പടിയൂർ ഇരട്ടക്കൊലപാതകം : കേദാർനാദില്‍ മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം

ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറി(45)നെ തന്നെയാണ് കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം.

വ്യാഴാഴ്ചയാണ് പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.

ഇയാളുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലുണ്ടായിരുന്ന മകളുടെ നമ്പറിലേക്ക് ആശുപത്രി ജീവനക്കാർ ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.

ജൂൺ 4നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തുവരുന്നത്. പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മരണ വിവരം അറിയുമ്പോൾ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

പ്രേംകുമാറിന്റെ ഭാര്യയായ രേഖയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് മരണം കൊലപാതകമാണെന്നും പ്രതി പ്രേംകുമാർ ആണെന്നുമുള്ള സൂചന ലഭിക്കുന്നത്.

പ്രതിയുടെ രണ്ടാം ഭാര്യയാണ് രേഖ.

2019ൽ ആദ്യത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് പ്രേംകുമാർ.

പ്രേംകുമാർ പഠിച്ച സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമത്തിനെത്തിയ സഹപാഠി സുനിതയുമായി പ്രണയത്തിലായതിനെ തുടർന്ന് വിദ്യയെ ഒഴിവാക്കാനായിരുന്നു ആദ്യ കൊലപാതകം.

ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇതൊന്നും അറിയിക്കാതെ രേഖയെ വിവാഹം കഴിക്കുന്നത്. രേഖയുടെതും രണ്ടാം വിവാഹമാണ്.

കൊലപാതകം നടത്തിയതിനുശേഷം നാട്ടിൽ മുങ്ങിയ പ്രതിക്കായി പൊലീസ് 3 ഭാഷകളിലായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതി ഡൽഹിയിലുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ഡൽഹിയിൽ എത്തിയ സമയത്താണ് പ്രേംകുമാറിന്റെ മരണവിവരം അറിയുന്നത്.

തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്ത പക്ഷം കേദാർനാഥിൽ തന്നെ സംസ്കരിക്കാനാണ് നീക്കം.

കേസ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിര്യാതയായി

ആനീസ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കൽ തോമസ് ഭാര്യ ആനീസ് (77) നിര്യാതയായി.

ബി.വി.എം.എച്ച്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (ജൂൺ 14) വൈകീട്ട് 4.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും സി.ബി.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

”നക്ഷത്രത്തിളക്കം” എന്ന പേരിൽ നടത്തിയ പരിപാടി മന്ത്രി കെ. രാജനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ്‌ കെ. ജയൻ, കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെന്നി ബെഹനാൻ എംപി, രാജ്യസഭാ അംഗം ജെബി മേത്തർ, എൻ.എ. അക്ബർ എംഎൽഎ, ഗൾഫ്ആർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ അലി, കല്യാൺ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, സീ ഷോർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി, ഒബറോൺ ഗ്രൂപ്പ് ചെയർമാൻ എം.എ. മുഹമ്മദ്‌, അജ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

അയ്യായിരത്തോളം വരുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ ഇരുപത് വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സി.പി. ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക പ്രശ്നങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അറിയിച്ചു.

വായനാശീലം വളർത്താൻ സ്കൂളുകളിൽ അവസരം ഒരുക്കണം : എം.പി. ജാക്സൺ

ഇരിങ്ങാലക്കുട :
മാനവ സംസ്കൃതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിപ്പാൾ കെ.എസ്. യു.പി.സ്കൂളിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുൻ കെ.പി.സി.സി. ജന:സെക്രട്ടറി എം.പി.ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

കലാ-കായിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുവാനും, കുട്ടികൾക്കും മുതിർന്നവർക്കും, അന്യംനിന്നു പോയ വായനാശീലം പ്രോത്സാഹിപ്പിക്കുവാനും പാരിസ്ഥിക വിഷയങ്ങളടക്കം സമൂഹത്തിലെ ജനനന്മയ്ക്കുതകുന്ന വിഷയങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പി.ടി.തോമസ് രൂപം കൊടുത്ത മാനവസംസ്കൃതിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ജാക്സൺ പറഞ്ഞു.

പി.ടി ലാസർ അധ്യക്ഷത വഹിച്ചു.

മാനവസംസ്കൃതി സംസ്ഥാന കൗൺസിൽ അംഗം സാജു പാറേക്കാടൻ, താലൂക്ക് ട്രഷറർ ഷാജി മോനാട്ട്, മുൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധൻ കാരയിൽ, മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് പടിഞ്ഞാറെത്തല, സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ.സുനജ, ഒ.എസ്. എ.പ്രസിഡണ്ട് പി.എൻ. രാമകൃഷ്ണൻ , കെ.പി.കേശവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം ആസാദ് റോഡ് 13-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി.

മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി.

കുടുംബ സംഗമത്തിന്റെ ഭാഗമായി വാർഡിലെ 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാരെയും,50 വർഷം വിവാഹ ജീവിതം നയിച്ച ദമ്പതിമാരെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ എളേടത്തിനെയും ചടങ്ങിൽ ആദരിച്ചു.

കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് മാസ്റ്റർ, വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, 11-ാം വാർഡ് കൗൺസിലർ എം.ആർ ഷാജു. വാർഡ് ഇൻ ചാർജ്ജ് ഭരതൻ പൊന്തങ്കാട്ടിൽ, ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ എളേടത്ത് എന്നിവർ സംസാരിച്ചു.

വാർഡ് വൈസ് പ്രസിഡന്റ് വിനു ആന്റണി അക്കരക്കാരൻ സ്വാഗതവും വാർഡ് വൈസ് പ്രസിഡന്റ് ഹരിത കെ.എച്ച് നന്ദിയും പറഞ്ഞു.

23-ാമത് ആറാട്ടുപുഴ ശ്രീ ശാസ്താ സംഗീതോത്സവം 24 മുതൽ; അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : 23-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂൺ 24, 25, 26, 27 തിയ്യതികളിൽ അരങ്ങേറുന്നു.

സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന് വൈകുന്നേരം 6മണിക്ക് പ്രശസ്ത സംഗീതജ്ഞനും വീണാ വിദ്വാനുമായ എ. അനന്തപത്മനാഭൻ ദദ്രദീപം കൊളുത്തി നിർവ്വഹിക്കും.

ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാർച്ചന നടക്കുക. സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതം മാത്രമെ ആലപിക്കാൻ അനുവദിക്കുകയുള്ളു. പത്ത് മിനിറ്റ് സമയം മാത്രമെ അർച്ചന നടത്താവു. പരിമിതമായ പക്കമേളം വേദിയിൽ ലഭ്യമായിരിക്കും.

അർച്ചനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഗീത ഉപാസകർ പേര്, വയസ്സ് ,വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്സപ്പുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ) , തൃശ്ശൂർ 680 562 എന്ന വിലാസത്തിലോ, https://docs.google.com/forms/d/1ulAiGNxBwBrzF-OKU6TrTfL_Ag8Q4fMu_da0ZiZbEdQ/edit എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോമിലൂടെയോ ജൂൺ 18 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9947022611, 9526562580
എന്നീ ഫോൺ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ വാട്സപ്പ് സന്ദേശം വഴി സംഗീതാർച്ചനയിൽ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്നതാണ്.

ചേലൂർ അങ്ങാടി അമ്പ് : കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ഇടവക തിരുനാളിനോടനുബന്ധിച്ച്  ഡിസംബർ 29ന് ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അങ്ങാടി അമ്പിൻ്റെ മുന്നൊരുക്കങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു.

ജിബിൻ ജോസ് ചിറയത്ത്‌ (ജനറൽ കൺവീനർ), ജോമോൻ ജോസ് മണാത്ത്‌, ക്രിസ്റ്റോ സെബാസ്റ്റ്യൻ ചെറുവത്തൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും 101 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

നിര്യാതനായി

ജോർജ്ജ്

ഇരിങ്ങാലക്കുട : നഗരസഭ പത്തൊമ്പതാം വാർഡ് തെക്കേ അങ്ങാടിയിൽ ആഴ്ചങ്ങാടൻ വീട്ടിൽ പരേതനായ ലോനപ്പൻ മകൻ ജോർജ്ജ് (65) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ജൂൺ 7) രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിനി

മകൾ : അൻസ

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി പി.ജെ. റൂബിക്ക് ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് വിജയൻ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് അദ്ദേഹം റൂബിക്ക് ഉപഹാരം നൽകി.

സെക്രട്ടറി ഇൻ ചാർജ്ജ് കെ.ജി. ജിഷ, ഭരണസമിതി അംഗങ്ങളായ കെ.ജെ. അഗസ്റ്റിൻ, വി.പി. രാധാകൃഷ്ണൻ, സുനിത പരമേശ്വരൻ, വിവിധ ബ്രാഞ്ചിലെ മാനേജർമാരായ എം.ബി. നൈജിൽ, സുധ ജയൻ, സീമ ഭരതൻ, ജാക്‌ലിൻ ബാബു, രശ്മി സജൻ, സൗമ്യ രാജേഷ്, ശരത് രാജൻ, ജെയിൻ ജോർജ്ജ്, കെ.എസ്. അസറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം. ധർമ്മരാജൻ സ്വാഗതവും ഭരണസമിതി അംഗം എ. ഇന്ദിര നന്ദിയും പറഞ്ഞു.

ബാങ്കിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

സീഡ് ബോൾ നൽകി കൊണ്ടാണ് കുട്ടികൾ വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.

മുൻ പി.ടി.എ. പ്രസിഡന്റും കൗൺസിലറുമായിരുന്ന പി.വി. ശിവകുമാർ നൃക്ഷത്തൈ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

“പ്ലാസ്റ്റിക് ഉപയോഗവും അതുമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങളും” എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകി.

സ്കൂൾ ജൈവ വൈവിധ്യ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ് പി.വി. ശിവകുമാറിന് നൽകി പ്രകാശനം ചെയ്തു.

തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ്, സി. ആൽഫിൻ, റെനി ആന്റണി എന്നിവർ പ്രസംഗിച്ചു.