത ഇരിങ്ങാലക്കുട ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ”പച്ചക്കുട” സമഗ്ര കാർഷിക- പാരിസ്ഥിതിക വികസന പദ്ധതിയുടെ കീഴിൽ വെള്ളാനി – പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിക്ക് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാറളം പഞ്ചായത്തിലെ ചെമ്മണ്ട പുളിയംപാടം പാടശേഖരത്തിൽ ഉൾപ്പെടുന്നതാണ് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച വെള്ളാനി പുളിയംപാടം പ്രദേശം.

120 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വെള്ളാനി- പുളിയംപാടം പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതിൽ 14 ലക്ഷം രൂപ മോട്ടോർ പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനും 25 ലക്ഷം രൂപ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും ബാക്കി തുക ഫാം റോഡുകൾ, സ്ലൂയിസുകൾ, ട്രാക്ടർ റാമ്പുകൾ, കിടകൾ തുടങ്ങി പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക എന്ന് മന്ത്രി അറിയിച്ചു.

ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

വില്വമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : നൂറ് ഏക്കറോളം വരുന്ന പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് ഭീഷണിയായി ആറ്റക്കിളി ശല്യം വർദ്ധിക്കുന്നു.

നെൽക്കതിർ വളർന്ന് തുടങ്ങുമ്പോൾ അതിലെ പാലൂറ്റി കുടിക്കുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇതു കാരണം നെൽകൃഷിക്ക് നാശം സംഭവിക്കുന്നു.

സമീപത്തുള്ള നടുതുരുത്ത് പാട ശേഖരത്തിലും ആറ്റക്കിളി ശല്യം ഉണ്ടായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളികൾ കൂട്ടത്തോടെ വില്വമംഗലം പാടശേഖരത്തിലേക്ക് എത്തിയത്.

നിലവിൽ കർഷകർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റക്കിളികളെ ഓടിക്കുന്നത്.

ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആദ്യം കുമിൾ രോഗം വന്നിരുന്നു. അതിന് പ്രതിരോധ മരുന്ന് തളിച്ച് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളി ശല്യം വരുന്നത്.

വൈകീട്ട് 3 മണിയോടെ ഇവ പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ വന്നിരിക്കും. പിന്നെ കൂട്ടത്തോടെ പാടശേഖരത്തിലേക്ക് ഇറങ്ങി വളരുന്ന നെൽക്കതിരുകളുടെ പാലൂറ്റി കുടിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു.

വില്വമംഗലം പാടശേഖരത്തിലെ ആറ്റക്കിളി ശല്യത്തിന് പരിഹാരം കാണണമെന്ന് വില്വമംഗലം പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.