“പരിസരം നിർമ്മലം” പദ്ധതി സർക്കാർ തലത്തിൽ നടപ്പാക്കണം : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : പാതയോരങ്ങളിലുള്ള വീടിന്റെ പരിസരം സംരക്ഷിക്കേണ്ട ചുമതല വിട്ടുടമസ്ഥന് തന്നെയാകണമെന്ന നിയമവ്യവസ്ഥ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ആവശ്യപ്പെട്ടു.

ടാക്സ് പ്രാക്ടീഷണർമാർ അവരുടെ വീടുകളുടെ പാതയോരം സ്വയം ശുചിയാക്കുന്ന ”പരിസരം നിർമ്മലം” എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്.

പല വിദേശരാജ്യങ്ങളിലും വീടിനോട് ചേർന്നുള്ള റോഡരികും പാതയോരങ്ങളും വൃത്തിയായും മാർഗ്ഗതടസ്സമില്ലാതെയും സൂക്ഷിക്കേണ്ടത് വീട്ടുടമസ്ഥന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. നിയമം അനുസരിക്കാത്തവർക്ക് പിഴയും നിയമ നടപടികളും നേരിടേണ്ടി വരുന്ന സാഹചര്യവും വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വാർഡ് കൗൺസിലർ വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മേഖലാ പ്രസിഡന്റ്, കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിർവാഹക സമിതി അംഗം ഫ്രാൻസർ മൈക്കിൾ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ അക്കാഡമിക് കൗൺസിൽ ചെയർമാൻ അഡ്വ. പി. ഉണ്ണികൃഷ്ണൻ, പി.എസ്. രമേഷ് ബാബു, കെ. രതീഷ്, ജോജി ചാക്കോ, മൊഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു.

പുസ്തകചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രവാസി എഴുത്തുകാരൻ കാവല്ലൂർ മുരളീധരൻ രചിച്ച “തുന്നിച്ചേർക്കാത്ത വിരൽ”എന്ന ആത്മകഥാപരമായ നോവലിന്റെ ചർച്ചയും കവിയരങ്ങും സംഘടിപ്പിച്ചു.

കാവല്ലൂർ മുരളീധരൻ എഴുത്ത് അനുഭവവും, സംഗമസാഹിതി സെക്രട്ടറി അരുൺ ഗാന്ധിഗ്രാം, പ്രസിഡന്റ് റഷീദ് കാറളം, എഴുത്തുകാരായ സനോജ് രാഘവൻ, വേണുഗോപാൽ എടതിരിഞ്ഞി, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, ഷാജി മാസ്റ്റർ എന്നിവർ വായനാനുഭവങ്ങളും പങ്കുവെച്ചു.

പുസ്തകചർച്ചയ്ക്ക് മുൻപായി നടന്ന കവിയരങ്ങ് പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കൃഷ്ണകുമാർ മാപ്രാണം,
കെ. ദിനേശ് രാജ, ഹവ്വ ടീച്ചർ, വിജയൻ ചിറ്റേക്കാട്ടിൽ, സിന്റി സ്റ്റാൻലി, സി.ജി. രേഖ, കെ.എൻ. സുരേഷ്കുമാർ, വിനോദ് വാക്കയിൽ, സുവിൻ കൈപ്പമംഗലം, നോമി കൃഷ്ണ, ഗീത എസ്. പടിയത്ത്, ശ്രീലത രാജീവ്, ആശ യതീന്ദ്രദാസ്, എ.വി. കൃഷ്ണകുമാർ, മനോജ് വള്ളിവട്ടം, ഷൈജൻ കൊമ്പരുപറമ്പിൽ, സുമിഷ മുരിയാട്, രതി കല്ലട തുടങ്ങിയവർ പങ്കെടുത്തു.

അമ്മന്നൂർ ഗുരുകുലത്തിന്റെ 39-ാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39-ാമത് കൂടിയാട്ടമഹോത്സവത്തിന് ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിൽ തുടക്കമായി.

ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

വേണുജി അധ്യക്ഷത വഹിച്ചു.

പി. നന്ദകുമാർ ‘പരമേശ്വരചാക്യാർ അനുസ്മരണവും’ കേളിരാമ ചന്ദ്രൻ ‘എടനാട് സരോജിനി നങ്ങ്യാരമ്മ’ അനുസ്മരണവും നടത്തി.

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിൽ ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് ഡോ. അപർണ നങ്ങ്യാർ അവതരിപ്പിച്ച ‘കംസവധം’ നങ്ങ്യാർകൂത്ത് അരങ്ങേറി.

നങ്ങ്യാർകൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, മേധ നങ്ങ്യാർ എന്നിവർ താളത്തിലും നങ്ങ്യാർകൂത്തിന് പശ്ചാത്തലമൊരുക്കി.

രണ്ടാം ദിവസമായ വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറും.

സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തും.

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ ”കനിവ്” എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ സർക്കാർ സർവീസുകളുടെ സഹകരണത്തോടെ പ്രാണവേഗം (ഫയർ ആൻ്റ് റെസ്ക്യൂ), വർജ്യം (എക്സൈസ്), സേഫ്റ്റി സ്പാർക്ക് (കെ.എസ്.ഇ.ബി.), സഹജം സുന്ദരം (ഡ്രഗ്സ് കൺട്രോൾ വിഭാഗം) തുടങ്ങിയ പ്രോജക്ടുകൾ ചെയ്തു.

വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ഗ്രാമീണ മേഖലയിലെ വിവരശേഖരണം, ലഘു നാടകങ്ങൾ എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ കെ.പി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ആർ. സീമ, ഹെഡ്മിസ്ട്രസ്സ് പി.എസ്. ഷക്കീന, പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ്, ക്യാമ്പ് ലീഡർ ടി.എ. സ്വാലിഹ എന്നിവർ നേതൃത്വം നൽകി.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പുതുവത്സര ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ജസ്റ്റിൻ ജോൺ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, അനന്തകൃഷ്ണൻ, ഡേവിസ് ഷാജു, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, മണ്ഡലം ഭാരവാഹികളായ അഷ്‌കർ സുലൈമാൻ, ശ്രീജിത്ത്‌ എസ്. പിള്ള, എം.ജെ. ജെറോൺ തുടങ്ങിയവർ നേതൃത്വം നൽകി.

ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൻ്റെ മനം നിറച്ച് സൂരജ് നമ്പ്യാരുടെ ‘യയാതി’

ഇരിങ്ങാലക്കുട : കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി.

കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാത നർത്തകി മാളവിക സരൂക്കായ് ആണ്.

കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി.

മഹാഭാരതത്തിൽ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരീഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്.

പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്.

ചെന്നൈയിലെ ഭാരതീയ വിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി.

ത്രിപുടിയാണ് ‘യയാതി’യുടെ നിർമ്മാണ നിർവഹണം ചെയ്തത്.

ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ക്രിസ്തുമസ് ത്രിദിന ക്യാമ്പിന് തുടക്കമായി.

ബുധനാഴ്ച രാവിലെ അസംബ്ലിയോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി പതാക ഉയർത്തി.

കൗൺസിലർ സ്മിത കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എസ്പിസി പദ്ധതിയുടെ അധ്യാപക – രക്ഷാകർതൃ സമിതി അധ്യക്ഷൻ ബേബി അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ വി.പി.ആർ. മേനോൻ, രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ വച്ച് ജൂനിയർ കുട്ടികൾക്ക് ക്യാപ്പ് സെറിമണി നടത്തി.

ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഷാജി എസ്പിസി ക്യാമ്പ് നടത്തിപ്പിനെ പറ്റിയും എസ്പിസി പദ്ധതി രൂപീകരിക്കുന്നതിനുണ്ടായ സാഹചര്യങ്ങൾ, എസ്പിസി പദ്ധതിയുടെ ആവശ്യകത, എങ്ങനെയാകണം എസ്പിസി കേഡറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമാക്കി.

പ്രധാന അധ്യാപിക കെ.പി. സീന സ്വാഗതവും സിപിഒ ശ്രീകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സുവർണ്ണമെഡൽ നേടിയ സ്കൂൾ പൂർവ വിദ്യാർഥിനി അയന സന്തോഷ് കളരിപ്പയറ്റ് പരിശീലനം നൽകി.

ക്രൈസ്റ്റ് കോളെജ് ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അതുല്യയും സാന്ദ്രയും ചേർന്ന് ‘എന്താണ് ജെൻഡർ ഇക്വാലിറ്റി’ എന്നും ‘എങ്ങനെയാണ് ജെൻഡർ ഇക്വാലിറ്റി പരിശീലിക്കേണ്ടത്’ എന്നും കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

തുടർന്ന് സീനിയർ, ജൂനിയർ കുട്ടികൾ ക്യാമ്പസ് ക്ലീനിങ് പ്രവർത്തനം നടത്തി.

72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം : സഹകരണ സെമിനാർ ജനുവരി 1ന്

ഇരിങ്ങാലക്കുട : 72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം, ചാലക്കുടി താലൂക്ക്തല സഹകരണ സെമിനാറും സഹകാരികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ജനുവരി 1ന് ഇരിങ്ങാലക്കുട എസ്.എൻ. ഹാളിൽ നടക്കും.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റിയംഗം ലളിത ചന്ദ്രശേഖരൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയാകും.

നഗരസഭ ചെയർമാനായി എം.പി. ജാക്സൺ ഡിസംബർ 26ന് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റെങ്കിലും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നോട്ടീസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പേർ ചേർക്കാതെ വിട്ടത് ശരിയായില്ലെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്.

പെൺകുട്ടികൾക്കായി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ ആയാമിൻ്റെ നേതൃത്വത്തിൽ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കു വേണ്ടി കിഷോരി വികാസ് പഠനശിബിരം സംഘടിപ്പിച്ചു. 

ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ചു നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു. 

കൗൺസിലർ ആര്യ സുമേഷ് ശിബിരം ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത ഗൈനക്കോളജിസ്റ്റും റിട്ട. സിവിൽ സർജനുമായ

ഡോ. പത്മ വാര്യർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 

ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 13നും 23നും വയസ്സിനിടയിലുള്ള അമ്പതിൽപരം കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്. 

സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗമായ രാജിലക്ഷ്മി സുരേഷ്ബാബു സ്വാഗതവും ട്രഷറർ ഐ രവീന്ദ്രൻ നന്ദിയും പറഞ്ഞു. 

സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, വിദ്യാഭ്യാസ ആയാമിൻ്റെ കൺവീനർ ശ്രീകല കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ പി. മോഹനൻ, ജഗദീശ് പണിക്കവീട്ടിൽ, ഒ.എൻ. സുരേഷ്, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, ടിൻ്റു സുഭാഷ്, റിട്ട. ഗൈനക്കോളജിസ്റ്റ് ഡോ. ഷീല, കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ “വർണ്ണക്കുട”യുടെ കൊടിയിറങ്ങി

ഇരിങ്ങാലക്കുട : വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവം ”വർണ്ണക്കുട”യുടെ കൊടിയിറങ്ങി.

അഞ്ച് ദിവസങ്ങളിലായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ അരങ്ങേറിയ വർണ്ണക്കുടയുടെ സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർപേഴ്സനും മന്തിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

‘ഉപ്പും മുളകും’ ഫെയിം ശിവാനി, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ടോപ്പ് സിംഗർ ബഹുമതി നേടിയ ഭാവയാമി, “പ്രാവിൻ കൂട്” സിനിമയുടെ സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സി.ബി.എസ്.ഇ. കലോത്സവം കലാതിലകം വൈഗ സജീവ് എന്നിവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മനു, ശിവൻകുട്ടി, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, റോസ്‌ലി ഫ്രാൻസിസ്, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പ്രോഗ്രാം കൺവീനർ കെ.ആർ. വിജയ, തഹസിൽദാർ സിമീഷ് സാഹു എന്നിവർ പങ്കെടുത്തു.

വേദിയിൽ മോഹൻദാസ് പാറയിലിൻ്റെ കഥാസമാഹാരം ‘പഹൽഗാമിലെ കുതിരലാടം’ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

സമാപനദിവസം ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച നാദസംഗമം, തൊച്ചൊം ഇബിമുബി ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി ഡാൻസ്, ‘താമരശ്ശേരി ചുരം’ മ്യൂസിക് ബാൻ്റ് എന്നിവ അരങ്ങേറി.

മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് “മാനവമൈത്രി ജ്വാല” തെളിയിച്ചു കൊണ്ടായിരുന്നു അഞ്ച് ദിവസം നീണ്ടു നിന്ന സാംസ്‌കാരികോത്സവത്തിന് വർണ്ണാഭമായ സമാപനം കുറിച്ചത്.