ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന നടത്തി.
പുലർകാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട്’ എന്ന പേരിൽ, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്.
പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അതിൽ വൃത്തിഹീനമായ സാഹചര്യത്തിലും തൊഴിലാളികൾക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് (ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ്) അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.
പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ കെ ലാലുമോൻ, കെ എസ് ഷിഹാബുദ്ദീൻ, കെ എ സ്മാർട്ട്, വി എസ് സുജിത്ത് എന്നിവർ നേതൃത്വം നൽകി.
ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ലഭിക്കുക, ഭക്ഷ്യവസ്തു നിർമ്മാതാക്കൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യങ്ങളോടെ വീടുകളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണനം ചെയ്യുന്ന ഇടങ്ങളിലുള്ള പരിശോധന തുടരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ കെ യു രാജേഷ് അറിയിച്ചു.
Leave a Reply