ഇരിങ്ങാലക്കുട : മതിയായ ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെൻ്ററിലെ ടിക്കറ്റ് ക്യാഷ് കൗണ്ടർ പൂട്ടി.
ഇവിടെ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ ഫോൺ സന്ദേശത്തിലൂടെ കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. സർവീസ് കുറവാണെന്നാണ് കാരണം കാണിച്ചിരുന്നത്.
ഉണ്ടായ ജീവനക്കാരെ പിരിച്ചുവിട്ട് പകരം ജീവനക്കാരെ നിയോഗിക്കാത്തതിലാണ് ഇപ്പോൾ ടിക്കറ്റ് കൗണ്ടർ പൂട്ടേണ്ടി വന്നത്.
ജീവനക്കാരുടെ അലവൻസ്, ഹാജർ എന്നിവ രേഖപ്പെടുത്താൻ ക്ലർക്ക് ഇല്ലാത്തതിനാൽ പ്രതിദിന അലവൻസും ശമ്പളവും മുടങ്ങുന്ന സ്ഥിതിയുമാണ്. ഇത് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്ററിന്റെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കും എന്നതിൽ സംശയമില്ല.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യുടെ ഉയർത്തെഴുന്നേൽപ്പിനായി സ്ഥലം എംഎൽഎയും മന്ത്രിയുമായ ഡോ. ആർ. ബിന്ദു ഇടപെടുന്നില്ല എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.
Leave a Reply