ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.
നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.
വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.
ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.
ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.
മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.
Leave a Reply