ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് പരാതിക്കാർക്ക് നൽകുന്നതിൽ 2025- 2026 വർഷത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി തൃശൂർ റൂറൽ പൊലീസ്.
സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി മൂന്ന് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയോളമാണ് തൃശൂർ റൂറൽ പൊലീസ് തിരികെ പിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് നൽകിയത്.
സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് നഷ്ടപ്പെടുന്ന പണം വേഗത്തിൽ തിരിച്ചുപിടിച്ച് നൽകുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.
2023ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാന തലത്തിൽ 2025- 2026 വർഷത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ റൂറൽ ജില്ലാ പൊലീസ് മൂന്നാം സ്ഥാനത്തുണ്ട്. 2025ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായുള്ള സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസ് നാലാം സ്ഥാനത്തുമുണ്ട്.
പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ മികവിനു പിന്നിൽ.
ഈ നിർണ്ണായക നേട്ടം കൈവരിക്കുന്നതിനായി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പരാതികളിലുമായി നഷ്ടപ്പെട്ട പണത്തിൽ നിന്ന് ആകെ 5,03,61,394 രൂപ തിരിച്ച് പിടിച്ച് പരാതിക്കാർക്ക് നൽകാൻ റൂറൽ പൊലീസിന് സാധിച്ചു. ഇതിൽ 2,11,84,372 രൂപ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പണമാണ്.
സൈബർ തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടാൻ പൊതുജനങ്ങൾ ഒ.ടി.പി., പാസ്വേർഡ് വിവരങ്ങൾ പങ്കുവെക്കരുത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. (വൺ ടൈം പാസ്വേർഡ്), സി.വി.വി. തുടങ്ങിയ രഹസ്യവിവരങ്ങൾ ഫോൺ വഴിയോ മെയിൽ വഴിയോ ആരുമായും പങ്കുവെക്കാതിരിക്കുക, ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; സമ്മാനങ്ങൾ, ലോട്ടറികൾ, അവിശ്വസനീയമായ ഓഫറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്, ആവശ്യമില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്, ആധികാരികമല്ലാത്ത ആപ്പുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട് എന്നീ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്.
ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ https://cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.












Leave a Reply