പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.

പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിര്യാതനായി

സന്തോഷ്

ഇരിങ്ങാലക്കുട : എടക്കുളം കാരയിൽ വീട്ടിൽ പരേതനായ കുട്ടൻ മകൻ സന്തോഷ് (49) നിര്യാതനായി.

സംസ്കാരം നാളെ (ഒക്ടോബർ 4) ശനിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

അമ്മ : രമണി

ഭാര്യ : സരിത

മക്കൾ : മാധവ് കൃഷ്ണ, രോഹിത് കൃഷ്ണ

ആറാട്ടുപുഴ ക്ഷേത്രത്തിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ സമൂഹ അക്ഷര പൂജ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതീ മണ്ഡപത്തിലെ പൂജക്ക് ശേഷം മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടന്നു.

ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്ന് അക്ഷരമാല എഴുതി.

നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

നിര്യാതനായി

ഫ്രാൻസിസ്

ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

നിര്യാതയായി

കല്യാണി

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ കണ്ണംപുള്ളി ഗോപാലൻ ഭാര്യ കല്യാണി (94) നിര്യാതയായി.

സംസ്കാരകർമ്മം ഒക്ടോബർ 1(ബുധനാഴ്ച) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

മക്കൾ : രമണി, ലളിത, അജിത, സുനിത

മരുമക്കൾ : പരേതനായ ഗംഗാധരൻ, സുബ്രഹ്മണ്യൻ, ജയൻ

ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുൻ പ്രോഗ്രാം കോർഡിനേറ്റർ എം.വി. ജോസും ചേർന്ന് 150ഓളം ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാമും ഭാരവാഹികളും ചേർന്ന് സ്കൂൾ വൈസ് ചെയർമാൻ അക്ഷയ് കൃഷ്ണയ്ക്കും മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി.

പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, സെകട്ടറിമാരായ സദറു പട്ടേപ്പാടം, വിജയൻ ചിറ്റേക്കാട്ടിൽ, സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, ജിജി വർഗ്ഗീസ്, സിബിൻ ലാസർ, രമാദേവി, സ്കൂൾ വൈസ് ചെയർമാൻ അക്ഷയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

ശ്രീഷ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നാലുമൂലയിൽ പോക്കുരുപറമ്പിൽ സന്ദീപ് ഭാര്യ ശ്രീഷ (33) നിര്യാതയായി.

വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; അഭിനന്ദനാർഹമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഭരണഘടനയുടെ ഉള്ളടക്കത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് അഭിനന്ദനാർഹമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസൂത്രിതമായ പരിപാടികളോടെ ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയും മാനവിക മൂല്യങ്ങളും ബ്ലോക്ക് പരിധിയിലെ എല്ലായിടങ്ങളിലും എത്തിക്കുന്നതിന് വെള്ളാങ്ങല്ലൂർ ബ്ലോക്കിന് സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും ഒരുപോലെയുള്ള പരിഗണന ലഭിക്കുന്നതിന് ഭരണഘടനാ മൂല്യങ്ങൾ ശോഷണം കൂടാതെ സംരക്ഷിച്ചു പോകേണ്ടത് അത്യാവശ്യമാണ്. ആ കടമയാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയിട്ടുള്ളത് എന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ നിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ കൈമാറി.

വജ്ര ജൂബിലി കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവഹിച്ചു.

പതിമൂന്നോളം കലാകാരന്മാർ വേദിയിൽ അരങ്ങേറ്റം കുറിച്ചു. അമ്പതോളം കലാകാരന്മാർ മേളത്തിൽ അണിനിരന്നു.

കവി പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.

കില സി.എച്ച്.ആർ.ഡി. കൊട്ടാരക്കര ഡയറക്ടർ വി. സുധീശൻ ക്യാമ്പയിൻ വിശദീകരിച്ചു.

ഭരണഘടനാ വിജ്ഞാനോത്സവത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, ആശ വർക്കർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് സ്വാഗതവും ബ്ലോക്ക്‌ മെമ്പർ വിജയ ലക്ഷ്മി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രഖ്യാപന ചടങ്ങിന് ശേഷം സമയ കലാഭവൻ കൊറ്റനെല്ലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരണം ഉണ്ടായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ. ഡേവിസ് മാസ്റ്റർ, ഷീല അജയഘോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത്, വികസനകാര്യ സമിതി സ്ഥിരം അധ്യക്ഷ പ്രസന്ന അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ അസ്മാബി ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ഷാജി, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ലിജി രതീഷ്, റോമി ബേബി, ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ സുബീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ്, എൽ.എസ്.ജി.ഡി. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2022- 23 വർഷം മുതൽ തുടർച്ചയായി മൂന്ന് വർഷക്കാലം ഭരണഘടനയെക്കുറിച്ച് ബ്ലോക്ക് അതിർത്തിയിലെ വിദ്യാർഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങൾക്കും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ നേതൃത്വത്തിൽ തുടർച്ചയായ ചർച്ചകൾ, സെമിനാറുകൾ, ഭരണഘടന വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളിലൂടെ അറിവ് പകർന്നു നൽകിയിട്ടുണ്ട്.

ബ്ലോക്ക് അതിർത്തിയിലെ 5 പഞ്ചായത്തുകളിലെ വീടുകളിൽ വിവിധ കോളെജുകളിലെയും സ്കൂളുകളിലെയും എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ലഘുലേഖകൾ എത്തിച്ചു.

നൂറിൽപരം പൊതു ഇടങ്ങളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തുകൊണ്ടുള്ള ഭരണഘടന ചുവരുകൾ സ്ഥാപിച്ചു.

ഭരണഘടനാ സാക്ഷരത കൈവരിക്കാൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പരിശോധിച്ച് കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ സാക്ഷ്യപത്രം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ബ്ലോക്ക് ആയി പ്രഖ്യാപിച്ചത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് : പ്രഖ്യാപനം നാളെ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടവരമ്പ് അംബേദ്കർ നഗറിൽ നടക്കും.

ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡൻ്റ് സുധ ദിലീപ് പറഞ്ഞു.

2022- 23 വർഷം മുതൽ മൂന്നുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്ങല്ലൂർ ഈ നേട്ടത്തിലേക്ക് കടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ, വയോജനങ്ങൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്നത്.

ഇതിൻ്റെ ഭാഗമായി തുടർച്ചയായി ഭരണഘടനാ സംബന്ധമായ ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.

ഭരണഘടനയുടെ ആമുഖം ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തു പതിനൊന്നായിരത്തോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ ബ്ലോക്ക് അതിർത്തിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ നാലായിരത്തിലധികം വീടുകളിൽ ലഘുലേഖകൾ എത്തിച്ചു. തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഈ അസുലഭ നേട്ടത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി സാക്ഷ്യപത്രം നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച പ്രഖ്യാപനം നടക്കുന്നത്.

പ്രഖ്യാപന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ കലക്ടർ അർജുൻ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ ആളുകൾക്ക് ഭൂമിയുടെ ആധാരം കൈമാറും.

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചടങ്ങിൽ നടക്കും.