മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ : സദാനന്ദന് സംരക്ഷണമൊരുങ്ങി

ഇരിങ്ങാലക്കുട : നഗരസഭ 7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി.

വയോധികനായ സദാനന്ദൻ (68) പ്രായത്തിന്റെ അവശതയും, സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയും മൂലം ഏറെ നാളുകളായി ബുദ്ധിമുട്ടിലായിരുന്നു.

ലോട്ടറി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷാജിയാണ് ഈ വിഷയം മന്ത്രി ഡോ ആർ ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

ഒറ്റപ്പെട്ട വയോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗം ഉറപ്പാക്കാൻ മന്ത്രി തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകി.

ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപന്റെ നിർദ്ദേശ പ്രകാരം ഓർഫനേജ് കൗൺസിലർ സദാനന്ദന്റെ ജീവിത സാഹചര്യങ്ങളെ പറ്റി അന്വേഷണം നടത്തുകയും റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു.

സദാനന്ദൻ വിവാഹിതനും മൂന്നു പെൺകുട്ടികളുടെ പിതാവും ആണ്. കഴിഞ്ഞ 23 വർഷമായി സദാനന്ദൻ ഒറ്റയക്കാണ് താമസിച്ച് വന്നിരുന്നത്. ഇടതു കൈയ്ക്കും ഇടതു കാലിനും തളർച്ചയും ബുദ്ധിമുട്ടും വന്നതോടെ ജോലിക്കു പോവാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു സദാനന്ദന്റെ ജീവിതം.

കുടുംബപ്രശ്നങ്ങൾ മൂലം വീട് വീട്ടിറങ്ങിയ സദാനന്ദൻ പിന്നീട് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ അവിടെയും രണ്ടു പ്രായമായവർ മാത്രം ഉള്ളതിനാലാണ് തനിയ്ക്ക് സംരക്ഷണം ഒരുക്കണം എന്നറിയിച്ചത്.

തുടർന്നാണ് വിഷയം
ഷാജി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി വകുപ്പ് സദാനന്ദനെ കോട്ടപ്പടിയിലുള്ള അഭയഭവൻ എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി.

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബിഷ്, അജയകുമാർ (സി പി എം ബ്രാഞ്ച് സെക്രട്ടറി, കുറുപ്പം റോഡ് ), രവീന്ദ്രൻ (ബന്ധു) ജീവൻ ലാൽ (സിപിഎം ലോക്കൽ സെക്രട്ടറി) എന്നിവർ ചേർന്ന് സദാനന്ദനെ അഭയഭവൻ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *