ഇരിങ്ങാലക്കുട : അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോവിനെ കൈ പിടിച്ചുയർത്താൻ ഒറ്റക്കെട്ടായി മുന്നേറുമെന്ന തീരുമാനവുമായി നാട്ടുകാർ.
കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിപുലമായ യോഗത്തിലാണ് സമരാഹ്വാനവുമായി നാട്ടുകാർ ഒറ്റക്കെട്ടായി മുന്നോട്ടു വന്നത്.
ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട പന്ത്രണ്ടോളം റെസിഡൻ്റ്സ് അസോസിയേഷനുകളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.
മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.
വളർച്ചയുടെ വിവിധ ഘട്ടങ്ങൾ താണ്ടിയ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. വളർച്ചയിലേക്കു പോകാതെ വീണ്ടും തകർച്ചയിലേക്ക് പോകുന്നതിനെതിരെ നാട്ടുകാർ ജാഗ്രതാപൂർവ്വം ഇടപെട്ടില്ലെങ്കിൽ പടിഞ്ഞാറൻ മേഖലയുടെ വികസനം നഷ്ടപ്പെടുമെന്നും, സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.
നഗരസഭാ കൗൺസിലർമാരായ ടി.വി. ചാർളി, കെ.എം. സന്തോഷ്, അഡ്വ. കെ.ജി. അജയ്കുമാർ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, ജിനൻ പണിക്കശ്ശേരി, ഹേമചന്ദ്രൻ, ലേഖ പാലയ്ക്കൽ, ബിജോയ് നെല്ലിപ്പറമ്പിൽ, രഘു, സമിതി ജനറൽ കൺവീനർ എം.കെ. സേതുമാധവൻ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
സെൻ്റിന് കേവലം 400 രൂപ നിരക്കിൽ തളിയക്കാട്ടിൽ മുകുന്ദൻ മേനോൻ്റെ ഭാര്യയായ ഭവാനി അമ്മ കെ.എസ്.ആർ.ടി.സി.ക്ക് വിട്ടു കൊടുത്ത രണ്ടര ഏക്കർ സ്ഥലം നശിപ്പിച്ചു കളയാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, എന്തു വില കൊടുത്തും കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ താൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും ഭവാനി അമ്മയുടെ മകൻ ഹരികുമാർ തളിയക്കാട്ടിൽ പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.
Leave a Reply