ഇരിങ്ങാലക്കുട : പൂർവ്വാശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ എന്നറിയപ്പെട്ടിരുന്ന പൂജ്യശ്രീ രമണചരണ തീർത്ഥ സ്വാമി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ സ്വാമികളെ ഭക്തജനങ്ങൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.
കാഞ്ചി കാമകോടി പാഠശാല വിദ്യാർഥികളുടെ വേദമന്ത്രഘോഷത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്തു.
തുടർന്ന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാമായണത്തിലെ ശ്രീരാമ – ഭരത സംവാദത്തെ അധികരിച്ച് പ്രഭാഷണം നടത്തി.
കമ്പരാമായണത്തിലെയും വാത്മീകിരാമായണത്തിലെയും ശ്ലോകങ്ങളെ ഉദ്ധരിച്ച് സരസവും ലളിതവുമായ ഭാഷയിലാണ് പ്രഭാഷണം അവതരിപ്പിച്ചത്.
പ്രഭാഷണം കേൾക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുവരെ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു.
പ്രഭാഷണത്തിന് ശേഷം ചെമ്മണ്ട ശാരദ ഗുരുകുലവും സമീപമുള്ള ഗോശാലയും സ്വാമി സന്ദർശിച്ചു.