ജീവനിയുടെ സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ സാധാരണക്കാർക്ക്‌ പ്രാപ്തമാക്കുന്നതിനുവേണ്ടിയുള്ള ജീവനിയുടെ ഉദ്യമത്തിൻ്റെ ഭാഗമായി തൃശൂർ തൈക്കാട്ട് മൂസ്‌ വക എസ്.എൻ.എ. ഔഷധശാലയുടെയും ജീവനിയുടെയും സംയുക്താഭിമുഖ്യത്തിൽ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു.

വല്ലച്ചിറ, ചേർപ്പ്, പറപ്പൂക്കര എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട 9 വാർഡുകളിലെ അർഹതയുള്ള 1000 കുടുംബങ്ങൾക്കാണ് കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്തത്.

ജീവനിയുടെ ഓഫീസ് അങ്കണത്തിൽ വെച്ച് നടന്ന യോഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.

ഔഷധ കഞ്ഞിക്കൂട്ടിന്റെ വിതരണോദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു.

ജീവനിയുടെ വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ജീവനിയുടെ മാനേജിംഗ് ട്രസ്റ്റി എം. രാജേന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുനിൽ പി. മേനോൻ നന്ദിയും പറഞ്ഞു.

നിരഞ്ജന എസ്. മേനോൻ്റെയും വാണിലക്ഷ്മിയുടെയും പ്രാർത്ഥനയോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്.

ജീവനിയുടെ സെക്രട്ടറി എ. പത്മനാഭൻ, ട്രഷറർ എം. സോമസുന്ദരൻ, ഭരണസമിതി അംഗം അഡ്വ. കെ. സുജേഷ്, വല്ലച്ചിറ പഞ്ചായത്ത് 6, 7, 8, 9, 10, വാർഡുകളിലെ മെമ്പർമാർ കെ.എസ്. സുജിത, സജിത ജിജേഷ്, വിശ്വൻ ചക്കോത്ത്, രശ്‌മി സുരേന്ദ്രൻ, സരോജിനി സുധാകരൻ, ചേർപ്പ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ കെ.ആർ. സിദ്ധാർത്ഥൻ, പറപ്പൂക്കര പഞ്ചായത്ത് 1, 19 വാർഡുകളിലെ മെമ്പർമാർ ജീന സലീഷ്, ഫ്രാൻസീസ് പടിഞ്ഞാറെത്തല എന്നിവർ ആശംസകളർപ്പിച്ചു.

നവരയരി, ചെറുപുന്നയരി, കൊത്തമ്പാലയരി, കുടകപ്പാലരി, വിഴാലരി, കാർകോകിലരി, ഏലത്തരി, ജീരകം, മല്ലി, പെരുംജീരകം, ഉലുവ, ആശാളി, തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻ വേര്, ചുക്ക്, കൊടുവേലി, അയമോദകം, ഇന്തുപ്പ്, ചെറൂള, ദേവദാരം എന്നിവയുടെ കൂട്ടാണ് കർക്കടക ഔഷധക്കഞ്ഞി.

കെ.വി. അഷ്ടമൂർത്തി പ്രസിഡന്റും എ. പത്മനാഭൻ സെക്രട്ടറിയും എം. സോമസുന്ദരൻ ട്രഷററും എം. ചന്ദ്രശേഖരൻ വൈസ് പ്രസിഡന്റും സുനിൽ പി. മേനോൻ ജോ. സെക്രട്ടറിയും എം. രാജേന്ദ്രൻ മാനേജിംഗ് ട്രസ്റ്റിയുമായ ജീവനിയുടെ ഭരണസമിതിയാണ് കഞ്ഞിക്കൂട്ട് വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുത്തത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ആർ.പി.എഫ്. ഉദ്യോഗസ്ഥൻ കെ.വി. സന്തോഷിനെ ആദരിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ആർ.പി.എഫ്. ഉദ്യോഗസ്ഥൻ കെ.വി. സന്തോഷിനെ പതിയാംകുളങ്ങര യുവജന സംഘം അരിപ്പാലം ദേശ കമ്മിറ്റി ആദരിച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ യുവതിയെ തന്റെ മനസ്സാന്നിധ്യം കൊണ്ട് സാഹസികമായാണ് സന്തോഷ് രക്ഷപ്പെടുത്തിയത്.

പതിയാംകുളങ്ങര യുവജന സംഘം അരിപ്പാലം ദേശ കമ്മിറ്റി അംഗങ്ങൾ കെ.വി. സന്തോഷിന്റെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് മൊമെൻ്റോ നൽകി ആദരിച്ചു.

കനത്ത മഴയിലും കാറ്റിലും പടിയൂരിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു

ഇരിങ്ങാലക്കുട : ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പടിയൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ കലവറപ്പറമ്പിൽ സീമോൻ പെരേരയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.

തെങ്ങ് വീടിന്റെ മേൽക്കൂരയിലേക്ക് വീണതിനെത്തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും മറ്റും അപകടം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഔഷധക്കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണവും, ദശപുഷ്പ പ്രദർശനവും നടത്തി.

സ്കൂളിലെ എല്ലാ കുട്ടികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, മെജോ പോൾ, എൻ.എൻ. രാമൻ, സജു കുറിയേടത്ത്, വി.വി. ശ്രീല, സുമിത, രമ കെ. മേനോൻ, ലത പി. മേനോൻ എന്നിവർ പ്രസംഗിച്ചു.

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ വിജയോത്സവം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
അംഗങ്ങളായ കെ.ജെ. ഡിക്സൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ സുനിത മുരളി, എ.എം. ജോൺസൺ, സി.എസ്. അജീഷ്, സുനിൽകുമാർ, വി.ആർ. ഷൈജു, മാനേജർ എ.എൻ. വാസുദേവൻ, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവർ പ്രസംഗിച്ചു.

ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റി

ഇരിങ്ങാലക്കുട : നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

എഐവൈഎഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, എം. സുധീർദാസ്, സി.കെ. ആരോമൽ, ദിൽജിത്ത്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

മാള മെറ്റ്സ് കോളെജിൽ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് നടത്തി

ഇരിങ്ങാലക്കുട : എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് “ഭൂമിക” മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ചു.

തൃശൂർ- പാലക്കാട്, എറണാകുളം മേഖലകളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരും വിദ്യാർഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

തൃശൂർ- പാലക്കാട് മേഖലാ എൻ.എസ്.എസ്. റീജിയണൽ കോർഡിനേറ്റർ പ്രൊഫ. ആർ. വിപിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു.

മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളെ സമൂഹസേവനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും സജ്ജരാക്കുന്നതിൽ എൻ.എസ്.എസ്. വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

“മനസ്സ് നന്നാകട്ടെ” എന്ന എൻ.എസ്.എസ്. മുദ്രാവാക്യം എല്ലാ മനുഷ്യരും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റനൂജ് എ. ഖാദർ, എറണാകുളം ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ പ്രൊഫ. കെ. സുജയ് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള എൻ.എസ്.എസ്. പ്രവർത്തകർ പങ്കെടുത്ത ചർച്ചകളും പരിശീലന സെഷനുകളും നടന്നു.

“സുസ്ഥിര ജീവനശൈലി”, “പരിസ്ഥിതി സംരക്ഷണം”എന്നീ വിഷയങ്ങളിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് ബയോ ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മധുവും, “നേതൃത്വപാടവം” എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളെജിലെ ഡോ. അരുൺ ബാലകൃഷ്ണനും കൂടിയാണ് സെഷനുകൾ കൈകാര്യം ചെയ്തത്.

ദേശീയ വിഭവ സംരക്ഷണം, ദുരന്തനിവാരണം, സാമൂഹിക പ്രതിബദ്ധത, സന്നദ്ധ സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ് സ്വാഗതവും റീജിയണൽ സ്റ്റുഡന്റ് കോർഡിനേറ്റർ ഫാത്തിമത്ത് മെഹ നന്ദിയും പറഞ്ഞു.

വായനപക്ഷാചരണം : അവിട്ടത്തൂർ സ്കൂളിൽ സംവാദം നടത്തി

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിൻ്റെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യകാരൻ
രാജൻ നെല്ലായി കുട്ടികളുമായി സംവദിച്ചു.

വായന ഏതെങ്കിലും ഒരാഴ്ചയിൽ ഒതുങ്ങുന്നതല്ല ജീവിതകാലം മുഴുവൻ കൂടെ നിർത്തേങ്ങ ഒന്നാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.

സൗഹൃദ പവർബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ
മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ,
കരിയർ ഗൈഡ് കോർഡിനേറ്റർ ഡി. ഹസിത, സൗഹൃദ ക്ലബ് കോർഡിനേറ്റർ വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.

വായനക്കുറിപ്പ് മത്സരം, പോസ്റ്റർ മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിദ്യാർഥികളായ
ആദിലക്ഷ്മി, ശ്രുതിലക്ഷ്മി എന്നിവർ
വായനവാര പരിപാടികൾ
വിശദീകരിച്ചു.

നടവരമ്പ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി.

നടവരമ്പ് ജനകീയ വായനശാലയും വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പി. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

‘അമ്മ വായന’ പരിപാടിയിൽ മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ അമ്മമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വി.എച്ച്.എസ്.ഇ. വിഭാഗം കുട്ടികൾ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.

ഹെഡ്മിസ്ട്രസ്സ് ഉഷ, വയനശാല ഭാരവാഹികളായ ഡേവിസ്, ലിയോൺ, സതീഷ്, ശ്യാമള, അധ്യാപിക ഷീബ എന്നിവർ പ്രസംഗിച്ചു.

വായന പക്ഷാചരണം: വായനശാല സന്ദർശനവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളുടെ വായനശാല സന്ദർശനം, പുസ്തക പ്രദർശനം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.

വായനശാല കമ്മിറ്റി അംഗവും ബാലവേദി കൺവീനറുമായ രമ്യ സുദർശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

യുവ സാഹിത്യകാരിയും ചിത്രകാരിയുമായ സൗഭിക രതീഷ് വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

സ്കൂൾ അധ്യാപകരായ മഞ്ജുഷ, സിന്ധ്യ എന്നിവർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി എം. ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിഹാബ് നന്ദിയും പറഞ്ഞു.