ഇരിങ്ങാലക്കുട : നിർമ്മാണോദ്ഘാടനം കഴിഞ്ഞ് 8 മാസം പിന്നിട്ടിട്ടും മഹാത്മാഗാന്ധി പാർക്ക് നിർമ്മാണം എവിടെയും എത്താത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നു.
കൗൺസിലർ സ്മിത കൃഷ്ണകുമാർ മുൻകൈയെടുത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രഫണ്ടായ 35 ലക്ഷം രൂപ ലഭ്യമാക്കിയാണ് പാർക്കിൻ്റെ നവീകരണം ആരംഭിച്ചത്.
42 സെൻ്റിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പാർക്കിൽ കുട്ടികൾക്കുള്ള പാർക്ക്, ഓപ്പൺ ജിം, ബാഡ്മിൻ്റൺ കോർട്ട് എന്നിവയാണ് ഒരുക്കുന്നത്.
എന്നാൽ ഇതുവരെ നടപ്പാതയുടെ കോൺക്രീറ്റിടൽ മാത്രമാണ് ചെയ്തിരിക്കുന്നത്. പാർക്കിന്റെ കവാടത്തിനായി പടുത്തുയർത്തിയ രണ്ട് കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും പാതിയിലായി നിലച്ചിരിക്കുകയാണ്.
മാത്രമല്ല, നിർമ്മാണ പ്രവർത്തികൾ നടക്കാതായതോടെ പാർക്കിന്റെ പല ഭാഗങ്ങളും വീണ്ടും കാടുകയറി തുടങ്ങി.
നടപ്പാത കട്ട വിരിക്കൽ, ഫെൻസിംഗ്, കവാടം എന്നിവയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്ന കരാറുകാരൻ പൂർത്തിയാക്കേണ്ട പ്രവർത്തികൾ. ഇത് ജൂലൈ 31നുള്ളിൽ തീർക്കുമെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു.
എന്നാൽ മഴ കാരണമാണ് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതെന്നും ഓണത്തിന് മുൻപായി പ്രവർത്തികൾ പൂർത്തീകരിക്കുമെന്നുമാണ് കരാറുകാരൻ തന്നെ അറിയിച്ചിരിക്കുന്നത് എന്ന് കൗൺസിലർ സ്മിത കൃഷ്ണകുമാർ പറഞ്ഞു.
കരാറുകാരന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതിനുശേഷം മാത്രമേ കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ബാഡ്മിൻ്റൺ കോർട്ട് എന്നിവയുടെ നിർമ്മാണം നടത്താൻ കഴിയൂ.









Leave a Reply