ഓപ്പറേഷൻ സൈ – ഹണ്ട് : 18 കേസുകൾ രജിസ്റ്റർ ചെയ്തു ;18 പേർ പിടിയിൽ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ സൈബർ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ ‘ഓപ്പറേഷൻ സൈ – ഹണ്ട്’ പരിശോധനയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ പിടികൂടുകയും ചെയ്തു.

ഇവരിൽ നിന്നും 3 മൊബൈൽ ഫോണുകൾ, 7 ബാങ്ക് പാസ് ബുക്കുകൾ, 2 എ.ടി.എം. കാർഡുകൾ, 4 ചെക്ക് ബുക്കുകൾ എന്നിവ പിടിച്ചെടുത്തു.

സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ പിടികൂടാനായി നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ- ഹണ്ട്.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടതായി കണ്ടത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ബോധ്യപ്പെട്ട ആളുകൾ, എ.ടി.എം. ചെക്കുകൾ എന്നിവ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പിൽപ്പെട്ട പണം ട്രാൻസ്ഫർ ചെയ്ത് കൊടുത്ത് അനധികൃതമായി സാമ്പത്തികനേട്ടം ഉണ്ടാക്കിയവർ, ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കു നൽകി കമ്മീഷൻ കൈപ്പറ്റിയവർ എന്നിവരാണ് പിടിയിലായത്.

സൈബർ മാഫിയാ സംഘങ്ങൾ സാധാരണക്കാരെയും സ്ത്രീകളെയും സമീപിച്ച് ചെറിയ തുക കമ്മീഷൻ വാഗ്ദാനം ചെയ്ത്, അവരുടെ ബാങ്ക് അക്കൗണ്ടുകൾ രാജ്യവ്യാപകമായി സൈബർ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം, ഡി.സി.ആർ.ബി. ഡിവൈഎസ്പി കെ.പി. ബെന്നി എന്നിവരുടെ നിർദേശപ്രകാരമാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി 26 റെയ്ഡുകൾ നടത്തിയത്.

പ്രതികൾ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണമുണ്ടാകും.

മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാതു സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്യും.

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക നേട്ടത്തിനായി മറ്റുള്ള ആളുകൾക്ക് കൈമാറുന്നത് ഗൗരവമേറിയ ക്രിമിനൽ കുറ്റകൃത്യമാണ്. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ ടോൾഫ്രീ നമ്പറായ 1930-ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *