സുധർമൻ
ഇരിങ്ങാലക്കുട : അവിട്ടത്തൂർ കല്ലിങ്ങപ്പുറം കൊച്ചുണ്ണി മകൻ സുധർമൻ (65) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (ഫെബ്രുവരി 26) രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : ജലജ
മക്കൾ : ധന്യ, ധനൂപ്
മരുമക്കൾ: സന്തോഷ്, രേഷ്മ

സുധർമൻ
ഇരിങ്ങാലക്കുട : അവിട്ടത്തൂർ കല്ലിങ്ങപ്പുറം കൊച്ചുണ്ണി മകൻ സുധർമൻ (65) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (ഫെബ്രുവരി 26) രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : ജലജ
മക്കൾ : ധന്യ, ധനൂപ്
മരുമക്കൾ: സന്തോഷ്, രേഷ്മ

ഇരിങ്ങാലക്കുട : തിരുച്ചിറപ്പള്ളിയിൽ നടന്ന മൂന്നാമത് ദേശീയ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം നേടിക്കൊടുത്ത കേരള ടീമിലെ താരമായി വിമല സെൻട്രൽ സ്കൂളിലെ ആർ ദേവേന്ദ്രൻ.
കൊടൈക്കനാൽ പെരിയൂർ സ്വദേശികളായ പി.പി. രാമർ – കാളീശ്വരി ദമ്പതികളുടെ മകനായ ദേവേന്ദ്രൻ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ഇപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയിലാണ് താമസം.

ഇരിങ്ങാലക്കുട : ദൽഹി ആസ്ഥാനത്ത് പൊലീസ് നടത്തിയ നരനായാട്ടിലും അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ആകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ. ഗോകുൽ കർമ്മ, എബിൻ ജോൺ, വിനു ആന്റണി, ഷിൻസ് വടക്കൻ, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, സൂര്യകിരൺ, കോൺഗ്രസ് പ്രവർത്തകരായ അബിൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്തെത്തി.
കഴിഞ്ഞ കുറേ കാലങ്ങളായി കേരള കോൺഗ്രസ്സിൻ്റെ തോമസ് ഉണ്ണിയാടനാണ് ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയാകുന്നത്. വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയപ്പെട്ട കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഇനിയും മണ്ഡലത്തിൽ അടിച്ചേൽപ്പിക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ മൂന്നാം തവണയും കേരള കോൺഗ്രസ്സിന് തന്നെ ഈ സീറ്റ് നൽകാനാണ് തീരുമാനമെങ്കിൽ യൂത്ത് കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ അറിയിച്ചു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാള വിഭാഗവും തൃശൂർ ലിറ്റററി ഫോറവും ചേറൂർ സാഹിതിയുമായി ചേർന്ന് സംഘടിപ്പിച്ച ദ്വിദിന സാഹിത്യോത്സവം ‘ലിബ്രിസ്’ സമാപിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ ഭാഷ – സാഹിത്യ – കലാ സംബന്ധിയായ വിവിധ സെഷനുകളിൽ പ്രശസ്തരും പ്രഗത്ഭരുമായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്തു.
ഡോ. എസ്.കെ. വസന്തൻ, കലാനിലയം ഗായത്രി പത്മനാഭൻ, എഴുത്തുകാരിയും സാഹിതി ചെയർപേഴ്സണുമായ ഡോ. സരസ്വതി ബാലകൃഷ്ണൻ, എഴുത്തുകാരനും തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ. ഉണ്ണികൃഷ്ണൻ, മലയാള വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ്, എഴുത്തുകാരായ കെ. രഘുനാഥൻ, എം.ഡി. രാജേന്ദ്രൻ, ജയരാജ് വാര്യർ, സന്തോഷ് ഏച്ചിക്കാനം, മോഹൻദാസ് പാറപ്പുറത്ത്, ഹരി പി. നായർ, സിജിത അനിൽ, നഫീസത്ത് ബീവി, രാജ്കുമാരി വിനോദ്, അപർണ്ണ ബാലകൃഷ്ണൻ, നിവേദിത മാനഴി, സംഗീത ചേനമ്പുള്ളി, അനിൽകുമാർ കോലഴി എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, വി.പി. ഷിൻ്റൊ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്ക് എല്ലാ തലമുറയിലും പെട്ട കലാകാരന്മാരും സാഹിത്യകാരന്മാരുമായി സംവദിക്കാനും അവരുടെ എഴുത്തുവഴികളിൽ കൂടി സഞ്ചരിക്കാനും ഈ കലാസാഹിത്യോത്സവം സാഹായിച്ചു എന്ന് ലിറ്റററി ഫെസ്റ്റിവൽ കൺവീനറും കോളെജ് വൈസ് പ്രിൻസിപ്പലുമായ ഡോ. കെ.ജെ. വർഗ്ഗീസ് പറഞ്ഞു.

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി രാമു കാര്യാട്ട് അനുസ്മരണ സദസ്സും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന അനുസ്മരണ സദസ്സ് എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
“ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും ” എന്ന കാവ്യസമാഹാരത്തിൻ്റെ ചർച്ച സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ സി.എഫ്. റോയ്, വി.ആർ. ലിഷോയ്, ചന്ദ്രൻ കാട്ടൂർ, നോമി കൃഷ്ണ, മഹേഷ് ഇരിങ്ങാലക്കുട, സുവിൻ കൈപ്പമംഗലം, സി.ആർ. ധർമ്മരാജൻ, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, പി.കെ. ജോർജ്ജ്, കെ.പി. രാജൻ, ആൻ്റണി കൈതാരത്ത്, എൻ.എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രന്ഥകർത്താവ് കാട്ടൂർ രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.

ഇരിങ്ങാലക്കുട : വാഗ്മിതയുടെ ഭാഗമായി നടന്നുവരുന്ന സുഭദ്രാഹരണം ചാക്യാർകൂത്ത് പരമ്പര അവസാനിച്ചു.
വിശ്വകവി മേൽപ്പത്തൂർ ഭട്ടതിരിപ്പാടിൻ്റെ സുഭദ്രാഹരണം ചമ്പുകൃതികളെ ആസ്പദമാക്കി കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചാക്യാർകൂത്ത് പരമ്പരയ്ക്കാണ് തിരശ്ശീല വീണത്.
ദ്വീപാന്തരത്തിങ്കൽ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും ദ്വാരക മുഴവൻ ഉത്സവം ആഘോഷിക്കാനായി പോയ അവസരത്തിൽ ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ കപടസന്യാസിയായ അർജ്ജുനനെ ഇതുവരെ പരിപാലിച്ചുവന്ന ശ്രുശ്രൂഷ സുഭദ്ര തുടരുന്നു.
അർജ്ജുനനും സുഭദ്രയ്ക്കും കാമപാരവശ്യത്താൽ ഏകാന്തതയിൽ കാണാനുള്ള ഔത്സ്യക്യം ജനിക്കുന്നു. ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഉമേശോത്സവത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ ഗ്രാമവാസികളെ സുരപാനത്തിൽ മയക്കി. തുടർന്ന് ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ഇന്ദ്രദേവാദികളുടെയും സാന്നിധ്യത്തിൽ അർജ്ജുനൻ സുഭദ്രയെ വരിച്ചു. ഇതായിരുന്നു
‘വാഗ്മിത’യുടെ അവസാനദിനത്തിൽ അരങ്ങേറിയ കഥാഭാഗം.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാചികാഭിനയത്തിന് പ്രാധാന്യം നൽകി വരുന്ന അരങ്ങ് ‘വാഗ്മിത’ കഴിഞ്ഞ 4 വർഷമായി സംഘടിപ്പിച്ചു വരുന്നു.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ വാഴച്ചാൽ ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ വെച്ച് നടത്തിയ പ്രകൃതി പഠന ക്യാമ്പ് പര്യവസാനിച്ചു.
മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 49 സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ പങ്കെടുത്തു.
20ന് വൈകീട്ട് 5.30ന് അതിരപ്പിള്ളി പഞ്ചായത്ത് മെമ്പർ രമ്യ ബിനു ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ഐഷാബി അധ്യക്ഷത വഹിച്ചു.
ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർമാരായ കെ.ഡി. ജയപ്രകാശൻ കെ.കെ. ജോയ്സി എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട് സ്വാഗതവും റോവർ കമ്മീഷണർ വി.ബി. പ്രസാദ് നന്ദിയും പറഞ്ഞു.
ഡോണൽ ഡി. സിൽവ, അബ്ദുൾ ബാബു, സിസ്റ്റർ റിൻസി, മുഹമ്മദ് റോഷാൽ, അജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രകൃതി പഠനത്തെ സംബന്ധിച്ച ക്ലാസ്സുകൾക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പി.കെ. ധർമ്മരാജ്, അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ ജിജി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇതോടനുബന്ധിച്ച് മോണിംഗ് വാക്ക്, മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തി.
രാത്രി നടന്ന ക്യാമ്പ് ഫയർ ആദിവാസി ഊരു മൂപ്പത്തി ഗീത ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കായി ക്വിസ് മത്സരവും നടന്നു.

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്തർദ്ദേശീയ ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധ നേടി മലയാളത്തിലെ പുതുതലമുറ മലയാള സംവിധായകരുടെ ചിത്രങ്ങൾ.
വൈലോപ്പിള്ളിയുടെ കവിതയെ ആസ്പദമാക്കി അഭിലാഷ് ബാബു സംവിധാനം ചെയ്ത “കൃഷ്ണാഷ്ടമി” തടവിലാക്കപ്പെട്ട മനുഷ്യരുടെ നിശ്ചല ദ്യശ്യങ്ങളിലൂടെ സമകാലീന അവസ്ഥകൾ ചൂണ്ടിക്കാട്ടിയപ്പോൾ, ടോക്സിക് ആയി മാറിക്കഴിയുന്ന പ്രണയ ബന്ധങ്ങൾ ആവിഷ്കരിച്ച “മോഹം” കാഴ്ച്ചക്കാരുടെ മനം കവർന്നു.
പ്രദർശനങ്ങൾക്കും ചർച്ചകൾക്കും ശേഷം നടന്ന ചടങ്ങുകളിൽ സംവിധായകൻ അഭിലാഷ് ബാബുവിനെ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പിയും, മോഹത്തിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്, നടൻ ഇസാഖ് മുസാഫിർ, എഡിറ്റർ വിനായക് സുന്ദർ എന്നിവരെ സിനിമാ സംവിധായകരായ രാജേന്ദ്രവർമ്മയും രാംദാസ് കടവല്ലൂരും ചേർന്ന് ആദരിച്ചു.
ചലച്ചിത്രമേളയുടെ നാലാം ദിനമായ ചൊവ്വാഴ്ച്ച മാസ് മൂവീസിൽ രാവിലെ 10ന് “പ്രളയശേഷം ജലകന്യക”, 12ന് “കാത്തിരിപ്പ്” എന്നീ ചിത്രങ്ങളും, വൈകീട്ട് 6ന് റോട്ടറി ക്ലബ്ബ് മിനി എ.സി. ഹാളിൽ പോർച്ചുഗീസ് ചിത്രമായ “ദി ബ്ലൂ ട്രയലും” പ്രദർശിപ്പിക്കും.

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി എന്ന കാരണത്താൽ കഴിഞ്ഞ 12 ദിവസമായി ഇരിങ്ങാലക്കുട നഗരവാസികൾക്ക് വെള്ളമില്ലാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ധർണ്ണയും ജലഅതോറിറ്റിയുടെ ഓഫീസിലേക്ക് മാർച്ചും നടത്തി.
മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ടി.വി. ചാർളി ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പോൾ മാവേലി, ബ്ലോക്ക് ഭാരവാഹികളായ അസറുദ്ദീൻ കളക്കാട്, ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, ജെയ്സൺ പാറേക്കാടൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, സനൽകുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, വിനു ആന്റണി, നഗരസഭാ കൗൺസിലർമാരായ എം.എസ്. ദാസൻ, മിനി ജോസ് ചാക്കോള, കുര്യൻ ജോസഫ്, മഞ്ജു സജത്ത്, ജോസ്മി ഷാജി, ജോഫി ബോസ്, പ്രേമ പാറയിൽ, സുരഭി വിനോദ്, മുൻ കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, മിനി സണ്ണി മാമ്പിള്ളി എന്നിവർ നേതൃത്വം നൽകി.
വാട്ടർ അതോറിറ്റിയിലേക്ക് നടന്ന മാർച്ചിനെ തുടർന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിരുമായി ഡിസിസി ജനറൽ സെക്രട്ടറി ടി.വി. ചാർളി, മണ്ഡലം പ്രസിഡൻ്റ് അബ്ദുൾഹഖ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. വർഗ്ഗീസ് എന്നിവർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തന്നെ കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് പണികൾ ചെയ്തു കുടിവെള്ളം തുറന്നു കൊടുക്കാം എന്ന് ഉറപ്പ് നൽകിയതിനു ശേഷമാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.