മെറിറ്റ് ഡേയും എംഎൽഎ എജ്യുക്കേഷൻ എക്സലൻസി പുരസ്കാര വിതരണവും നടത്തി

ഇരിങ്ങാലക്കുട : 10, 12 ക്ലാസ്സുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ഭാരതീയ വിദ്യാഭവനിൽ മെറിറ്റ് ഡേയും എംഎൽഎ എജ്യുക്കേഷൻ എക്സലൻസി പുരസ്കാരവിതരണവും നടത്തി.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ടി.എ. നായർ അധ്യക്ഷത വഹിച്ചു.

എംഎൽഎ എക്സലൻസി അവാർഡ് ചീഫ് കോർഡിനേറ്റർ മിനി മോഹൻദാസ് വിശിഷ്ടാതിഥിയായിരുന്നു

എംഎൽഎ എക്സലൻസി അവാർഡ് കോർഡിനേറ്റർ സേതുമാധവൻ, വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് റാണി പ്രദീപ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ സ്കൂളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളെയും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

100% വിജയം നേടിയ സ്കൂളിനുള്ള പുരസ്കാരം പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് തോമസ് ഉണ്ണിയാടനിൽ നിന്ന് ഏറ്റുവാങ്ങി.

തോമസ് ഉണ്ണിയാടനെയെയും മിനി മോഹൻദാസിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

വരുംകാല പരീക്ഷകളിൽ മുഴുവൻ മാർക്കും ലക്ഷ്യം കണ്ട് ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് തോമസ് ഉണ്ണിയാടൻ എംഎൽഎ വിദ്യാർഥികളോട് പറഞ്ഞു.

‘ഹരിത വസന്തം’ പദ്ധതി : കാറളം പഞ്ചായത്തിൽ ചെണ്ടുമല്ലി തൈകൾ നട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തി നടത്തുന്ന “ഹരിതവസന്തം” പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തിൽ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈകൾ നട്ടു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ സ്വാഗതവും കാറളം കൃഷി അസിസ്റ്റന്റ് അക്ഷയ്കുമാർ നന്ദിയും പറഞ്ഞു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, വാർഡ് മെമ്പർമാരായ കെ.ബി. ഷമീർ, അനീഷ് ശശിധരൻ, എൻ.എൻ. പ്രീത, പ്രിയ അനിൽ, സുധീർദാസ്, നീതു അനീഷ്, അഞ്ജു സുജിത്ത്, ഗിരീഷ് നന്തിക്കൽ, കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എൻ. ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കൃഷി അസിസ്റ്റന്റുമാരായ ജിനി ജനാർദ്ദനൻ, എം.വി. സുനിത, കാറളം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ജിജി ഗോപി എന്നിവർ പ്രസംഗിച്ചു.

ഓണത്തിനോടനുബന്ധിച്ച് പൂക്കളും പച്ചക്കറികളും വില കുറവിൽ പൊതു വിപണിയിലേക്ക് എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കർഷക – കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറി – ചെണ്ടുമല്ലി തൈകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകൾക്കായി “ഖരമാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, പൊതുവായ ഉത്തരവദിത്വങ്ങൾ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

നഗരസഭ ഹെൽത്ത് ഇൻസ്പെ‌ക്ടർ എ. നിസാർ ക്ലാസ്സ് നയിച്ചു.

പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എസ്. രമ്യ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.

നിര്യാതനായി

മനോജ്

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി മാതൃപ്പിള്ളി കുട്ടപ്പൻ മകൻ മനോജ്‌ (56) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ജൂൺ 11) രാവിലെ 11 മണിക്ക് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.

ഭാര്യ : സജിത

മക്കൾ : നിഖിൽ, അമൃത

വെള്ളാങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ വനിതാ- യൂത്ത് വിംഗ് യോഗം നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ വനിതാ- യൂത്ത് വിംഗ് സംയുക്ത യോഗം നടത്തി.

പ്രസിഡന്റ്‌ ടി.എ. ബഷീറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റ്‌ വിനോദ് കക്കറ, നിയോജക മണ്ഡലം വനിതാ വിംഗ് പ്രസിഡൻ്റ് അനിത, സെക്രട്ടറി എം.കെ. ഈനാശു, ട്രഷറർ സണ്ണി ചെറിയാൻ, അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ, മറ്റു വനിതാ യൂത്ത് വിംഗ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സുജിത് ബാബു (പ്രസിഡന്റ്‌), ഫൈസൽ (സെക്രട്ടറി), അനീസ് (വൈസ് പ്രസിഡന്റ്), ശിഹാബ് (ജോയിന്റ് സെക്രട്ടറി), ജിൻസോ ജോയ് (ട്രഷറർ)
എന്നിവരെ യൂത്ത് വിംഗിന്റെയും, സീനത്ത് സുലൈമാൻ (പ്രസിഡന്റ്), അഞ്ജു ബിജു (സെക്രട്ടറി), സിന്ധു ദിവാകരൻ (വൈസ് പ്രസിഡന്റ്), സിജി ലാർസൺ (ജോയിന്റ് സെക്രട്ടറി), വിനിത (ട്രഷറർ) എന്നിവരെ വനിതാ വിംഗിന്റെയും പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി സിപിഐ

ഇരിങ്ങാലക്കുട : പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.

കെ.എസ്. പ്രസാദ്, അൽഫോൺസ തോമസ്, വി.ആർ. രമേശ്, കെ.എസ്. ബൈജു, അനിത രാധാകൃഷ്ണൻ, ബെന്നി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

ആയുഷ് ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ്റെ പദ്ധതിയായ ആയുഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സ് പരമ്പരയ്ക്ക് തുടക്കമായി.

വൈകാരിക നിയന്ത്രണത്തെക്കുറിച്ച് ഡോ. തുഷാര ജോയ് ക്ലാസ്സെടുത്തു.

ആത്മ ആയുർവേദ സെൻ്റർ എംഡി ഡോ. രവി മൂസ്സ്, ഡോ. ആര്യ, ഡോ. പി. ശ്രുതി, ഡോ. പി. രാധാമണി, സംഗമേശ്വര ആയുർവ്വേദ ഗ്രാമം ഡയറകടർ ഡോ. കേസരി മേനോൻ, അധ്യാപകരായ ബി. ബിജു, സി.പി. രജിത, ഇ.പി. ഹരി, ബിന്ദു ജി. കുട്ടി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

പദ്ധതിയുടെ ഭാഗമായി മാർച്ച് വരെയുള്ള കാലയളവിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മേഖലകളിൽ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും.

ലോകകപ്പിന്റെ ആവേശം തലയിലേറ്റി അരിപ്പാലം സ്വദേശി മണി

ഇരിങ്ങാലക്കുട : ബ്രസീലിൻ്റെ കടുത്ത ആരാധകനായ അരിപ്പാലം സ്വദേശി മണി എല്ലാ ലോകകപ്പിനും ആവേശം തലയിലേറ്റും.

ഇത്തവണയും തലയിൽ ബ്രസീലിന്റെ പേരും പതാകയുടെ നിറവും ഡിസൈൻ ചെയ്താണ് മണി തൻ്റെ ആരാധന പ്രകടമാക്കിയത്.

അരിപ്പാലത്ത് സിഐടിയു യൂണിയൻ അംഗമാണ് മണി.

കാർഷിക വികസന സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : നഗരസഭ കാർഷിക വികസന സമിതി യോഗം ഇരിങ്ങാലക്കുട കൃഷിഭവനിൽ ചേർന്നു.

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗീസ്സ് അധ്യക്ഷത വഹിച്ചു.

കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ പദ്ധതി വിശദികരിച്ചു.

ഈ വർഷത്തെ ഞാറ്റുവേലച്ചന്ത വിപുലമായ രീതിയിൽ കൃഷിഭവനിൽ വച്ച് നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. കർഷകരുടെ വിവിധ വിഷയങ്ങൾ വിശകലം ചെയ്യകയും ചെയ്തു.

കെ.ആർ. ഉണ്ണിച്ചെക്കൻ, സി.ഡി. ജോസ്, കെ.ജെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.

പൊറത്തിശ്ശേരി അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിജു സ്വാഗതവും ഇരിങ്ങാലക്കുട അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച് അപകടം ; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 6 പേർ

ഇരിങ്ങാലക്കുട : പടിയൂർ കെട്ടുച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടം. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്.

അപകടത്തിൽപ്പെട്ട കാർ എതിരെ വന്നിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലും അധ്യാപിക വിഞ്ചു വന്ന സ്കൂട്ടറിലും തട്ടി.

അപകടത്തിൽ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ഇതുവഴി വന്ന ഓട്ടോയ്ക്ക് തൊട്ടു മുന്നിലായി വീണു.

പൊട്ടിവീണ വൈദ്യുതി കമ്പികൾക്കിടയിൽ നിന്ന് ബൈക്ക് യാത്രികരും ഓട്ടോറിക്ഷ യാത്രികരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയിൽ ഒരു ഗർഭിണിയും ഉണ്ടായിരുന്നു.

തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.

അപകടത്തിൽ പരിക്കേറ്റ വിഞ്ചുവിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റാർക്കും പരിക്കുകളില്ല.