രക്ഷാകർതൃ സെമിനാർസംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പാറേക്കാട്ടുകര സെൻ്റ് മേരീസ് ദൈവാലയത്തിലെ മതബോധന യൂണിറ്റിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള
സെമിനാർ സംഘടിപ്പിച്ചു.

വികാരി ഫാ. ജോർജ്ജി തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജസ്റ്റിൻ വെട്ടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.

മതബോധന പ്രധാന അധ്യാപകൻ
സി.പി. ജോബി, മദർ സിസ്റ്റർ റാണി ഗ്രേയ്സ്, ജെൻസൻ കാവുങ്ങൽ, സിമി ജോബ് എന്നിവർ പ്രസംഗിച്ചു.

ഡിംപിൾ റീഷൻ ക്ലാസ്സ് നയിച്ചു.

പുതിയ പി.ടി.എ. ഭാരവാഹികളായി
ബൈജു ചെറിയാലത്ത്
(പ്രസിഡൻ്റ്), ഗ്ളാഡിസ് ഡെറിൻ (സെക്രട്ടറി), നിമ്മി ബോബൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

നിര്യാതനായി

ശങ്കരൻകുട്ടി നായർ

ഇരിങ്ങാലക്കുട : മൂർക്കനാട് മേലേടത്ത് (തെക്കേ ചേരിയിൽ) ശങ്കരൻകുട്ടി നായർ (80) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ആഗസ്റ്റ് 03) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : തങ്കം ചേരിയിൽ

മക്കൾ : പരേതനായ രാജേഷ് (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്), രതീഷ്

സിപിഐ കാറളം ലോക്കൽതല ജനറൽ ബോഡി യോഗം നടത്തി

ഇരിങ്ങാലക്കുട : സിപിഐ കാറളം ലോക്കൽതല ജനറൽ ബോഡി യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസി. സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേയ്ക്കാട്ട് വിനോദൻ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് കണ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.

മൂന്ന് ആനകൾക്കാണ് ആനയൂട്ട് നടത്തിയത്.

നൂറ് കണക്കിന് ഭക്തജനങ്ങൾ ആനയൂട്ടിൽ പങ്കെടുത്തു.

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ശ്രീരാമ പൂജ എന്നിവയും നടന്നു.

“പവിഴദ്വീപിലെ നക്ഷത്രങ്ങൾ”പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഊഫ് കരൂപ്പടന്നയുടെ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിച്ചു. റിട്ട. അധ്യാപിക ജാനകി രാമചന്ദ്രൻ ആദ്യ പുസ്തകം സ്വീകരിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ഖാദർ പട്ടേപ്പാടം പുസ്തക പരിചയം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അയ്യൂബ് കരൂപ്പടന്ന, പഞ്ചായത്ത് അംഗങ്ങളായ പ്രീതി ടീച്ചർ, ഷാജി ആറ്റാശ്ശേരി, രമേശ് മാടത്തിങ്കൽ, മുസമ്മിൽ, കരൂപ്പടന്ന സ്കൂൾ ഓർഡ് സ്റ്റുഡൻ്റ് അസോസിയേഷൻ രക്ഷാധികാരി ഉമ്മർ പിച്ചത്തറ, കരൂപ്പടന്ന ഗ്രാമീണ വായനശാല എക്സി. അംഗം വി.ജി. പ്രദീപ്, കരൂപ്പടന്ന ന്യൂഹീറോസ്, ക്ലബ്ബ് പ്രസിഡൻ്റ് എം.എ. മൈഷൂക്ക്, സലീം അറക്കൽ, വി.എ. നാസർ, ലീന ടീച്ചർ, സന്ധ്യ വിനോദ് എന്നിവർ പ്രസംഗിച്ചു.

വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എ.വി. പ്രകാശ് സ്വാഗതവും റഊഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.

ബഹ്റൈൻ പ്രവാസികളായ പ്രതിഭകളെക്കുറിച്ച് റഊഫ് എഴുതിയ കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകത്തിൻ്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ അക്കാ പുൽക്കോ പബ്ലിക്കേഷൻസ് ആണ്.

വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്.

ആനുരുളി ശിവ വിഷ്ണു ക്ഷേത്രത്തിൽ നക്ഷത്രവനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ആനുരുളി ശിവ വിഷ്ണു ക്ഷേത്രത്തിൽ നക്ഷത്രവനം ആരംഭിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ.കെ. സുരേഷ് ബാബു, ഉപദേശക സമിതി പ്രസിഡന്റ് കെ.എ. ഗംഗാദേവി, സിന്ധു വാര്യർ, ശിവൻ മണപ്പെട്ടി എന്നിവർ പ്രസംഗിച്ചു.

കാറളം നന്തി- തൂവാനം ടൂറിസം പദ്ധതി : കൊട്ടവഞ്ചി, കയാക് ട്രയൽ റൺ നടത്തി

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റെ നന്തി – തൂവാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കൊട്ടവഞ്ചിയുടെയും കയാക്കിന്റെയും ട്രയൽ റൺ നടത്തി.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.ബി. ഷെമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.

നന്തി തൂവാനത്തിന്റെ പ്രകൃതി സൗന്ദര്യവും ജലവിനോദ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊട്ടവഞ്ചിയും കയാക്കും ഉൾപ്പെടുത്തി ട്രയൽ റൺ സംഘടിപ്പിച്ചത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനോടൊപ്പം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകും.

നടവരമ്പിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബ്, ഇരിങ്ങാലക്കുട മാർകെയർ ഡയഗ്നോസ്റ്റിക് & പോളി ക്ലിനിക്ക്, മുല്ലശ്ശേരി വൈദ്യമന്ദിരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടവരമ്പിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലയൺസ് ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ഉചിത സുരേഷ് ആശംസകൾ അർപ്പിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.സി. തോമസ് നന്ദി പറഞ്ഞു.

വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധനയും സൗജന്യ ആയുർവേദ മരുന്നുകളുടെ വിതരണവും ക്യാമ്പിൽ ലഭ്യമാക്കി.

കൂടാതെ വെരിക്കോസ് വെയിൻ, ഡയബറ്റിക് അൾസർ, വെരിക്കോസ് അൾസർ, അസ്ഥി, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിശോധനയും സംഘടിപ്പിച്ചു.

ബി.പി, ഷുഗർ, കൊളസ്ട്രോൾ, ഡെന്റൽ വിഭാഗം, കാഴ്ച ശക്തി പരിശോധന, ഡയറ്റീഷ്യൻ സേവനം എന്നിവയും സൗജന്യമായി പൊതുജനങ്ങൾക്ക് നൽകിയതോടൊപ്പം ലബോറട്ടറി പരിശോധനകൾക്ക് ഇളവുകളും ക്യാമ്പിൽ നൽകി.

ടാക്കോ ക്രിയേഷൻസ് യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂർ ജില്ല കലാ സംസ്കാരിക സഹകരണ സംഘത്തിൻ്റെ ‘ടാക്കോ ക്രിയേഷൻസ്’ യൂട്യൂബ് ചാനൽ എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ പി. തങ്കപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സഹകരണ സംഘം നിർമ്മിച്ച ‘ഓരോ കുടന്ന പൂവിലും….’ എന്ന ഓണപ്പാട്ട് വീഡിയോ ആൽബം ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല ടീച്ചർ പ്രൊഫ. സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു.

താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ പ്രസിഡൻ്റ് ടി.കെ. ഉണ്ണികൃഷ്ണൻ, ഖാദർ പട്ടേപ്പാടം, എ.എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.

കല്ലേറ്റുംകര ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ് : മുഖ്യപ്രതി ബെഞ്ചമിനെ റിമാൻഡ് ചെയ്തു

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പോട്ട സ്വദേശിയായ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോട്ട മേലപ്പുറം വീട്ടിൽ ബെഞ്ചമിൻ (24) ആണ് റിമാന്റിലായത്.

തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടിൽ കിരൺ ബാബു (29), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അഭിറാം (27) എന്നിവർ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സമയം പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് ഇവരെ പ്രതികൾ അസഭ്യം പറയുകയും നികിനെയും കിരൺ ബാബുവിനെയും കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. ജൂലൈ 28ന് വൈകീട്ട് 3.15ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടൻ ബിരിയാണി കടയിൽ വെച്ചായിരുന്നു സംഭവം.

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളൂർ മാള വഴി ജംഗ്ഷന് സമീപം വെച്ച് പ്രതികൾ വാഹനാപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ബെഞ്ചമിനെ, ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.

കേസിലെ മറ്റൊരു പ്രതിയായ ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്.

ബെഞ്ചമിൻ ആളൂർ, ചാലക്കുടി, അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധികളിലായി പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.