ഭാവി കലാസമിതി വാർഷികവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : ഭാവി കലാസമിതി ഗ്രാമീണ വായനശാലയുടെ 37-ാമത് വാർഷികവും കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നഗരസഭ ചെയർമാൻ എം.പി. ജാക്സൺ നിർവഹിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്വർണ്ണപ്പണിക്കാരനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണവും വാഹനവും തട്ടിയെടുത്ത യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : സ്വർണ്ണപ്പണിക്കാരനെ വീട്ടിൽ കയറി ആക്രമിച്ചും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പണവും സ്കൂട്ടറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് അവിണിശ്ശേരി തോപ്പുവളപ്പിൽ വീട്ടിൽ സഞ്ജയ് (20) ആണ് പൊലീസിന്റെ പിടിയിലായത്.

വല്ലച്ചിറ തട്ടിൽ വീട്ടിൽ ജോണിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. ജോൺ തനിക്ക് സ്വർണ്ണമാല നിർമ്മിച്ചു നൽകിയതിൽ കൃത്രിമം കാണിച്ച് സ്വർണ്ണം മോഷ്ടിച്ചെന്നാരോപിച്ച് സഞ്ജയ്ക്ക് ജോണിനോട് മുൻ വിരോധം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി മെയ് 18ന് രാത്രി 11.30ഓടെ സഞ്ജയ് ജോണിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

വീടിനുള്ളിൽ കടന്ന പ്രതി ജോണിനെ മർദ്ദിക്കുകയും, കത്തി ഉപയോഗിച്ച് ജോണിന്റെ ഇരുകൈകളിലും മുറിവേൽപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ജോണിന്റെ ടി.വി.എസ്. എൻടോർക്ക് സ്കൂട്ടറും മൊബൈൽ ഫോണും ഇയാൾ കവർന്നു.

സംഭവത്തിന് ശേഷമുള്ള ദിവസങ്ങളിലും പ്രതി ജോണിനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ജോണിനെ നിർബന്ധിച്ച് വല്ലച്ചിറ സൊസൈറ്റിയിലെത്തിച്ച് അക്കൗണ്ടിൽ നിന്ന് 30,000 രൂപ പിൻവലിപ്പിച്ച് അതും കൈക്കലാക്കി.

സഞ്ജയ് ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

ചേർപ്പ് പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ ഷിജു, ജിഎഎസ്ഐ ജോയ് തോമസ്, ജിഎസ്‌സിപിഒ അനീഷ്, സിപിഒ-മാരായ മുഹമ്മദ്, റിൻസൺ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

നടനകൈരളിയിൽ നവരസ സാധന ശില്പശാലയുടെ സമാപനം 29ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴച്ചകളിലായി നടന്നു വരുന്ന നവരസ സാധന ശില്പശാലയുടെ സമാപനം മെയ് 29ന് വൈകുന്നേരം 6 മണിക്ക് നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ സംഘടിപ്പിക്കും.

ചലച്ചിത്രതാരം സംയുക്ത മേനോൻ, രോഹിത് അഷ്റ, ഫാത്തിമ സന ഷെയ്ഖ്, പീയുഷ് സീത, അതിഥി സാഗർ എന്നിവരും, നർത്തകികളായ ലക്ഷ്മി ചന്ദ്രശേഖരയ്യ, ദീപിക കൃഷ്‌ണമൂർത്തി, മേഘ്ന മനോജ്, അനീഷ പരമേശ്വരൻ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

നാടിന് നന്ദി പറഞ്ഞ് എംഎൽഎ തോമസ് ഉണ്ണിയാടൻ്റെ നന്ദി പ്രകടന പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച നാടിന് നന്ദി പറഞ്ഞ് ആരംഭിച്ച എംഎൽഎ തോമസ് ഉണ്ണിയാടൻ്റെ നന്ദിപ്രകടന പര്യടനം സമാപിച്ചു.

രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശ്ശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഠാണാവിലാണ് സമാപിച്ചത്.

നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി.കെ. ഭാസി, സാജു പാറേക്കാടൻ, സി.എസ്. അബ്ദുൾ ഹഖ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, റോക്കി ആളൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഉണ്ണിയാടൻ്റെ നന്ദി പ്രകടനപര്യടനം സമാപിച്ചത്.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ വേഴപറമ്പിൽ മാളിയേക്കൽ ഔസേപ്പ് മകൻ എം.ഒ. ജോസ് (81) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് താണിശ്ശേരി ഡോളേഴ്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ഓമന (തൃശൂർ പുതൂർക്കര ജോൺ മകൾ)

മകൾ : പരേതയായ റോസ് മോൾ

ശ്രീനാരായണ ജയന്തി ഇരിങ്ങാലക്കുടയിൽ വിപുലമായി സംഘടിപ്പിക്കാൻ എസ്.എൻ.ഡി.പി. യോഗം

ഇരിങ്ങാലക്കുട : 172-ാമത് ശ്രീനാരായണ ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ അതിവിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗം തീരുമാനിച്ചു.

ശ്രീനാരായണജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മേഖല യോഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, വൈദിക യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

നേതൃത്വയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

യോഗം ഡയറക്ടർമാരായ കെ.കെ. ബിനു, സജീവ്കുമാർ കല്ലട, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ജിനേഷ് ചന്ദ്രൻ, യൂണിയൻ കൗൺസിലർ ബിജോയ് നെല്ലിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ജി.ടി.എസ്. രണ്ടുകൈ സ്കൂളിലെ
വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

സീനിയർ അധ്യാപിക ജോഫിയ സ്വാഗതവും സുമി നന്ദിയും പറഞ്ഞു.

സീനിയർ അധ്യാപിക ജോഫിയ, പി.ടി.എ. പ്രസിഡന്റ്‌ ഹണി റിൻസൺ എന്നിവർ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ ഡോ. മുവിഷ് മുരളിയിൽ നിന്ന് പഠനോപകരങ്ങൾ ഏറ്റുവാങ്ങി.

അധ്യാപിക ജിഷ, പി.ടി.എ. പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് പ്രസിഡന്റ്‌ കെ.കെ. നിമിഷ, സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ, ജോയിന്റ് ട്രഷറർ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ ഫിഷറീസ് വകുപ്പ് “ജനകീയ മത്സ്യകൃഷി – ഒരു നെല്ലും ഒരു മീനും” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമരാജൻ ഉദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ടി.എ. പോൾ, പ്രവീൺസ് ഞാറ്റുവെട്ടി, കൗൺസിലർ സി.സി. ഷിബിൻ, പാടശേഖരസമിതി അംഗങ്ങൾ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മനു, കോർഡിനേറ്റർ റന്റീന, പ്രൊമോട്ടർ അജിത സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി സ്വാവലംബൻ ആയാമിന്റെ നേതൃത്വത്തിൽ
സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.

കൗൺസിലർ ജോസഫ് ചാക്കോ സിസ്റ്റർ റോസിലിന് പച്ചക്കറിത്തൈ കിറ്റ് കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സംരക്ഷണമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയം എന്നും ആ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് വിഷരഹിതമായ പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുക എന്നതാണ് ഇത്തരത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി വിതരണം നടത്തുന്നതിലൂടെ സേവാഭാരതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

പച്ചക്കറി കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം എന്നുള്ളതിനെ കുറിച്ച് കർഷകനും സേവാഭാരതിയുടെ വൈസ് പ്രസിഡൻ്റുമായ പ്രകാശൻ കൈമാപറമ്പിൽ ക്ലാസ് നയിച്ചു.

നഗരസഭയിൽ നിന്നും വിലകുറവിന് ലഭിക്കുന്ന വളം വാങ്ങിച്ച് വലിയ സാമ്പത്തിക ചിലവ് കൂടാതെ തന്നെ ഈ ഹൈബ്രിഡ് തൈകൾ വളർത്തിയെടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോർജ്ജ് പാലത്തിങ്കൽ സ്വാഗതവും സ്വാവലംബൻ കൺവീനർ ജയശങ്കർ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥ് പീടികപറമ്പിൽ, ആരോഗ്യ സമിതി കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എൻ. സുരേഷ്, രാജലക്ഷ്മി സുരേഷ്ബാബു, ഹരികുമാർ തളിയക്കാട്ടിൽ, വിദ്യാഭ്യാസ സമിതി സെക്രട്ടറി ശൈലജ ഗോപിനാഥ്, മെഡിസെൽ സെക്രട്ടറി മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.

ഏകദേശം 70ഓളം കുടുംബങ്ങൾക്കാണ് പച്ചക്കറിത്തൈ വിതരണം ചെയ്തത്.

എബോള : ഭയം വേണ്ട, ജാഗ്രത മതി ; റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കോവിഡിനേക്കാളും നിപ്പയേക്കാളും 50% മുതൽ 80% വരെ മരണനിരക്ക് സാധ്യതയുള്ള എബോള ഏത് സമയത്തും ഇന്ത്യയിലും കേരളത്തിലുമെത്താം എങ്കിലും “ഭയം വേണ്ട ജാഗ്രത മതി” എന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ.

പൊതുജനാരോഗ്യ പ്രവർത്തകരും ആരോഗ്യ വകുപ്പും മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ഒരുപോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് എബോളയെ വലിയ ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്ന് ആർ.എച്ച്.ഐ.എ. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നാല് ആഴ്ചത്തെ നിർബന്ധിത നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ എയർപോർട്ടിന് അടുത്ത് തന്നെ സർക്കാർ ഏർപ്പെടുത്തണം. വവ്വാലുകളിൽ നിന്നാണ് ഈ രോ​​ഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പകരുന്നു. ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്ന ആൻ്റിബയോട്ടിക്കുകളോ പ്രതിരോധ വാക്സിനുകളോ എബോളക്കെതിരെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. രോഗപ്രതിരോധ സംവിധാനങ്ങളും ഐസൊലേഷൻ വാർഡുകളും ഓരോ താലൂക്ക് ആശുപത്രികളിലും കൺട്രോൾ റൂമുകളും പ്രത്യേകം പരിശീലനം നൽകിയ ഡോക്ടർമാരും ജീവനക്കാരും പൊതുജനാരോഗ്യ പ്രവർത്തകരും പി.പി. കിറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ഉടൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറണം.

ആരോ​ഗ്യമന്ത്രിയും കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല. നിപ്പ തടയുന്നതിൽ പ്രതിരോധ പ്രവർത്തനം നല്ല രീതിയിൽ നടത്തിയ സുരേഷ് നടുവത്തൂർ ഉൾപ്പെടെയുള്ളവരുടെ അനുഭവങ്ങളും സേവനങ്ങളും നമുക്കും പ്രയോജനപ്പെടുത്താവുന്നതാണ് എന്നും റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി.എസ്. പവിത്രൻ അധ്യക്ഷത വഹിച്ചു.

പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മുല്ലനേഴി, ജമാലുദ്ദീൻ കൊല്ലം, ആൻസി തോമാസ് കൂത്താട്ടുകുളം, കൃഷ്ണനുണ്ണി പൊയ്യാറ, കാട്ടാക്കട വേലപ്പൻ നായർ, റാബിയ സലീം ആലപ്പുഴ, ലളിത പെരളശ്ശേരി എന്നിവർ പ്രസംഗിച്ചു.

കെ.ബി. പ്രേമരാജൻ സ്വാഗതവും നിർമ്മല ഹരി ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.