ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് രാത്രി 9 മണി മുതൽ 6 ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു

കൊരട്ടി : നാഷണൽ ഹൈവേ 544ൽ മുരിങ്ങൂർ- കൊരട്ടി- ചിറങ്ങര അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ഇന്ന് (ഏപ്രിൽ 18) രാത്രി 9 മണി മുതൽ തുടർച്ചയായി 6 ദിവസത്തേക്ക് ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പടിഞ്ഞാറു വശത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും പകരം കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തിവിടുകയും ചെയ്യും.

ഇതിൻ്റെ പശ്ചാത്തലത്തിൽ കൊരട്ടി മേഖലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി കടന്നുപോകാനുമാണ് ഗതാഗത ക്രമീകരണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്നും തിരിഞ്ഞ് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമിന് പുറമെ ഗതാഗത ക്രമീകരണങ്ങൾക്കായി കൊരട്ടി എസ്എച്ച്ഒ ഹബീബുള്ള അടക്കം 10 പൊലീസ് ഉദ്യോഗസ്ഥരെയും 10 ട്രാഫിക് വാർഡൻമാരെയും 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെയും ഗതാഗതം സുഗമമാക്കാൻ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *