ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ആളൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവം രണ്ടാം ദിവസം
നാടകരാവിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച ”സസ്യബുക്ക്” നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
യുദ്ധം, ഭരണകൂട ഭീകരത, പരിസ്ഥിതി ദുരന്തങ്ങൾ, വർഗീയത, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതായിരുന്നു നാടകം.
26ന് ആരംഭിച്ച് ഒരാഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്ത
നാൽപതോളം കുട്ടികളാണ് അര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ വേഷമിട്ടത്.
ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.
നാടകത്തിൻ്റെ അണിയറയിലും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.
നാടകരാവിൽ, കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ ബീന ആർ. ചന്ദ്രൻ അവതരിപ്പിച്ച ”ഒറ്റ ഞാവൽമരം” എന്ന ഏകപാത്ര നാടകവും ഈ വർഷം സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 4 പുരസ്കാരങ്ങൾ നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിൻ്റെ ”പൊറാട്ട്” എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.
പുരസ്കാര ജേതാക്കളായ ബീന ചന്ദ്രൻ, രജിത സന്തോഷ്, നിഖിൽ ദാസ്, നിജിൽ ദാസ് എന്നിവരെ ചലച്ചിത്ര നടൻ സുനിൽ സുഖദ ആദരിച്ചു.
പുല്ലൂർ സജു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈനി തിലകൻ, ഓമന ജോർജ്, സവിത ബിജു, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ക്യാമ്പ് ലീഡർ ശ്രാവണി, തുമ്പൂർ ലോഹിതാക്ഷൻ, എൻ.പി. ഷിൻ്റോ, ജയൻ കാളത്ത് എന്നിവർ പ്രസംഗിച്ചു.