കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : കഴിഞ്ഞ 18 വർഷമായി നടത്തി വരുന്ന കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ സ്വീകരണം നൽകി.

സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെ മുൻനിർത്തി സൈക്ലിംഗിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശം ലക്ഷ്യമിട്ടാണ് സൈക്കിൾ യാത്ര നടത്തുന്നത്.

ഈ സൈക്കിൾ യാത്രയോടനുബന്ധിച്ചു ഇരിങ്ങാലക്കുടയിൽ കാലങ്ങളായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന പ്രമുഖ നാടക നടൻ മണികണ്ഠനെ ആർ എസ് എസ് ഖണ്ട് സംഘചാലക്‌ പ്രതാപവർമ രാജയും, ഉണ്ണിയെ കെ എസ് നായർ കാക്കരയും അനിയനെ സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും റിട്ട എഞ്ചിനീയറുമായ രാധാകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു ആശംസകൾ നേർന്നു.

സേവാഭാരതി സെക്രട്ടറി സായി റാം സ്വാഗതവും
നല്ല ജീവന പ്രസ്ഥാനത്തിന്റെ വക്താവായ വത്സ രാജ് നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡന്റ്‌ ഗോപിനാഥ് പീടികപറമ്പിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജഗദീഷ് പണിക്കവീട്ടിൽ, രാധാകൃഷ്ണൻ, പി എസ് ജയശങ്കർ, വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് അവർക്കു വേണ്ടുന്ന ഭക്ഷണവും നൽകിയാണ് സൈക്കിൾ യാത്രക്കാരെ ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രയാക്കിയത്.

കെ കെ ടി എം കോളെജിൽ ബിരുദദാന സമ്മേളനവുംകിര്‍ഫ് റാങ്ക് – വിജയാഘോഷവും

ഇരിങ്ങാലക്കുട : പുല്ലൂറ്റ് കെ കെ ടി എം ഗവ കോളെജിൻ്റെ ബിരുദദാന സമ്മേളനവും കിർഫ് റാങ്ക് നേട്ടത്തിൻ്റെ ആഘോഷവും മെറിറ്റ് ഡേയും മുസിരിസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

ബിരുദം നിങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റണമെന്നും വിദ്യ കൊണ്ട് സ്വതന്ത്രരാവണമെന്നും മനുഷ്യത്വമുള്ള മനുഷ്യരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിച്ചു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള അധ്യക്ഷത വഹിച്ചു.

ബിരുദദാന സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ ഇ എസ് മാഗി ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പൽ ഡോ ജി ഉഷാകുമാരി, ഐ ക്യു എ സി മെമ്പർ ഡോ കൃഷ്ണകുമാർ, കോളെജ് ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡന്റ് എം ആർ സുനിൽ ദത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

പി ടി എ സെക്രട്ടറി ഡോ എസ് വിനയശ്രീ സ്വാഗതവും ആർ രാഗ നന്ദിയും പറഞ്ഞു.

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

ഇരിങ്ങാലക്കുട : സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ”എ” ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി അറിയിച്ചു.

ടാർപോളിൻ മേഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീടെന്ന നയനയുടെ സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകും.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരിൽ അറിയിക്കുകയും നയനയെ സുരേഷ്ഗോപി കൊടുത്തയച്ച ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.

സുഖമില്ലാതിരിക്കുന്ന അദ്ദേഹം തത്സമയം വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു.

ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ഇരിങ്ങാലക്കുട- ആളൂർ പ്രസിഡൻ്റുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുബീഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി കെ ആർ രഞ്ജിത്ത്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ആർച്ച അനീഷ്, ബിജെപി ജില്ലാ കമ്മറ്റിയംഗം അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബൂത്ത് പ്രസിഡന്റ് സന്തോഷ് തറയിക്കോട്, ഉണ്ണികൃഷ്ണൻ, സരീഷ് കാര്യങ്ങാട്ടിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നിര്യാതനായി

പങ്കജാക്ഷൻ നായർ

ഇരിങ്ങാലക്കുട : മാള ഐരാണിക്കുളം തോട്ടോത്ത് പങ്കജാക്ഷൻ നായർ (77) നിര്യാതനായി.

സംസ്ക്കാരം ഡിസംബർ 9 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊരട്ടി ശ്മശാനത്തിൽ.

ഭാര്യ : പുതിയേടത്ത് വിജയകുമാരി

മക്കൾ : മനോജ്,  അശ്വതി

മരുമക്കൾ : ബാബു,  ഗ്രീഷ്മ

കേരളത്തിൽ നിന്നും രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി.

“ഗ്ലീനോനോക്രൈസ സെയിലാനിക്ക” എന്ന ഹരിതവലച്ചിറകനെ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

“ഇൻഡോഫെയിൻസ് ബാർബാറ’ എന്നറിയപ്പെടുന്ന മറ്റൊരു അപൂർവ്വയിനം കുഴിയാന വലച്ചിറകനെ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂർ, തിരുവനന്തപുരത്തെ പൊന്മുടി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി കുഴിയാന വലച്ചിറകനെ തെറ്റിദ്ധരിക്കാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും ഇവ വ്യത്യസ്തപ്പെടാനുള്ള പ്രധാന കാരണം.

ഈ ജീവികളുടെ സാന്നിധ്യവും, ഇതിൻ്റെ പൂർണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ”ജേണൽ ഓഫ് എൻ്റമോളജിക്കൽ റിസർച്ച് സൊസൈറ്റി”, ”നാച്ചുറ സോമോഗിയൻസിസ്” എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ സുപ്രധാനപ്പെട്ട ഈ കണ്ടെത്തലിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകൾക്ക് സാമ്യത ഉണ്ടെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബ് ഗവേഷകൻ ടി ബി സൂര്യനാരായണൻ, എസ് ഇ ആർ എൽ മേധാവി ഡോ സി ബിജോയ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്.

കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികൾ.

കൗൺസിൽ ഫോർ സയൻ്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാൻ്റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രം (എസ് ഇ ആർ എൽ) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഭിന്നശേഷി കുട്ടികൾക്ക് പഠന ഉല്ലാസ യാത്രയുമായി സമഗ്ര ശിക്ഷ കേരള ബി ആർ സി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ബി ആർ സി ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി പഠന ഉല്ലാസയാത്ര നടത്തി.

18 ഭിന്നശേഷി കുട്ടികൾ, രക്ഷിതാക്കൾ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ബി ആർ സി അംഗങ്ങൾ എന്നിവർ ചാവക്കാട് “ഫാം വില്ല”യിലേക്ക് നടത്തിയ ഉല്ലാസയാത്രയിൽ പങ്കെടുത്തു.

ബി ആർ സി ഇരിങ്ങാലക്കുടയിലെ ബി പി സി കെ ആർ സത്യപാലൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

വിനോദ യാത്രയുടെ ചിലവ് സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.

നിര്യാതയായി

തങ്കമ്മ

ഇരിങ്ങാലക്കുട : സി പി ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പ്രസാദിൻ്റെ മാതാവ് തത്തംപിള്ളി തങ്കമ്മ (86) നിര്യാതയായി.

ശവസംസ്കാരം ഡിസംബർ 8(ബുധനാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ

മക്കൾ : പ്രസാദ്, പരേതനായ സേതുമാധവൻ

മരുമക്കൾ : ഉഷ, ബിന്ദു

സംസ്ഥാന സ്കൂൾ കലോത്സവം : ചെണ്ടമേളത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ”എ” ഗ്രേഡ് നേടി നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട മേളത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ”എ” ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ പി ആർ ശ്രീകർ, ഋഷി സുരേഷ്, എം ബി അശ്വിൻ, ഇ യു വിഗ്നേഷ്, പി എസ് ഭരത് കൃഷ്ണ, വരുൺ സുധീർദാസ്, കെ ബി കൃഷ്ണ എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ സി എസ് യുദുകൃഷ്ണ,
അനീഷ് മേനോൻ, കെ എസ് അമിത്കൃഷ്ണ, കെ യു ശ്രീപാർവ്വതി, കെ ബി ആദിത്യൻ, അനസ് കണ്ണൻ, അശ്വിൻ സന്തോഷ് എന്നിവരുമാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.

ആറാട്ടുപുഴ ക്ഷേത്രത്തിൽ വിദ്യാസാരസ്വതാർച്ചന ജനുവരി 10, 11, 12, തിയ്യതികളിൽ.

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ  വിദ്യാസാരസ്വതാർച്ചന ജനുവരി 10, 11, 12 തിയ്യതികളിൽ നടക്കും.

വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ അർച്ചന. മത്സര പരീക്ഷകൾക്കും ഇന്റർവ്യൂവിനും തയ്യാറെടുക്കുന്നവർക്കും സംഗീതോപാസകർക്കും ഇതിൽ പങ്കെടുക്കാം.

രഘു വംശത്തിന്റെ കുലഗുരുവായ വസിഷ്ഠ സങ്കല്പമുള്ള ആറാട്ടുപുഴ  ശാസ്താവിന്റെ തിരുസന്നിധിയിലെ നടപ്പുരയിൽ മൂന്ന് ദിവസവും രാവിലെ 7 മുതൽ 7.40 വരെയാണ് അർച്ചന.

നിലവിളക്കുകളുടെ സാന്നിദ്ധ്യത്തിൽ  സരസ്വതീ മന്ത്രങ്ങൾ ഉരുവിട്ട് വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ഈ അർച്ചനക്ക് തന്ത്രി ബ്രഹ്മശ്രീ കെ പി കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

അർച്ചനക്കുള്ള പൂക്കൾ വിദ്യാർത്ഥികൾ തന്നെ  കൊണ്ടു വരേണ്ടതാണ്. അർച്ചനക്ക് ശേഷം ജപിച്ച സാരസ്വതം നെയ്യും തിരുമധുരവും വിദ്യാർത്ഥികൾക്ക് പ്രസാദമായി നൽകും.

കൂടുതൽ വിവരങ്ങൾക്ക് 7012693980
എന്ന ഫോൺ നമ്പറിലോ സെക്രട്ടറി, ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി, ആറാട്ടുപുഴ പി ഒ, തൃശ്ശൂർ ജില്ല എന്ന  വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.