തൃശൂർ : കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു നൽകാൻ ജയിൽ പരിസരത്തെത്തിയ വിഷ്ണു ചെന്നു പെട്ടത് തോക്കുധാരിയുടെ മുന്നിൽ. അകത്തേക്ക് കടക്കാതെ പൊതി അകത്തെത്തിക്കാൻ നോക്കിയ വിഷ്ണുവും അങ്ങനെ അപ്രതീക്ഷിതമായി അകത്തായി.
ലഹരിപ്പൊതിയുമായി തക്കംപാർത്ത് ജയിലിന് പുറത്ത് പതുങ്ങി ഇരിക്കുകയായിരുന്ന വിഷ്ണു പുറം സെക്യൂരിറ്റി ഐ ആർ ബി പൊലീസിന്റെ മുന്നിൽ ചെന്ന് പെടുകയായിരുന്നു.
ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെട്ടെന്ന് മലമൂത്രവിസർജ്ജനത്തിനായി കാട്ടിൽ പതുങ്ങിയതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്തായി.
വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് റിമാൻഡും ചെയ്തു.
തിരുവന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണു (32) പലതവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ്.
ഇനി വിഷ്ണുവിന് ലഹരി എത്തിക്കാൻ എത്തുന്ന അടുത്ത ചങ്ങാതിക്കായുള്ള കാത്തിരിപ്പിലാണ് ജയിൽ ഉദ്യോഗസ്ഥർ.
Leave a Reply