കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസ് : പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പഴങ്ങാട്ടുവേലി സ്വദേശി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷിനെ ആക്രമിച്ച കേസ്സിലെ പ്രതികൾ പിടിയിൽ.

എരിശ്ശേരി പാലം കൊട്ടേക്കാട് വീട്ടിൽ ബനേഷ്കുമാർ മകൻ സ്നേഹിൽ, കൊട്ടിക്കൽ കുട്ടോത്ത് വീട്ടിൽ സുനി മകൻ നിഖിൽ, നോർത്ത് പറവൂർ തേവാലിയിൽ വീട്ടിൽ സതീശൻ മകൻ ഹരികൃഷ്ണൻ, കാട്ടാകുളം തേക്കിലക്കാട്ടിൽ സുനി മകൻ പ്രവീൺ എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 19ന് രാത്രി 8.30ഓടെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ചാണ് സംഭവം.

രണ്ട് മോട്ടോർ സൈക്കിളിലായി വന്നവർ അജീഷിൻ്റെ തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.

സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരുടെയും സമീപവാസികളുടെയും സാക്ഷിമൊഴികൾ ശേഖരിച്ചിരുന്നു.

രൂപസാദൃശ്യം മനസ്സിലാക്കി സംശയിക്കാവുന്ന വ്യക്തികളെ കേന്ദ്രീകരിച്ചും, ബൈക്കിൻ്റെ സവിശേഷത മനസ്സിലാക്കി വർക്ക്ഷോപ്പുകളിലും സമീപപ്രദേശങ്ങളിലും നടത്തിയ അന്വഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സാലീം, ഉദ്യോഗസ്ഥരായ മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *