മാധവനാട്യ ഭൂമിയിൽ ഇന്ന് ജപ്പാനീസ് കലാകാരികളുടെ നങ്ങ്യാർകൂത്ത്

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി 6) വൈകീട്ട് 5 മണിക്ക് ജപ്പാനീസ് കലാകാരിയായ മിച്ചികൊ ഒനൊ അവതരിപ്പിക്കുന്ന ‘മധൂകശാപം’ നങ്ങ്യാർകൂത്ത് അരങ്ങേറും.

ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചികൊ.

ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചികൊയോടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്.

തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശിനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്.

മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്.

അക്ഷരബോധിനി സംസ്ഥാന പുരസ്കാരം കെ. സരിതയ്ക്ക്

ഇരിങ്ങാലക്കുട : അക്ഷരബോധിനി സംസ്ഥാന പുരസ്കാരത്തിന് കൊടുങ്ങല്ലൂർ എറിയാട് ശിശു വിദ്യാപോഷിണി സ്കൂളിലെ പ്രധാന അധ്യാപിക കെ. സരിത അർഹയായി.

ആലപ്പുഴയിലെ ചെങ്ങന്നൂർ ബോധിനിയാണ് ഈ പുരസ്കാരം (10001 രൂപ) ഏർപ്പെടുത്തിയിട്ടുള്ളത്.

ഭാഷ, സന്നദ്ധ സേവനം എന്നീ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്.

ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ആക്ടിവ സ്കൂട്ടർ മോഷണം പോയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് പരിസരത്തു നിന്നും തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL45 R 8460 പർപ്പിൾ കളറിലുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7994167075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇരിങ്ങാലക്കുടയിൽ അടുത്ത ദിവസങ്ങളിലായി ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം എ.കെ.പി. ജംഗ്ഷനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മോഷണം പോയിരുന്നു.

വേളൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ വേളൂക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച ജില്ല, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി.

പര്യടന പരിപാടി കോലോത്തുംപടിയിൽ പാർട്ടി ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് തുമ്പൂർ മനപ്പടിയിൽ സിപിഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം.പി മനോഹരൻ്റെ 12-ാം അനുസ്മരണ സമ്മേളനത്തോടെ പര്യടനം സമാപിച്ചു.

ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ ടി. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി പി ഐ ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ. ഗോപി, ടി.എസ് സജീവൻ മാസ്റ്റർ, കെ.വി. മദനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ എന്നിവർ സംസാരിച്ചു.

ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. വിനയൻ സ്വാഗതവും, എം.എൻ മോഹനൻ നന്ദിയും പറഞ്ഞു.

ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു ; പുളിക്കെട്ട് നിർമ്മാണം ഉടൻ ആരംഭിക്കും

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു. പടിയൂർ പഞ്ചായത്തിൽ പെടുന്ന കാക്കാത്തുരുത്തിയിൽ കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷണ്മുഖം കനാലിൽ നിർമ്മിക്കേണ്ട പുളിക്കെട്ട് നിർമ്മാണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.

ഇതേ പ്രവർത്തിയോടൊപ്പം ചെയ്യേണ്ട 4 ഇടക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഷണ്മുഖം കനാലിൽ ചീപ്പോടു കൂടിയാണ് ഇപ്രാവശ്യം പുളിക്കെട്ട് നിർമ്മിക്കുന്നത്.

എല്ലാ വർഷവും ഡിസംബറിൽ നിർമ്മിക്കുന്ന പുളിക്കെട്ട് നിർമ്മാണം വൈകിയതോടെ കർഷകരും പ്രദേശവാസികളും വലിയ ആശങ്കയിലായിരുന്നു.

കനാലിൽ നിന്ന് ഉപ്പുവെള്ളം കയറിയാൽ വ്യാപക കൃഷി നാശവും ശുദ്ധജലക്ഷാമവും ഉണ്ടാകും എന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ബിനോയ് കോലാന്ത്രയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കത്ത് സമർപ്പിച്ചിരുന്നു.

എന്നാൽ ഇപ്രാവശ്യം കൂടുതൽ മഴ ലഭിച്ചതിനാൽ നിലവിൽ പ്രദേശത്ത് ഉപ്പുവെള്ള ഭീഷണി ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അറിയിച്ചു.

പടിയൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ കാക്കാത്തുരുത്തിയിൽ ഷണ്മുഖം കനാലിന്റെ അറ്റത്താണ് ഉപ്പുവെള്ളം കനാലിൽ കയറാതിരിക്കാൻ പുളിക്കെട്ട് കെട്ടുന്നത്.

എല്ലാവർഷവും 5 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷണ്മുഖം കനാലിൽ പുളിക്കെട്ടും അനുബന്ധ ഇടക്കെട്ടുകളും നിർമ്മിക്കുന്നത്.

അമ്മന്നൂർ ഗുരുകുലത്തിന്റെ 39-ാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39-ാമത് കൂടിയാട്ടമഹോത്സവത്തിന് ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിൽ തുടക്കമായി.

ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

വേണുജി അധ്യക്ഷത വഹിച്ചു.

പി. നന്ദകുമാർ ‘പരമേശ്വരചാക്യാർ അനുസ്മരണവും’ കേളിരാമ ചന്ദ്രൻ ‘എടനാട് സരോജിനി നങ്ങ്യാരമ്മ’ അനുസ്മരണവും നടത്തി.

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിൽ ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് ഡോ. അപർണ നങ്ങ്യാർ അവതരിപ്പിച്ച ‘കംസവധം’ നങ്ങ്യാർകൂത്ത് അരങ്ങേറി.

നങ്ങ്യാർകൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, മേധ നങ്ങ്യാർ എന്നിവർ താളത്തിലും നങ്ങ്യാർകൂത്തിന് പശ്ചാത്തലമൊരുക്കി.

രണ്ടാം ദിവസമായ വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറും.

സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തും.

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ”കനിവ്” എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ സർക്കാർ സർവീസുകളുടെ സഹകരണത്തോടെ പ്രാണവേഗം (ഫയർ ആൻ്റ് റെസ്ക്യൂ), വർജ്യം (എക്സൈസ്), സേഫ്റ്റി സ്പാർക്ക് (കെ.എസ്.ഇ.ബി.), സഹജം സുന്ദരം (ഡ്രഗ്സ് കൺട്രോൾ വിഭാഗം) തുടങ്ങിയ പ്രോജക്ടുകൾ ചെയ്തു.

വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ഗ്രാമീണ മേഖലയിലെ വിവരശേഖരണം, ലഘു നാടകങ്ങൾ എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ കെ.പി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ആർ. സീമ, ഹെഡ്മിസ്ട്രസ്സ് പി.എസ്. ഷക്കീന, പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ്, ക്യാമ്പ് ലീഡർ ടി.എ. സ്വാലിഹ എന്നിവർ നേതൃത്വം നൽകി.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പുതുവത്സര ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ജസ്റ്റിൻ ജോൺ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, അനന്തകൃഷ്ണൻ, ഡേവിസ് ഷാജു, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, മണ്ഡലം ഭാരവാഹികളായ അഷ്‌കർ സുലൈമാൻ, ശ്രീജിത്ത്‌ എസ്. പിള്ള, എം.ജെ. ജെറോൺ തുടങ്ങിയവർ നേതൃത്വം നൽകി.

ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൻ്റെ മനം നിറച്ച് സൂരജ് നമ്പ്യാരുടെ ‘യയാതി’

ഇരിങ്ങാലക്കുട : കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി.

കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാത നർത്തകി മാളവിക സരൂക്കായ് ആണ്.

കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി.

മഹാഭാരതത്തിൽ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരീഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്.

പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്.

ചെന്നൈയിലെ ഭാരതീയ വിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി.

ത്രിപുടിയാണ് ‘യയാതി’യുടെ നിർമ്മാണ നിർവഹണം ചെയ്തത്.

പടിയൂരിനെ കരുത്തോടെനയിക്കാൻ കെ.പി. കണ്ണൻ

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. കണ്ണനെ തെരഞ്ഞെടുത്തു.

എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയെ പ്രതിനിധീകരിച്ച് 4-ാം വാർഡിലാണ് കണ്ണൻ ജനവിധി തേടിയത്.

വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. വിദ്യാർത്ഥി – യുവജന സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സിപിഐ പടിയൂർ നോർത്ത് ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറിയാണ്. 2015ൽ നാലാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്.

കാർഷിക- കാർഷികേതര രംഗത്തെ നിറസാന്നിധ്യമാണ് കണ്ണൻ.