വാഗസ് അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റ് : മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കൾ

ഇരിങ്ങാലക്കുട : കരൂപ്പടന്ന ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് വാഗസ് ക്ലബ്‌ സംഘടിപ്പിച്ച കാസ്കോ കപ്പിന് വേണ്ടിയുള്ള പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംകുട്ടി സാഹിബ്‌ മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കളായി.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ.ഡി.എസ്. കിഴിശ്ശേരിയെ പരാജയപ്പെടുത്തിയാണ് മലപ്പുറം സൂപ്പർ സ്റ്റുഡിയോ ജേതാക്കളായത്.

ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.

ലഹരിക്കെതിരെ സംഘടിപ്പിച്ച സ്നേഹ ലഹരി ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ജിജേഷ് വാഗസിന്റ 1000 സൗജന്യ ഡയാലിസിസ് കിറ്റ് പദ്ധതിയിലേക്കുള്ള ഫണ്ട്‌ നിധീഷ് കുട്ടൻ അപ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ ഷാജി സമ്മാനദാനം നിർവ്വഹിച്ചു.

ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ഫസ്‌ന റിജാസ്, ഷഹീൻ കെ. മൊയ്‌തീൻ, പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ ഗഫൂർ ഹാജി, കാസ്കോ റഹീബ്, മനോജ്‌ അന്നിക്കര, ഫഹദ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.

ക്ലബ് സെക്രട്ടറി കെ.എം. ഷമീർ സ്വാഗതവും പ്രസിഡന്റ്‌ വി.ഐ. അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

കൊടകരയിൽ മർമ്മചികിത്സാ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം : മർമ്മചികിത്സാ കേന്ദ്രത്തിന്റെ ഉടമസ്ഥൻ പിടിയിൽ

ഇരിങ്ങാലക്കുട : വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മർമ്മചികിത്സാ കേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യനെ (47) പോലീസ് അറസ്റ്റു ചെയ്തു.

ഏപ്രിൽ 15ന് ഉച്ചയ്ക്ക് 12.30 മണിയോടെ വലതു കൈയ്ക്കുണ്ടായ തരിപ്പിന് ചികിത്സയ്ക്കായി ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തിയതാണ് തൃക്കൂർ സ്വദേശിയായ യുവതി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാതിക്രമം ചെയ്യുകയുമായിരുന്നു.

കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ്, എ.എസ്.ഐ. മാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ലോക റെക്കോർഡിൻ്റെ തിളക്കമാർന്ന രണ്ട് പൊൻതൂവൽ കൂടി കിരീടത്തിൽ ചാർത്തി നടവരമ്പ് ഗവ സ്കൂൾ

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 105 വർഷങ്ങൾ പിന്നിടുമ്പോൾ, ലോക റെക്കോഡിൻ്റെ തിളക്കമാർന്ന രണ്ട് പൊൻതൂവൽ കൂടി കിരീടത്തിൽ ചാർത്തിയിരിക്കുകയാണ്. 

മാതൃവിദ്യാലയത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത പൂർവ്വ വിദ്യാർഥി സംഘടനയുടെ പ്രവർത്തന മികവിൻ്റെ സാക്ഷ്യപ്പെടുത്തലാണ് ഈ രണ്ട് റെക്കോഡുകൾ.

ഏപ്രിൽ 5, 6 തിയ്യതികളിലായി നടന്ന പൂർവ്വവിദ്യാർഥി മഹാസംഗമം ”ശതസംഗമം -2025” എന്ന സമാനതകളില്ലാത്ത പരിപാടി വിദ്യാലയ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരജ്വാലയേറ്റു വാങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ചേക്കേറിയവർ ഒരേ മനസ്സോടെ ഒത്തുചേർന്ന ആ ദിനങ്ങൾ ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്.

വിദ്യാലയം ലോക റെക്കോഡ് കൈവരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും,

സുവനീർ പ്രകാശനവും, ശതാബ്ദി മന്ദിര പദ്ധതി പ്രഖ്യാപനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. 

സംഘാടകസമിതി ചെയർമാനും കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ വിശിഷ്ടാതിഥിയായി. 

പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോൻ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രാജേഷ് നന്ദിയും പറഞ്ഞു. 

യോഗത്തിൽ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ ഒത്തു ചേർന്നു. 

തുടർന്ന് കൈക്കൊട്ടിക്കളി, പൂർവ വിദ്യാർഥികളുടെ സംഗീതവിരുന്ന്, നാടകം, ഓർക്കസ്ട്ര എന്നിവ അരങ്ങേറി.

“കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ്” : ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് ഏപ്രിൽ 26ന്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “കിക്ക് ഔട്ട് ഡ്രഗ്സ്, കിക്ക് ഓഫ് ലൈഫ്” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏപ്രിൽ 26ന് വൈകീട്ട് 6 മണിക്ക് ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും.

ഇംപിരിയ ആക്സിസ് വിന്നേഴ്സ് ട്രോഫിക്കും എ.എം.ആർ. ഇന്റർനാഷണൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കാട്ടുങ്ങച്ചിറ യു.ബി.എഫ്. ടർഫിൽ നടത്തുന്ന ടൂർണമെന്റ് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.

വാര്യർ സമാജം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് സമാജം യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ തുറന്നു.

സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, കെ. ഉണ്ണികൃഷ്ണ വാര്യർ, വി.വി. സതീശൻ, ഗീത ആർ. വാര്യർ, പി.വി. ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.

കനകമല തീര്‍ത്ഥാടനം സംഘടിപ്പിച്ച് കെ.സി.വൈ.എം.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനകമല തീര്‍ത്ഥാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തര, മോണ്‍. ജോളി വടക്കന്‍, കനകമല വികാരി ഫാ. മനോജ് മേക്കാടത്ത്, കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോണ്‍ ബെന്നി, വൈസ് ചെയര്‍പേഴ്‌സണ്‍ ഡയാന ഡേവിസ്, ട്രഷറര്‍ എ.ജെ. ജോമോന്‍, ജോയിന്റ് സെക്രട്ടറി സാന്ദ്ര വര്‍ഗീസ്, സെനറ്റ് അംഗം ആല്‍ബിന്‍ ജോയ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഐറിന്‍ റിജു, വനിതാ വിംഗ് കണ്‍വീനര്‍ മരിയ വിന്‍സന്റ്, യൂണിറ്റ് പ്രസിഡന്റ് സ്റ്റെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കെ.എ. സുരേഷ്, ലോചനൻ അമ്പാട്ട്, പി.എസ്. അനിൽകുമാർ, കവിത ബിജു, കെ.കെ. അജയകുമാർ, വിനീത ടിങ്കു, സരസ്വതി രവി (വൈസ് പ്രസിഡന്റുമാർ), കെ.പി. ഉണ്ണികൃഷ്ണൻ, കെ.പി. ജോർജ്ജ്, കൃപേഷ് ചെമ്മണ്ട (ജനറൽ സെക്രട്ടറിമാർ), വിപിൻ പാറമേക്കാട്ടിൽ, അജീഷ് പൈക്കാട്ട്, റിമ പ്രകാശൻ, അഡ്വ. ആശ രാമദാസ്, പ്രഭ ടീച്ചർ, കെ.എസ്. സിബിൻ, എം.എസ്. ശ്യാംജി (സെക്രട്ടറിമാർ), കെ.ആർ. വിദ്യാസാഗർ (ട്രഷറർ), കെ.കെ. ശ്രീജേഷ് (സോഷ്യൽ മീഡിയ കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിൽ ഫെസിലിറ്റേഷന്‍ സെന്റര്‍

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.

ഹെഡ് ക്ലാര്‍ക്ക് കെ.വി. ദീപ, പഞ്ചായത്ത് സാക്ഷരതാ പ്രേരക് ഉഷ മധു എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവര്‍ക്കു നേരെ ആക്രമണം : കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെ നടക്കുന്ന ആക്രമണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കരുവന്നൂര്‍ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍വശത്ത് പന്തം കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.

പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, വൈസ് പ്രസിഡന്റ് ഷാബു വിതയത്തില്‍, വാള്‍ട്ടന്‍ പോട്ടോക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലഹരിയുടെ പ്രചാരകര്‍ ഒരു സമൂഹത്തിന്റെ കൊലയാളിയാണ് : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ലഹരിയുടെ പ്രചാരകര്‍ ഒരു സമൂഹത്തെയാണ് കൊന്നെടുക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജന സംഘടനകളായ കെ.സി.വൈ.എം., സി.എല്‍.സി., ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരെയുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ജീവിതം അമൂല്യമാണ്, അത് തല്ലിക്കെടുത്തരുത്, മയക്കുമരുന്നില്‍ മരുന്നില്ല മരണമാണെന്ന യാഥാര്‍ത്ഥ്യം ഏവരും തിരിച്ചറിയണം.

സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് നിശ്ചയദാര്‍ഢ്യത്തോടും ആത്മവിശ്വാസത്തോടും കൂടെ ലഹരിക്കെതിരെയുള്ള പേരാട്ടം ശക്തമാക്കണം. അതിലൂടെ സുന്ദരമായ ഒരു ഭാവിതലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കണമന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കെ.സി.വൈ.എം. പ്രസിഡന്റ് ഗോഡ്‌സണ്‍ റോയ്, സി.എല്‍.സി. പ്രസിഡന്റ് അജയ് ബിജു, ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ തോമസ്, ട്രസ്റ്റി സി.എം. പോള്‍, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപ്പുഴക്കാരന്‍, കെ.സി.വൈ.എം. ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.