ഇരിങ്ങാലക്കുട : പടിയൂർ വൈക്കം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഉരുളികൾ കവർന്ന മോഷ്ടാക്കൾ പിടിയിൽ.
ജനുവരി 21നാണ് സംഭവം. ക്ഷേത്ര വാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആക്രി എടുക്കാൻ വരുന്ന ബംഗാൾ സ്വദേശികളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് മോഷണം നടത്തി ഉൾവഴികളിലൂടെ മോട്ടോർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളിലൂടെ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.
മതിലകം പള്ളിവളവിലൂടെ പടിയൂർ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെ വളവനങ്ങാടി സെന്ററിൽ വച്ച് പൊലീസ് വളഞ്ഞു പിടിക്കുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന് പിന്തുണ നൽകി കളവ് മുതലുകൾ വിൽക്കാൻ സഹായിക്കുന്ന രണ്ടു പേരെ കൂടി അസ്മാബി കോളെജിനു സമീപത്ത് നിന്നും പിടികൂടിയിട്ടുണ്ട്.
ഇവർ വിറ്റ തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
തൃശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻപെക്ടർ ഇ ആർ ബൈജു ആണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ് ഐ ബാബു, പ്രൊ എസ് ഐ സനദ്, എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐ അസാദ്, എസ് സി പി ഒ ധനേഷ്, നിബിൻ, ബിന്നൽ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Leave a Reply