കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”

ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.

ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയ തട്ടിപ്പെന്ന് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയ തട്ടിപ്പും മാത്രമാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതി എന്ന നിലയിലുള്ള ഈ ബിൽ ഒട്ടനവധി സാങ്കേതിക നിയമക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. ഗവർണ്ണറുടെ പ്രാഥമിക അനുമതിയും പിന്നീട് നിയമസഭയിൽ കൊണ്ടുവന്ന് സബ്ജറ്റ് കമ്മിറ്റിക്ക് അയക്കലും അതിനുശേഷം വീണ്ടും നിയമസഭയിൽ കൊണ്ടുവന്ന് ബിൽ പാസ്സാക്കിയാൽ വീണ്ടും ഗവർണ്ണർക്ക് അയക്കലും കേന്ദ്രനിയമ ഭേദഗതിയായതുമൂലം രാഷ്ട്രപതിക്ക് അയക്കലുമൊക്കെ നേരിടേണ്ട ബില്ലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ളത്.

എൽഡിഎഫ് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മാർഗ്ഗങ്ങളാണ് അനുവർത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ശങ്കർ പഴയാറ്റിൽ, നൈജു ജോസഫ് ഊക്കൻ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, വിനോദ് ചേലൂക്കാരൻ, എൻ.ഡി. പോൾ, ജോൺസൻ കോക്കാട്ട്, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ജോസ് അരിക്കാട്ട്, ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്സ്, മേരി മത്തായി, വത്സ ആന്റു, ബീന വാവച്ചൻ, ദീപക് അയ്യൻചിറ, പോൾ ഇല്ലിക്കൽ, ജോസ് തട്ടിൽ, തോമസ്സ് കോരേത്ത്, സിജോയിൻ ജോസഫ്, ലിജോ ചാലിശ്ശേരി, ജയൻ പനോക്കിൽ, സുരേഷ് പനോക്കിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, വേണു, ഷക്കീർ മങ്കാട്ടിൽ, ഷമീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, കെ.പി. അരവിന്ദാക്ഷൻ, ജോയ് പടമാടൻ, സി.ബി. മുജീബ്, ജോഷി മാടവന, അശോകൻ ഷാരടി, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ് തോട്ട്യാൻ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ഷെയർ ട്രേഡിംഗ് : കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ സംഘത്തിലെ കോയമ്പത്തൂർ മരുതം നഗർ സ്വദേശി എസ്. സഞ്ജയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ സൈബർ പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നും പിടികൂടി.

കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങിനെ സംബന്ധിച്ച് ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ കണ്ട ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിൻ്റെ തുടക്കം.

ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെയും വിളിച്ച് ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് നടത്തുന്നതിന് വേണ്ടി ഫൈവ് പിസിഎൽ03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് ട്രേഡിങ് നടത്തിച്ച് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി 1,06,75,000 രൂപ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപ്പറ്റിയതിനാണ് സഞ്ജയിനെ അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശ്രീയേഷ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിര്യാതനായി

നിഖിൽ

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : ഷൈല

ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)

മകൻ : അനിരുദ്

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.

വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

നിര്യാതനായി

നന്ദകിഷോർ

ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.

യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : പ്രേമ

സഹോദരൻ : കൃഷ്ണകിഷോർ

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

രാസലഹരിക്കെതിരെ രജതനിറവ് വാക്കത്തോൺ

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ രജത നിറവ് വാക്കത്തോൺ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവർ അമേരിക്കൻ പൊലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ താരം ക്ലയർ സി. ജോൺ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആന്റണി ജോൺ കണ്ടംകുളത്തി, കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ പള്ളിയങ്കണത്തിൽ നിന്ന് സ്കേറ്റിങ്ങ് കുട്ടികളുടെയും പതാകയേന്തിയ 25 ബുള്ളറ്റുകളുടെയും അകമ്പടിയോടു കൂടി രാസലഹരിക്കെതിരെയും സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി വിളംബരമായും നടത്തിയ വാക്കത്തോൺ ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ, മുനിസിപ്പൽ മൈതാനം, പ്രൊവിഡൻസ് ഹൗസ്, ഠാണാ ചുറ്റി സ്കൂളിൽ തിരിച്ചെത്തി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ, സ്കൂൾ ലീഡർ ക്രിസ്റ്റഫർ, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ്, ഫസ്റ്റ് അസിസ്റ്റൻ്റ് എം.ജെ. ഷീജ, അധ്യാപകരായ പാർവതി, മായ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ തുടി എന്ന ഫ്ലാഷ് മോബും അരങ്ങേറി.

പ്രശസ്ത ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ജെനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ വാം അപ് പരിശീലനവും ഉണ്ടായിരുന്നു.

സാഫ് ഗെയിംസ് വിന്നർ ഇ.എച്ച്. അബ്ദുള്ള, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ എന്നിവർ നേതൃത്വം നൽകി.

വിശിഷ്ടാതിഥികളും, പൗരപ്രമുഖരും, വിദ്യാർഥികളും, മാതാപിതാക്കളും, അധ്യാപകരും, നാട്ടുകാരും ഉൾപ്പെടെ ആയിരത്തോളം പേർ വാക്കത്തോണിൽ പങ്കെടുത്തു.

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ആലപ്പാടൻ കൊച്ചാപ്പു പൗലോസ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി.

സംസ്‌കാരകർമ്മം ഇന്ന് (ആഗസ്റ്റ് 26) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : മേഴ്‌സി, ഷീല, ജോയ്, ആന്റു

മരുമക്കൾ : ഡേവീസ്, വിത്സൺ, ജോളി, വിധു