ഇരിങ്ങാലക്കുട : മനുഷ്യ ശരീരത്തെ ആരോഗ്യപൂർണ്ണമായി നിലനിർത്തുന്നതിന് മനസ്സിനെ ബലപ്പെടുത്തുന്നതിലൂടെയേ സാധ്യമാകൂ എന്നും ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന കാര്യക്രമമാണ് യോഗ എന്നും പ്രശസ്ത ആയുർവേദ ഡോക്ടർ ലിജോ മന്നച്ചൻ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട സേവാഭാരതിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട മണ്ഡലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടന്ന യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.
പ്രശസ്ത യോഗാചാര്യ ഉമ സുകുമാരൻ യോഗ കാര്യക്രമങ്ങൾ വിശദീകരിച്ചു.
സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ലിബിൻ രാജ് സ്വാഗതവും, രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട മണ്ഡലം സഹകാര്യവാഹ് വിജയൻ പാറേക്കാട്ട് നന്ദിയും പറഞ്ഞു.
യോഗ പ്രദർശനത്തിലും യോഗ നൃത്തത്തിലും ആയുഷ്മാൻ പ്രോട്ടോകോൾ അനുസരിച്ചുള്ള യോഗ പ്രദർശനത്തിലും ഏകദേശം 50ൽപരം ആളുകൾ പങ്കെടുത്തു.
ഉമ സുകുമാരന്റെ ശിഷ്യരും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രവർത്തകരുമാണ് യോഗ പ്രദർശനം നടത്തിയത്.











