ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണിയെ കുറിച്ചു പഠിക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം ചുറ്റുമുള്ള വീടുകളിലെ കിണറുകളിലേക്കിറങ്ങി ജീവനു തന്നെ ഭീഷണിയായ വിധത്തിൽ കുടിവെള്ളം മലിനമായതിനെ തുടർന്ന് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കാട്ടൂർ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയോടൊപ്പം പ്രദേശത്തെ മണ്ണും പരിശോധിക്കും.
കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം സമീപവാസികളുടെ കുടിവെള്ളം മലിനമാകുന്നതിനെതിരെ നാളെ (ജൂലൈ 6) രാവിലെ 10 മണിക്ക് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.
തുടർന്ന് മിനി എസ്റ്റേറ്റിന് സമീപമുള്ള എം.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരിക പരിസ്ഥിതി നിയമ വിദഗ്ധനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. പൗരൻ ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി പ്രവർത്തക ഡോ. ആശ, ബൽക്കീസ് ബാനു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
തിങ്കളാഴ്ച്ച മുതൽ കമ്പനികൾക്കു മുൻപിൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
സമരത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Leave a Reply