മുരിയാട് ശബരിമല സംരക്ഷണ ജ്യോതി നടത്തി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി നടത്തി.

പ്രസിഡൻ്റ് ജെസ്റ്റിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപള്ളി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എബിൻ ജോൺ, ഗോകുൽ, അശ്വതി സുബിൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അജീഷ് കുഞ്ഞൻ, ടിജോ ജോൺസൺ, അമൽജിത്ത്, അഞ്ജു സുധീർ, യമുനാദേവി ഷിജു, കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡൻ്റ് മോളി ജേക്കബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.

സൗജന്യ കാൻസർ നിർണയ ക്യാമ്പ് 24ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ്, തിരുവനന്തപുരം റീജിണൽ കാൻസർ സെന്റർ, മുംബൈ ട്രിനിറ്റി ട്രാവൽസ് എന്നിവരും സംയുക്തമായി ജനുവരി 24 ശനിയാഴ്ച സേവാഭാരതി ഓഫീസിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

കാറളം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിജിൽ വിജയൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും.

പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9645744911, 9496649657 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

‘ജൻ ഗണ മൻ 2.0’ എൻ.സി.സി. എക്സ്പോ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ആർമി ഡേയുടെ ഭാഗമായി ‘ജൻ ഗണ മൻ 2.0’ എന്ന എൻ.സി.സി. എക്സ്പോ കോളെജ് ക്യാമ്പസിൽ സംഘടിപ്പിച്ചു.

രാജ്യരക്ഷ, ഇന്ത്യൻ സായുധ സേന, എൻ.സി.സി. പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യം.

23 കെ ബറ്റാലിയൻ എൻ.സി.സി.യുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ സുനിൽ നായർ എക്സ്പോ ഉദ്ഘാടനം ചെയ്തു.

ശാസനയും ദേശസ്നേഹവും ഉത്തരവാദിത്വബോധവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സന്ദേശം നൽകി.

രാഷ്ട്രനിർമാണത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും എൻ.സി.സി. പോലുള്ള പ്രസ്ഥാനങ്ങൾ അതിന് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സ്പോയിലെ പ്രധാന ആകർഷണം എൻ.സി.സി. കേഡറ്റുകൾ തയ്യാറാക്കിയ ചെറുമോഡലുകളായിരുന്നു. ഇന്ത്യൻ സേന, നാവികസേന, വ്യോമസേന എന്നിവയെ ആസ്പദമാക്കിയ മോഡലുകൾക്കൊപ്പം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളും തന്ത്രപ്രധാന പ്രവർത്തനങ്ങളുമാണ് അവതരിപ്പിച്ചത്.

എൻ.സി.സി. പരിശീലനം, ക്യാമ്പുകൾ, ഘടന എന്നിവ വ്യക്തമാക്കുന്ന മോഡലുകളും പ്രദർശിപ്പിച്ചു.

അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലഫ്റ്റനൻ്റ് ഡോ. ഫ്രാങ്കോ ടി. ഫ്രാൻസിസിൻ്റെ മേൽനോട്ടത്തിലും സീനിയർ കേഡറ്റ് ശബരിനാഥ് ജയൻ്റെ നേതൃത്വത്തിലുമായിരുന്നു പരിപാടി.

വിദ്യാർഥികളും സന്ദർശകരും സജീവമായി പങ്കെടുത്ത എക്സ്പോ ദേശസ്നേഹത്തിന്റെ ശക്തമായ സന്ദേശം നൽകിക്കൊണ്ടാണ് സമാപിച്ചത്.

കലാജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിട്ട ആർട്ടിസ്റ്റ് മോഹൻദാസിന് യുവകലാ സാഹിതിയുടെ സ്വീകരണം ഫെബ്രുവരി 28ന്

ഇരിങ്ങാലക്കുട : രാമുവും ശ്യാമുവും, മായാവി, ലുട്ടാപ്പി, കപീഷ് തുടങ്ങി നിരവധി ജനപ്രിയ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ഇരിങ്ങാലക്കുടക്കാരനായ എം. മോഹൻദാസ് തന്റെ കലാജീവിതത്തിൽ 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഫെബ്രുവരി 28ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകും.

28ന് ടൗൺ ഹാളിൽ വെച്ച് നടത്തുന്ന ചടങ്ങിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും ചുറ്റുപാടുമുള്ള കലാകാരന്മാർക്ക് അവരുടെ ചിത്രങ്ങളുടെ പ്രദർശനവും വില്പനയും നടത്തുവാനും അവസരമൊരുക്കും.

കലാസൃഷ്ടികൾ പ്രദർശിപ്പിക്കുവാൻ താല്പര്യമുള്ളവർ ജനുവരി 25ന് മുമ്പായി 97448 32277 (വി.പി. അജിത്കുമാർ), 94004 88317 (റഷീദ് കാറളം) എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ചാലക്കുടിയിൽ രാസലഹരിവേട്ട; അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കൊടകര സ്വദേശി പിടിയിൽ

ചാലക്കുടി : നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്ത് (21) പിടിയിൽ.

ചാലക്കുടി കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിൽ നിന്നുമാണ് പ്രതിയെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം പിടികൂടിയത്.

ചാലക്കുടി കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്.

സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടു മാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതിഭാസംഗമവും അനുമോദനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച സമുദായ അംഗങ്ങൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സംഗമേശ്വര ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗം വിജയൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച അംഗങ്ങളെ അഡ്വ. ഡി. ശങ്കരൻകുട്ടി അനുമോദിച്ചു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെയും യോഗത്തിൽ അനുമോദിച്ചു.

എൻ.എസ്.എസ്. ഹെഡ് ഓഫീസ് വിദ്യാഭ്യാസ ധനസഹായം, യൂണിയൻ വിദ്യഭ്യാസ ധനസഹായം, വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻ്റോവ്മെൻ്റുകൾ എന്നിവ വിതരണം ചെയ്തു.

രാമയണപാരായണ മത്സരങ്ങളിൽ വിജയിച്ചവരെയും, അത്തപ്പൂക്കള മത്സരത്തിൽ വിജയിച്ചവരെയും യോഗത്തിൽ അനുമോദിച്ചു.

യൂണിയൻ കമ്മറ്റി അംഗങ്ങളായ പി.ആർ. അജിത് കുമാർ, എ.ജി. മണികണ്ഠൻ, രവീന്ദ്രൻ കണ്ണൂർ, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, കമ്മിറ്റി അംഗങ്ങളായ ശ്രീദേവി മേനോൻ, രമാദേവി, പ്രതിനിധി സഭാഗം സി.ബി. രാജൻ എന്നിവർ പ്രസംഗിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും കമ്മിറ്റി അംഗം കെ. രാജഗോപാൽ നന്ദിയും പറഞ്ഞു.

“സേഫ് ഓട്ടോ” ; സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഓട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർമാരിൽ ജെൻഡർ ബോധം വളർത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ‘സേഫ് ഓട്ടോ’ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള തിരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

പരിപാടി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് തൃശൂർ റൂറൽ ജില്ലാ പൊലീസ് ഏറ്റവും ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നതിന്റെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരോട് മര്യാദയും ബഹുമാനവും പുലർത്തണം, അനാവശ്യ ചോദ്യങ്ങളും സ്വകാര്യ കാര്യങ്ങളിലേക്കുള്ള ഇടപെടലുകളും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ സ്ത്രീകൾക്ക് ആവശ്യമായ സഹായം നൽകണം. യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ ഇറക്കിവിടാവൂ എന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും 112 എന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയിൽ റൂറൽ ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യ സ്വാഗതം പറഞ്ഞു.

അഡ്വ. എ. അശ്വിൻ (ഡി.എൽ.എസ്.എ. തൃശൂർ) ജെൻഡർ സെൻസിറ്റൈസേഷൻ, സ്ത്രീ സുരക്ഷ, ഡ്രൈവർമാരുടെ നിയമബാധ്യതകൾ എന്ന സെഷൻ കൈകാര്യം ചെയ്തു.

പരിശീലനത്തിൽ പങ്കെടുത്ത വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ ഉഷയെ സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി ആദരിച്ചു.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : മാഗി

മക്കൾ : റീന, സീന, ജീന

മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

എൻ.എൽ. ജോൺസൻ്റെ മരണത്തിൽ സർവകക്ഷി അനുശോചനം

ഇരിങ്ങാലക്കുട : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി അംഗവുമായിരുന്ന എൻ.എൽ. ജോൺസന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ആർ. ബാലൻ, വി.പി. രവീന്ദ്രൻ, പി.ആർ. സുന്ദരൻ, എൻ.ഡി. പോൾ, ലത ചന്ദ്രൻ, കെ.എ. മനോഹരൻ, തോമസ് തത്തംപിള്ളി, വി.കെ. മണി, ശ്രീജിത്ത് പട്ടത്ത് എന്നിവർ പ്രസംഗിച്ചു.

“കായികമാകട്ടെ ലഹരി” ; ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി യുവമോർച്ച

ഇരിങ്ങാലക്കുട : വിവേകാനന്ദ ജയന്തി ദിനത്തിൽ ‘കായികമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി വിഷ്ണു ഗോമുഖം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം മുഖ്യാതിഥിയായി.

യുവമോർച്ച ജില്ലാ അധ്യക്ഷൻ കെ.എം. ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, വൈസ് പ്രസിഡൻ്റുമാരായ ആശിഷ, ജിനു, വിഷ്ണു ശാസ്താവിടം, വിഷ്ണു മേലൂർ, ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷൈബി, സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

16 ടീം പങ്കെടുത്ത ടൂർണമെന്റിൽ ബ്രൈറ്റ് ഫോർച്ച്യൂൺ എഫ്സി ബി ജേതാക്കളായി.

ബ്രൈറ്റ് ഫോർച്ച്യൂൺ എഫ്സി സി ആണ് റണ്ണേഴ്സ് കപ്പ് സ്വന്തമാക്കിയത്.