നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി “സ്നേഹക്കൂട്” പദ്ധതി

ഇരിങ്ങാലക്കുട : വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങൾ.

അവർക്കായി ഒരുക്കിയ സ്‌നേഹക്കൂട് വീടിന്റെ ഗൃഹപ്രവേശം മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വ്വഹിച്ചു.

“സ്‌നേഹക്കൂട്” ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണമാണ് ഇതോടെ പൂർത്തിയായത്.

ഏറെ നാളായി സ്വന്തമായി തല ചായ്ക്കാന്‍ വീടില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുരുന്നുകൾക്ക് കൈത്താങ്ങായിരിക്കുകയാണ് ഇരിങ്ങാലക്കുട എം എൽ എ യും മന്ത്രിയുമായ ഡോ ആർ ബിന്ദു നേതൃത്വം നൽകുന്ന ‘സ്‌നേഹക്കൂട്’ പദ്ധതി.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്.

നടവരമ്പ് അംബേദ്കര്‍ കോളനിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്‌നേഹക്കൂടിലൂടെ ആശ്വാസ തണല്‍ ഒരുങ്ങിയത്.

നടവരമ്പ് സ്‌കൂളിലെ വി എച്ച് എസ് ഇ, ഹയര്‍ സെക്കന്ററി, എല്‍ പി എന്നീ ക്ലാസുകളിലാണ് മൂന്ന് സഹോദരങ്ങള്‍ പഠിക്കുന്നത്.

മൂന്ന് കുട്ടികളെയും ഏറെ കഷ്ടപ്പെട്ടാണ് അമ്മയായ സജിനി നോക്കിവരുന്നത്.

ഇരിങ്ങാലക്കുട നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌നേഹക്കൂട് ഒരുക്കിയത്.

എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ വിവിധ ചാലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്‌നേഹക്കൂട് ഭവനം നിര്‍മ്മിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ സഹായിക്കുകയാണ് സ്നേഹക്കൂട്.

കല്ലംകുന്നിൽ നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദീലീപ് മുഖ്യാതിഥിയായിരുന്നു.

ഭവന നിർമ്മാണം ഏറ്റെടുത്ത സുരേഷ് അമ്മനത്തിനെയും ഇംഗ്ലീഷ് അധ്യാപികയും ദീർഘകാലം നടവരമ്പ് സ്കൂളിലെ എൻ എസ് എസ് കോർഡിനേറ്ററുമായിരുന്ന ഷക്കീലയെയും പൊന്നാട അണിയിച്ച് ആദരിച്ചു.

വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, ജില്ലാ എൻ എസ് എസ് പ്രതിനിധികളായ ഡോ ടി വി ബിനു, ഇ ആർ രേഖ, പി ടി എ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, ഒ എസ് എ പ്രസിഡന്റ് പ്രദീപ് മേനോൻ, സജീവൻ മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർ, പ്രിൻസിപ്പൽ എം കെ പ്രീതി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ എസ് സുമ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *