ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി. കൂട്ടമായി എത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേത്തലയ്ക്കല്‍ നീലാംബരന്‍, തെക്കേത്തലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിന്‍ തൈകളും കപ്പയും പന്നിക്കൂട്ടം നശിപ്പിച്ചു.
എട്ടോളം പന്നികളെ കഴിഞ്ഞ 3 ദിവസമായി മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച് ഡി പി സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്നു. കാടുകയറി കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രിയാണ് കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.
രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ ആളുകളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ.
കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തി.
പന്നികളെ തുരത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply