പുതിയ കളരി നിലയം നിർമ്മിക്കാൻ ഭരണാനുമതി കാത്ത് ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമ്മിക്കുന്നതിന് സർക്കാരിൻ്റെ ഭരണാനുമതി കാത്തിരിക്കുകയാണ് കലാനിലയം ഭരണസമിതി.

60 വർഷത്തിലേറെ പഴക്കമുള്ള അതിശോചനീയാവസ്ഥയിലായ കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി 3,07,67,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു.

നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് ഈ തുക കൈമാറി നടപടികൾ പൂർത്തിയാക്കിയതുമാണ്. എന്നാൽ പദ്ധതിക്കുള്ള ഭരണാനുമതി കൂടി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകൂ.

തെരഞ്ഞെടുപ്പു മൂലം വൈകിയ ഭരണാനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.

നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലാണ് 1955ൽ സ്ഥാപിച്ച കലാനിലയം പ്രവർത്തിക്കുന്നത്.

ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് കേരളീയ മാതൃകയിൽ കലാനിലയത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.4858 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കളരിനിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഒരുക്കും.

കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ലിസ്യു മേഖല ജേതാക്കളായി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിസ്യു മേഖല ജേതാക്കളായി.

എല്‍.എഫ്. മേഖല രണ്ടാം സ്ഥാനവും കത്തീഡ്രല്‍ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്ജ് പള്ളന്‍, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സെക്രട്ടറി ജൂലി ലിന്‍സന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡോ. സുനില്‍, ജോയിൻ്റ് കണ്‍വീന്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീസംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : ശ്രീസംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ 22-ാം വാർഷിക പൊതുയോഗം നമ്പൂതിരീസ് കോളെജിൽ വച്ച് നടന്നു.

പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മണി മേനോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശിവദാസൻ നായർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

നരേന്ദ്രൻ മാഷ് (പ്രസിഡൻ്റ്), മണി മേനോൻ (സെക്രട്ടറി), ബിമൽ (ട്രഷറർ) എന്നിവരെ പുതിയ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

നരേന്ദ്രൻ മാഷ് സ്വാഗതവും മുൻ എക്സിക്യൂട്ടീവ് അംഗം ബിന്ദു സേതുമാധവൻ നന്ദിയും പറഞ്ഞു.

നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ പര്യടനം

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ ഉജ്ജ്വല വിജയത്തിന് നന്ദി പറഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ നന്ദിപ്രകടന പ്രചാരണ പരിപാടിക്ക് തുടക്കമായി.

കാറളം പഞ്ചായത്തിലെ ചെമ്മണ്ടയിൽ നിന്നാരംഭിച്ച നന്ദിപ്രകടന പരിപാടി പൂമംഗലം പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സമാപിച്ചു.

നൂറുകണക്കിന് പ്രവർത്തകരാണ് വിവിധ കേന്ദ്രങ്ങളിൽ തോമസ് ഉണ്ണിയാടനെ സ്വീകരിക്കാൻ എത്തിച്ചേർന്നത്.

നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിൻ ഫ്രാൻസിസ്, എ.പി. വിൽസൺ, എ.ഐ. സിദ്ധാർത്ഥൻ, എൻ.സി. ശ്രീകുമാർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, റോക്കി ആളൂക്കാരൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ്‌ 30ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും, കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് മെയ് 30ന് ശനിയാഴ്ച സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

പടിയൂർ പഞ്ചായത്ത് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഈശ്വരി ജയൻ ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷിക യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

കലാമൂല്യമുള്ളതും എന്നാൽ സാമ്പത്തിക പരാജയങ്ങൾ എറ്റുവാങ്ങുന്നതുമായ ചിത്രങ്ങൾക്കും സംവിധായകർക്കും കൈത്താങ്ങായി നിലകൊള്ളാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബിഎസ്എസ് അവാർഡ് നേടിയ ജോസ് മാമ്പിള്ളിയെ ചടങ്ങിൽ ആദരിച്ചു.

റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ, സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ടുനീഷ്യൻ ചിത്രമായ “വേർ ദി വിൻഡ് കംസ് ഫ്രം” പ്രദർശിപ്പിച്ചു.

പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2007- 2009 കോമേഴ്സ് ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം പ്രഥമ പ്രിൻസിപ്പൽ എൻ.വി. വാസന്തി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ എം.കെ. മുരളി അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുധീറിനെയും
അധ്യാപകരായ റൂബി ആൻ്റണി, കെ.പി. ശ്രീജ, വി.എസ്. സുഷമ, ടി.കെ. രാമചന്ദ്രൻ, എം.എം. നീന, പി.ബി. മഹേഷ്, എം. സൗമ്യ, കെ.പി. രേഖ, ശാരി ശങ്കർ എന്നിവരെ ആദരിച്ചു.

പൂർവ വിദ്യാർഥികളായ ധനീഷ്, ജസ്വിൻ, പൂജ, സ്മിനു, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

പി.ടി.എ. പ്രസിഡൻ്റ് ഭക്തവത്സലൻ നന്ദി പറഞ്ഞു.

‘ക്രിസ്തുദർശനം കരുണാർദ്ര ജീവിതത്തിലൂടെ’ ; ഇരിങ്ങാലക്കുട രൂപതയിൽ വിശ്വാസപരിശീലന അധ്യയന വർഷത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : ‘ക്രിസ്തുദർശനം കരുണാർദ്ര ജീവിതത്തിലൂടെ’ എന്ന ആപ്തവാക്യമുയർത്തി ഇരിങ്ങാലക്കുട രൂപതയുടെ 2026- 27 വർഷത്തെ വിശ്വാസപരിശീലന അധ്യയനവർഷത്തിന് പ്രൗഢോജ്ജ്വലമായ തുടക്കം.

തെക്കൻ താണിശ്ശേരി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ചു.

ദൈവത്തിന്റെ കരുണ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥമായ ക്രിസ്തുദർശനം സാധ്യമാകൂ എന്ന് മാർ പോളി കണ്ണൂക്കാടൻ ഓർമ്മിപ്പിച്ചു.

പ്രാർത്ഥനയും കരുണയും മുഖമുദ്രയാക്കിയ ഒരു തലമുറയെ വളർത്തിയെടുക്കുകയാണ് ഈ അധ്യയനവർഷത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർ പോളി കണ്ണൂക്കാടൻ, രൂപത വികാരി ജനറാൾ റവ. മോൺ. ജോസ് മാളിയേക്കൽ, രൂപത മതബോധന ഡയറക്ടർ റവ. ഫാ. ഡോ. റിജോയ് പഴയാറ്റിൽ, അമ്പഴക്കാട് ഫൊറോന വികാരി റവ. ഫാ. ജോസ് അരിക്കാട്ട്, ഇടവക വികാരി റവ. ഫാ. ഡോ. നെവിൻ ആട്ടോക്കാരൻ, രൂപത മതബോധന അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. സിബു കള്ളാപ്പറമ്പിൽ, റവ. ഫാ. ലിജോ മണിമലക്കുന്നേൽ, മാഴ്സൺ തച്ചിൽ, പ്രധാന അധ്യാപകൻ ലിൻസൺ കണ്ടംകുളത്തി, മെൽബിൻ ഫ്രാൻസിസ്, കെ.ജെ. സാജു, ജെല്‍റ്റ് ഡേവിസ്, സി. മരിയറ്റ് എസ്.സി.സി. തുടങ്ങിയവരും വിദ്യാർഥി പ്രതിനിധികളായ ആന്റണി ജോബി, ആൻഡ്രിയ ഷിജോ എന്നിവരും ദീപം തെളിച്ചു പ്രാർത്ഥനകളർപ്പിച്ചു.

രൂപത മതബോധന ഡയറക്ടർ റവ. ഫാ. ഡോ. റിജോയ് പഴയാറ്റിൽ ഈ വർഷത്തെ ആപ്തവാക്യമായ ‘ക്രിസ്തുദർശനം കരുണാർദ്ര ജീവിതത്തിലൂടെ’ എന്ന വിഷയത്തിൻ്റെ വിശകലന സന്ദേശം നൽകി.

കഴിഞ്ഞ അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മതബോധന യൂണിറ്റ് പ്രഖ്യാപനം രൂപത വികാരി ജനറാൾ റവ. മോൺ. ജോസ് മാളിയേക്കൽ നടത്തി. മികച്ച ഐ.എഫ്.എൽ. ഡയറി തയ്യാറാക്കിയവർക്കുള്ള അവാർഡുകളുടെ പ്രഖ്യാപനം ഫാ. ലിജോ മണിമലക്കുന്നേൽ നിർവ്വഹിച്ചു.

പുതിയ അധ്യയനവർഷത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത വിജയികൾക്ക് ഫാ. സിബു കള്ളാപ്പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒരു വർഷം മുഴുവൻ വിശുദ്ധ കുർബാനയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്കുള്ള പ്രത്യേക സമ്മാനദാനവും ചടങ്ങിൽ നടന്നു.

കൂടാതെ, ഇടവക തലത്തിലുള്ള കാരുണ്യനിധി വിതരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിർവ്വഹിച്ചു.

അസിസ്റ്റന്റ് പ്രധാനധ്യാപിക സി. മരിയ തെരേസ് നന്ദി പറഞ്ഞു.

കാറളത്തെ “വീട്ടിലെ ലൈബ്രറി” സാംസ്‌കാരിക സമത്വ സുന്ദരമായ ഇടം : പി.എൻ. ഗോപീകൃഷ്ണൻ

ഇരിങ്ങാലക്കുട : വായനക്കാരും എഴുത്തുകാരും കലാകാരൻമാരും കൂടിച്ചേരുന്ന സാംസ്കാരി ഇടമായി കാറളത്തെ “വീട്ടിലെ ലൈബ്രറി” വളർന്നു എന്ന് കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.

കാറളത്തെ വീട്ടിലെ ലൈബ്രറിയുടെ രണ്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വം, സ്വാതന്ത്ര്യം സങ്കല്പനങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ് സാമൂഹികമായി സ്വാതന്ത്ര്യം എന്നത് അവകാശപ്പെടാനാകൂ. അത്തരത്തിൽ വീട്ടിലെ ലൈബ്രറി വളർന്നു എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിലെ ലൈബറി അങ്കണത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ റഷീദ് കാറളം അധ്യക്ഷത വഹിച്ചു.

കെ. ശ്രീകുമാർ, ആദിത്യൻ കാതിക്കോട്, സദു കളിമണ്ഡലം, പൊഫ. സാവിത്രി ലക്ഷ്മണൻ, സുലൈമാൻ സാജ്, അസീന ടീച്ചർ, എ.ടി. നിരൂപ്, ഗീത പടിയത്ത്, ഉഷ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

“പാട്ടും കവിതയും വർത്തമാനവും” എന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

തുടർന്ന് ആദിത്യൻ കാതിക്കോടിൻ്റെ “പുഴയുടെ ചങ്ങാതി” എന്ന ഒറ്റയാൾ നാടകം അരങ്ങേറി.

എംഎൽഎ തോമസ് ഉണ്ണിയാടന് സ്വീകരണവും പഠനോപകരണ വിതരണവും നടത്തി

ഇരിങ്ങാലക്കുട : എടതിരിഞ്ഞി
സൗഹൃദ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടന് സ്വീകരണം നൽകി.

ചടങ്ങിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

62 വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സൗഹൃദ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രസിഡൻ്റ് സജീന സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

ട്രഷറർ നസീമ കബീർ സ്വാഗതം പറഞ്ഞു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി ആമുഖ പ്രസംഗം നടത്തി.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റോ കുര്യൻ മുഖ്യാതിഥിയായി.

പടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ, വാർഡ് മെമ്പർ ലതിക ഉല്ലാസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് ഓളാട്ടുപുറം, സി.യു.സി.സി. സെക്രട്ടറി ജാസ്മിൻ ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.

സി.യു.സി. ഭാരവാഹികളായ ടി.കെ. റഫീഖ്, എ.എം. അശോകൻ മുഹമ്മദ് കബീർ, എം.കെ. അബ്ദുൽ മജീദ്, അക്തർ കെ. ഷൗക്കത്ത്, സിയ ഫാത്തിമ, നിയ ഫാത്തിമ, ഷക്കീർ, ആദിബ ഷിഹാബ്, റിഫ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.