ആശങ്ക ഒഴിയുന്നു : കുട്ടൻകുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ

ഇരിങ്ങാലക്കുട : ഏപ്രിൽ 28ന് ആരംഭിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി കുട്ടൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ തീരുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ഒഴിയുന്നു. കുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഭക്തജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കുളത്തിന്റെ തെക്കേ മതിലിന്റെയും പടിഞ്ഞാറേ ഭാഗത്തെയും പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും, കുളത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കും ദേവസ്വം കത്ത് നൽകിയിരുന്നു.

തെക്കേ മതിലിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പടിഞ്ഞാറെ മതിൽ പൂർണ്ണമായും പൊളിച്ചു നീക്കിയിട്ടില്ല. നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികൾ കുളത്തിലേക്ക് ലോറിയിൽ ഇറക്കാൻ കഴിയും വിധം കുറച്ച് ഭാഗത്തെ മതിൽ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത്. ഇവിടെ അപകടസാധ്യത ഒഴിവാക്കും വിധം മറയ്ക്കാനാണ് സാധ്യത.

നവീകരണ പ്രവൃത്തികൾ പുരോഗമിക്കെ ദേവസ്വത്തിന്റെ ആർക്കിയോളജിക്കൽ മ്യൂസിയത്തിന് മുമ്പിലുള്ള റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. തെക്കേ ഭാഗത്ത് മതിലിനുള്ള തറ കെട്ടിയതിനു പിന്നാലെ തന്നെ ഇടിഞ്ഞു താഴ്ന്ന റോഡ് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നത് ഏറെ ആശ്വാസത്തോടെയാണ് ഭക്തജനങ്ങൾ നോക്കിക്കാണുന്നത്.

കുളത്തിന്റെ ബാക്കി നവീകരണ പ്രവൃത്തികളും സൗന്ദര്യവൽക്കരണവും ഉത്സവത്തിന് ശേഷം പുനരാരംഭിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് : ഇരിങ്ങാലക്കുടയിൽ പോളിംഗ് 60 ശതമാനം കടന്നു

ഇരിങ്ങാലക്കുട : കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗ് 60 ശതമാനം കടന്നു.

തൃശ്ശൂര്‍ ജില്ലയിൽ ഇതുവരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര – 63.13%
കുന്നംകുളം – 61.67%
ഗുരുവായൂർ – 58.39%
മണലൂർ : 62.16%
വടക്കാഞ്ചേരി – 66.07%
ഒല്ലൂർ – 66.05%
തൃശ്ശൂർ – 64.02%
നാട്ടിക – 63.17%
കയ്പമംഗലം – 60.97%
ഇരിങ്ങാലക്കുട – 64.06%
പുതുക്കാട് – 65.86%
ചാലക്കുടി – 63.54%
കൊടുങ്ങല്ലൂർ – 62.65%

നിര്യാതയായി

സന്ധ്യ

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് ആനുരുളി റോഡ് ശ്രീനാരായണഗുരുദേവ ഭക്ത കരയോഗത്തിനു സമീപം പെരുംകുളം വീട്ടിൽ സുനിൽ ഭാര്യ സന്ധ്യ (47) നിര്യാതയായി.

പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.

സംസ്കാരം ഏപ്രിൽ 6 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് മുക്തിസ്ഥാനിൽ.

മകൾ : ഗോപിക

മാണിക്യ ശ്രീ പുരസ്‌കാരം വേണുജിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നൽകി വരുന്ന മാണിക്യ ശ്രീ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ വേണുജി അർഹനായി.

സുപ്രധാന സംസ്കൃത നാടകങ്ങളായ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം ഭാസൻ്റെ ഊരുഭംഗം, ശൂദ്രകന്റെ മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദ്ദേശിയ വേദികളിൽ എത്തിച്ചു എന്നതാണ് വേണുജിയുടെ ഈ രംഗത്തെ സുപ്രധാന നേട്ടം.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിനു പുറമെ കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്നും ഫെല്ലോഷിപ്പുകൾക്ക് വേണുജി അർഹനായിട്ടുണ്ട്.

ഇരിങ്ങാലക്കുട നടനകൈരളിയുടെ സ്ഥാപകനാണ് വേണുജി.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നളിൻ ബാബു എസ് മേനോൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും.

എൻഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : നൂറു കണക്കിന് പൊതുജനങ്ങളുടെയും പാർട്ടി അണികളുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എൻഡിഎയുടെ ഇരിങ്ങാലക്കുട മണ്ഡലം വികസനരേഖ പ്രകാശനം ചെയ്തു.

69 വർഷമായി ഭരിക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരെ സംഗമപുരിയിൽ വികസിത ഇരിങ്ങാലക്കുടയ്ക്കായി
എൻഡിഎയെ വിജയിപ്പിക്കണമെന്ന് നിർമ്മല സീതാരാമൻ വികസനരേഖ പ്രകാശനം നിർവഹിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

അസംബ്ലി തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം, ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, എൻഡിഎ നേതാക്കളായ കെ.സി. വേണു മാസ്റ്റർ, ജയചന്ദ്രൻ, സുനിൽ ചെരടായി, അജിത്ത് തുമ്പപ്പൂ, അഡ്വ. സുബീഷ് ശങ്കരൻ, ലോചനൻ അമ്പാട്ട്, കവിത ബിജു, ശ്യാംജി
മാടത്തിങ്കൽ, വിപിൻ പാറമേക്കാട്ടിൽ, അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, സന്തോഷ് ബോബൻ, ശ്രീജേഷ് ഊരകം, രിമ പ്രകാശ്, ആർച്ച അനീഷ്, പി.എസ്. സുഭീഷ്, കലേഷ്കുമാർ, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആർ. രഞ്ജിത്ത്, ജിതീഷ് മോഹൻ, രമേഷ് അയ്യർ, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇടതു വലതു മുന്നണികളെ കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം : നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : എൽഡിഎഫിനെയും യുഡിഎഫിനെയും കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളത്തിനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ റോഡ് ഷോയുടെ സമാപനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

കേരളത്തിലെ സിപിഎം സർക്കാർ കേരളത്തെ വൻ കടബാധ്യതയിലാക്കി കഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും യുവജനങ്ങൾ തൊഴിലിനും വ്യവസായ സംരംഭങ്ങൾക്കുമായി നാട് വിടുന്നതും സാധാരണമായി കൊണ്ടിരിക്കുകയാണെന്ന്മന്ത്രി ചൂണ്ടിക്കാട്ടി. അവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഈ ഗതികേടിന് പരിഹാരം കാണാൻ കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള അശാസ്ത്രീയ കൂട്ടുകെട്ട് ഡൽഹിയിൽ ഇന്നും തുടർന്നു കൊണ്ട് ജനങ്ങളെ പറ്റിക്കുകയാണ്.

കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി – എൻഡിഎ സർക്കാർ ഇവിടെ അധികാരത്തിൽ വരണമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു.

പൂതംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : പരേതനായ തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫ് ഭാര്യ മറിയാമ്മ (90) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : കൊച്ചുമേരി, ആന്റോ, വർഗീസ്, ജെസ്സി, ജോസ്, ജെയ്സൺ

മരുമക്കൾ : പോൾ, ബീന, ഷോബി, ടോണി, നിഷ, മെനില

“തുടരണം ടീച്ചർ, നിറയണം വികസനം” : ഡോ. ആർ. ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആൽബം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിൻ്റെ പ്രചരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി തയ്യാറാക്കിയ ”തുടരണം ടീച്ചർ, നിറയണം വികസനം” എന്ന സംഗീത ആൽബം യുവ സിനിമ സംവിധായകൻ അനീഷ് പ്രകാശനം ചെയ്തു.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ജി. മോഹനൻ ഏറ്റുവാങ്ങി.

ഡോ. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവും സന്നിഹിതയായിരുന്നു.

ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

ഖാദർ പട്ടേപ്പാടം രചിച്ച വരികൾക്ക് ബിഷോയ് അനിയനാണ് ഈണം പകർന്നിരിക്കുന്നത്.

കാർത്തികേയൻ ഏങ്ങണ്ടിയൂർ, രേവതി, കിംഗ്സ് മുരളി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. അഡ്വ. ഇന്ദു മുരളിയാണ് ദൃശ്യാവിഷ്ക്കാരം.

തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനം ആരംഭിച്ചു.

കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട് സെന്ററിൽ നിന്നാരംഭിച്ച പര്യടനം ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ അശോക് തൻവർ, ജനറൽ കൺവീനർ, ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പുള്ളി, കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യൻ, മണ്ഡലം ചെയർമാൻ എ.പി. വിൽസൺ, കൺവീനർ ജയ്‌ഹിന്ദ്‌ രാജൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമത്ത്, ജില്ലാ സെക്രട്ടറി അംബുജം രാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന സമിതിയംഗം വിനീഷ് സുകുമാരൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാലിയത്താഴത്ത്, ജില്ലാ കമ്മിറ്റിയംഗം സതീഷ് കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിന്റെ മണ്ഡലംതല സ്വീകരണ പര്യടനം തുടരുന്നു

ഇരിങ്ങാലക്കുട : എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിൻ്റെ മണ്ഡലം തല സ്വീകരണപര്യടനം തുടരുന്നു.

ഞായറാഴ്ച കാട്ടൂരിലെ മാവുംവളവിൽ നിന്ന് തുടങ്ങിയ പര്യടനം കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ സമാപിച്ചു.

40 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.

മുന്നണി നേതാക്കളായ പി. മണി, ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ് കുമാർ, എൻ.കെ. ഉദയപ്രകാശ്, ബിജു ആൻ്റണി, ആർ.എൽ. ശ്രീലാൽ, അഡ്വ. കെ.ആർ. വിജയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സ്വീകരണ കേന്ദ്രങ്ങളിൽ ടി.ജി. ശങ്കരനാരായണൻ, എ.വി. അജയൻ, കെ.കെ. ശിവൻ, റഷീദ് കാറളം, മിഥുൻ പോട്ടക്കാരൻ, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.